ന്യൂഡൽഹി ∙ ആരോഗ്യരംഗത്തെ അസമത്വം ഭിന്നശേഷിക്കാരുടെ ആയുസ്സ് 20 വർഷം വരെ കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ലോകത്താകെ 130 കോടി ഭിന്നശേഷിക്കാരുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആരോഗ്യസ്ഥാപനങ്ങളിലും മറ്റും തുടരുന്ന അസമത്വം, ഭിന്നശേഷിക്കാരിൽ അകാല മരണവും ഉയർന്ന രോഗസാധ്യതയും സൃഷ്ടിക്കുന്നു.
ശാരീരിക പരിമിതികൾക്കൊപ്പം ഗുരുതര രോഗങ്ങളും ആസ്മ, വിഷാദം, പ്രമേഹം, പൊണ്ണത്തടി, വായ്‌രോഗങ്ങൾ, പക്ഷാഘാതം എന്നിവയും അപകടസാധ്യത ഇരട്ടിയാക്കുന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതു പ്രധാനമാണെന്നു സൂചിപ്പിക്കുന്നതാണു ഭിന്നശേഷിക്കാരുടെ എണ്ണത്തിലുള്ള വർധന.
ആശുപത്രികളുടെയും പരിചരണം നൽകുന്നവരുടെയും നിഷേധാത്മക മനോഭാവം, ആരോഗ്യവിവരങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതി, ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്താൻ കഴിയാത്ത സാമ്പത്തികാവസ്ഥ എന്നിവയാണ് ആരോഗ്യ അസമത്വത്തിന്റെ പ്രധാന കാരണങ്ങളായി റിപ്പോർട്ടിൽ പറയുന്നത്. ചെറുകിട– ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ഭിന്നശേഷിക്കാരിലെ 80% ജീവിക്കുന്നത്.
English Summary: Differently abled health inequality may reduce their life