ന്യൂഡൽഹി ∙ 156 സീറ്റുമായി നാലിൽ മൂന്നു ഭൂരിപക്ഷം, തുടർച്ചയായി ഏഴാമതും ഭരണം – സീറ്റുകളുടെ എണ്ണത്തിലും ഭരണത്തുടർച്ചയിലും റെക്കോർഡോടെ ഗുജറാത്തിൽ ബിജെപിയുടെ ആധികാരിക വിജയം. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനവുമായി കോൺഗ്രസ് 17 സീറ്റിലൊതുങ്ങി. 1990 ലെ 33 സീറ്റായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും മോശം പ്രകടനം. ആം ആദ്മി പാർട്ടി 5 സീറ്റ് നേടി.
സൗരാഷ്ട്ര– കച്ച്, വടക്കൻ ഗുജറാത്ത്, മധ്യ ഗുജറാത്ത്, തെക്കൻ ഗുജറാത്ത് എന്നിങ്ങനെ 4 മേഖലകളിലും ബിജെപിക്കു വൻ വിജയം നേടി. കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ആം ആദ്മി പാർട്ടി പിടിച്ച വോട്ട് നിർണായകമായി.
കോൺഗ്രസിന്റെ വോട്ട് വിഹിതം 41.4 % ആയിരുന്നത് 27.28% ആയി ഇടിഞ്ഞു. ആനുപാതികമായി ആം ആദ്മി പാർട്ടിയുടേത് 0.01 ശതമാനത്തിൽനിന്ന് 12.92 % ആയി കൂടുകയും ചെയ്തു. ബിജെപിയുടെ വോട്ട് വിഹിതം 49.05% ആയിരുന്നത് ഇക്കുറി 52.5% ആയി.
182 സീറ്റുള്ള ഗുജറാത്തിൽ 1985 ൽ കോൺഗ്രസ് നേടിയ 149 സീറ്റായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ബിജെപിയുടെ ഇതിനു മുൻപുള്ള ഏറ്റവും മികച്ച പ്രകടനം 2002 ൽ ആയിരുന്നു– 127 സീറ്റ്.
കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച 77 സീറ്റുകളിൽ മിക്കതിലും ഇക്കുറി ബിജെപി വിജയിച്ചു. നിശ്ശബ്ദ പ്രചാരണത്തെ ആശ്രയിച്ച കോൺഗ്രസ് പല സിറ്റിങ് സീറ്റുകളിലും മൂന്നാമതായി. ആം ആദ്മി പാർട്ടിക്ക് സീറ്റുകൾ കുറവാണെങ്കിലും ഒട്ടേറെ മണ്ഡലങ്ങളിൽ രണ്ടാമതെത്തി.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗെത്‌ലോഡിയ മണ്ഡലത്തിൽ 1,92,263 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. പിസിസി വർക്കിങ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി വഡ്ഗാമിൽ ആദ്യം പിന്നിലായിരുന്നെങ്കിലും ഒടുവിൽ 3857 വോട്ടിനു ജയിച്ചു. കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽ 51,707 വോട്ടിനും അൽപേഷ് ഠാക്കൂർ ഗാന്ധിനഗർ സൗത്തിൽ 43,064 വോട്ടിനും ജയിച്ചു. കോൺഗ്രസ് വിട്ട എംഎൽഎമാരിൽ അശ്വിൻ കോട്വാൽ മാത്രമാണു തോറ്റത്. ജാംനഗർ നോർത്തിൽ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി ടിക്കറ്റിൽ ജയിച്ചു.
പ്രതിപക്ഷ നേതാവ് സുഖ്റാം റാഠ്‌വ ജെട്പുരിൽ പരാജയപ്പെട്ടു. ഈ മേഖലയിൽ കഴിഞ്ഞതവണ കോൺഗ്രസ് നേടിയ 3 സീറ്റുകളും ബിജെപിക്കാണ്. മത്സരിച്ച മന്ത്രിമാരെല്ലാം ജയിച്ചു. ബിജെപി പുതുമുഖങ്ങളെ പരീക്ഷിച്ച 38 മണ്ഡലങ്ങളിൽ ഭൂരിഭാഗത്തിലും ജയം. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗദ്‌വിയും സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇറ്റാലിയയും തോറ്റു.
ബിജെപി വിമതർ ബയാഡിലും (ധവൽസിങ് സാല), വാഘോഡിയയിലും (ധർമേന്ദ്ര സിങ് വഗേല) ജയിച്ചു. വാഘോഡിയയിൽ ബിജെപിയുടെ മറ്റൊരു വിമതനായ സിറ്റിങ് എംഎൽഎ മധു ശ്രീവാസ്തവ നാലാമതായി.
പുതിയ സർക്കാർ തിങ്കളാഴ്ച
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പുതിയ സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുക്കും. ഭരണത്തുടർച്ചയിൽ ബംഗാളിലെ സിപിഎമ്മിന്റെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ഗുജറാത്തിലെ ബിജെപിയും. 1998 മുതൽ തുടർച്ചയായി വിജയം.
English Summary: Gujarat Assembly Election Result 2022