ADVERTISEMENT

ന്യൂഡൽഹി ∙ റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ബ്രോക്കർമാർക്കുമായി ‘ഒരു രാജ്യം, ഒറ്റ ലൈസൻസ്’ രീതി നടപ്പാക്കുന്നതിന്റെ നിയമവശം പരിശോധിക്കാൻ കേന്ദ്ര നഗരവികസന മന്ത്രാലയം തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

കഴിഞ്ഞദിവസം ചേർന്ന, ദേശീയ ഉപദേശക സമിതി യോഗം വിഷയം ചർച്ച ചെയ്തു. തുടർന്നാണ് ഇക്കാര്യത്തി‍ൽ നിയമോപദേശം തേടാൻ നഗരവികസന മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി നിർദേശിച്ചത്.

ഒരു സംസ്ഥാനത്തുനിന്നു നേടുന്ന ലൈസൻസ് ഇന്ത്യയിലെവിടെയും ബാധകമാക്കുക, ലൈസൻസ് ഫീസ് ഏകീകരിക്കുക എന്നീ ആവശ്യങ്ങളുടെ നിയമവശമാണു പരിശോധിക്കുക.

ലൈസൻസിങ് ദേശീയ തലത്തിൽ ഏകീകരിക്കണമെന്ന വിഷയം റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ ഏറെ നാളായി ആവശ്യപ്പെടുന്നതാണ്. ലൈസൻസ് നേടിയ അരലക്ഷത്തോളം പേരാണുള്ളതെങ്കിലും ഇതില്ലാതെ 20 ലക്ഷത്തോളം പേർ റിയൽ എസ്റ്റേറ്റ് രംഗത്തുണ്ടെന്നാണ് നാഷനൽ അസോസിയേഷൻ ഫോർ റീട്ടെയ്‍ലേഴ്സ് വ്യക്തമാക്കുന്നത്.

ഇടപാടു നടത്താൻ ലൈസൻസ് നിർബന്ധം

നിയമപ്രകാരം, ഓരോ സംസ്ഥാനത്തും റജിസ്ട്രേഷൻ നടത്തി ലൈസൻസ് എടുത്ത ശേഷമേ ഏജന്റുമാർക്കും ബ്രോക്കർമാർക്കും ഇടപാടു നടത്താൻ അനുവാദമുള്ളൂ. റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യങ്ങളിലും ബ്രോഷറുകളിലുമെല്ലാം റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ റജിസ്റ്റർ ചെയ്ത നമ്പർ പ്രസിദ്ധീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. റജിസ്ട്രേഷൻ ഇല്ലാതെ പരസ്യം നൽകുകയോ ഇടപാടു നടത്തുകയോ ചെയ്താൽ പിഴയുണ്ട്.

ഒന്നിലധികം സംസ്ഥാനത്തു റിയൽ എസ്റ്റേറ്റ് ഇടപാടു നടത്തുന്നവർക്ക് ഓരോ സംസ്ഥാനത്തും പ്രത്യേകം ലൈസൻസ് നേടേണ്ട ബുദ്ധിമുട്ടാണ് ഉന്നയിക്കപ്പെട്ടത്. പല സംസ്ഥാനങ്ങളിലും ലൈസൻസ് നേടാൻ വലിയ ഫീസും നൽകണം. 10,000 മുതൽ 2.5 ലക്ഷം രൂപ വരെയാണു ലൈസൻസ് ഫീസ്.

English Summary: Single licence for real estate agents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com