ADVERTISEMENT

ന്യൂഡൽഹി ∙ ‘ന്യൂഡൽഹി’ എന്നു സ്ഥലപ്പേരു നൽകി, ന്യൂഡൽഹിയിലിരുന്നാണ് ഈ വാർത്ത എഴുതുന്നതെങ്കിലും ന്യൂഡൽഹിയിലല്ല നഗരസഭാ തിരഞ്ഞെടുപ്പു നടന്നതും ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷം നേടിയതും. അതെല്ലാം ഡൽഹിയിലാണ്; ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ.

ഡൽഹി സംസ്ഥാനത്തെ 3 പ്രദേശങ്ങളായാണു വിഭജിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവനും പാർലമെന്റും മന്ത്രാലയങ്ങളും മറ്റുമുള്ള ‘ലുട്യൻസ് ഡൽഹി’ എന്നു പലരും വിളിക്കുന്ന ന്യൂഡൽഹി. എംപിമാരുടെയും മന്ത്രിമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ബംഗ്ലാവുകളും മറ്റും ഇവിടെയാണ്. ഈ പ്രദേശത്തെ നിയന്ത്രിക്കുന്ന ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിലേക്കു തിരഞ്ഞെടുപ്പില്ല. കേന്ദ്രം നിയമിക്കുന്ന അധ്യക്ഷനും മുഖ്യമന്ത്രി, ന്യൂഡൽഹി എംപി, ഈ പ്രദേശത്തെ ഏതാനും നിയമസഭാ മണ്ഡലങ്ങളിൽനിന്നുള്ള എംഎൽഎമാർ എന്നിവരൊക്കെയാണ് ഇതിലെ അംഗങ്ങൾ.

സൈന്യത്തിന്റെ ഭാഗികനിയന്ത്രണത്തിലുള്ള കന്റോൺമെന്റാണ് മറ്റൊന്ന്. കന്റോൺമെന്റ് ബോർഡിൽ തിരഞ്ഞെടുക്കപ്പെട്ട 8 അംഗങ്ങളുണ്ട്. അത്രയും തന്നെ പേർ സൈന്യവും കേന്ദ്രസർക്കാരും നിയമിക്കുന്ന അംഗങ്ങളും. അധ്യക്ഷൻ ഡൽഹി ഏരിയ കമാൻഡറായ സൈനിക ഉദ്യോഗസ്ഥനാണ്.

സാധാരണ ജനങ്ങളെന്നോ ഡൽഹി നിവാസികളെന്നോ വിളിക്കാവുന്ന ആളുകൾ താമസിക്കുന്ന ഡൽഹിയാണ് മൂന്നാമത്തേത്. ഇവിടെയാണു തിരഞ്ഞെടുപ്പു നടന്നത്.

ഈ ഡൽഹി തന്നെ ഏതാനും മാസം മുൻപു വരെ സൗത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി, നോർത്ത് ഡൽഹി എന്നീ 3 മുനിസിപ്പൽ കോർപറേഷനുകൾ ആയിരുന്നു. മൂന്നും ബിജെപി ഭരിച്ചിരുന്നവ. ഡൽഹി സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് ഇവയെ പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ ഒറ്റ നഗരസഭ ആക്കിയതും ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയതും. താരതമ്യേന ധനികർ വസിക്കുന്ന സൗത്ത് ഡൽഹിയെ അപേക്ഷിച്ച് മറ്റു 2 കോർപറേഷനുകൾക്കും വരുമാനം കുറവായതിനാൽ വികസനം തുല്യമല്ലെന്നു വാദിച്ചാണ് ഇവയെ കേന്ദ്രം ഒന്നാക്കിയത്.

ഒറ്റ മുനിസിപ്പാലിറ്റിയാക്കി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാൽ മുകളിലുള്ള കേന്ദ്രത്തിൽനിന്നും താഴെയുള്ള മുനിസിപ്പൽ കോർപറേഷനിൽനിന്നും തങ്ങളുടെ മേൽ സമ്മർദം ചെലുത്താനായിരുന്നു ബിജെപി ശ്രമിച്ചതെന്നാണ് ആം ആദ്മികളുടെ വാദം. പഴയ വാർഡുകളെ ബിജെപിക്ക് അനുകൂലമായ രീതിയിലാണ് പുനർനിർണയിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. ഏതായാലും തിരഞ്ഞെടുപ്പിൽ ആം ആദ്മി വിജയിച്ചതോടെ താഴെനിന്നുള്ള സമ്മർദം ഒഴിവാകുമെന്നതു കേജ്‌രിവാളിന് വലിയൊരു ആശ്വാസമാണ്.

എന്നാൽ ഡൽഹിയുടെ ഭരണം സംബന്ധിച്ച അടിസ്ഥാന ആശയക്കുഴപ്പങ്ങളും വടംവലികളും ഇനിയും തുടരും. ഡൽഹി ഒരു സംസ്ഥാനമാണെങ്കിലും മറ്റു സംസ്ഥാന ഭരണകൂടങ്ങളുടെ അധികാരങ്ങൾ പലതുമില്ല. ഒരു പൊലീസുകാരനെപ്പോലും നിയമിക്കാനോ സ്ഥലം മാറ്റാനോ ഡൽഹി മുഖ്യമന്ത്രിക്ക് അധികാരമില്ല. പൊലീസും ക്രമസമാധാനവും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൈവശം വച്ചിരിക്കയാണ്.

സംസ്ഥാനത്തെ ഒരിഞ്ചു ഭൂമിയുടെമേൽ പോലും കൈവശാധികാരമോ ഭരണാധികാരമോ സംസ്ഥാന സർക്കാരിനില്ല. ഭൂമിയുടെ നിയന്ത്രണം കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹി ഡവലപ്മെന്റ് അതോറിറ്റിക്കാണ്. പൊലീസും ഭൂമിയും തങ്ങൾക്കു കൈമാറണമെന്നതു സംസ്ഥാനത്തിന്റെ പണ്ടേയുള്ള ആവശ്യമാണ്

ഇനിയുമുണ്ട് ആശയക്കുഴപ്പം. റോഡുകൾ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്, റോഡിലൂടെ ഓടുന്ന ബസുകൾ സംസ്ഥാന സർക്കാരിന്റേത്. റോഡുകളുടെ വശങ്ങളിലുളള തെരുവുവിളക്കുകളും അഴുക്കുചാലുകളും മുനിസിപ്പാലിറ്റിയുടേത്. എന്നാൽ, അഴുക്കുചാലുകളിൽനിന്നും മറ്റു സ്രോതസ്സുകളിൽനിന്നും വരുന്ന മാലിന്യം സുരക്ഷിതമായി സംസ്കരിക്കേണ്ടതും മറ്റും സംസ്ഥാനത്തിന്റെ ചുമതല. ഇതിൽപോലും മാലിന്യസംസ്കരണം സംബന്ധിച്ചു കേന്ദ്രം നിയമിച്ച ലഫ്റ്റനന്റ് ഗവർണറും സംസ്ഥാനഭരണകൂടവും തമ്മിൽ മറ്റൊരു വടംവലിയും നടക്കുന്നുണ്ട്.

സ്കൂളുകളുടെ കാര്യമാണ് അതിലും രസം. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം മുനിസിപ്പൽ കോർപറേഷന്റെ ചുമതല, ആറാം ക്ലാസ് മുതൽ സംസ്ഥാന സർക്കാരിന്റെയും. ഫണ്ട് നൽകിയാൽ മുനിസിപ്പൽ സ്കൂളുകളും തങ്ങൾ നടത്താമെന്ന് സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Delhi election poll result and administration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com