ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു വിജയത്തിൽ ഗുജറാത്തിലെ സകല റെക്കോർ‍ഡുകളും തകർത്ത് ബിജെപിയുടെ തേരോട്ടം. സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം സീറ്റുകൾ നേടിയാണു തുടർച്ചയായ ഏഴാം തവണയും ബിജെപി താമര വിരിയിച്ചത്. 1985 ൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേടിയ 149 സീറ്റ് എന്ന റെക്കോർഡ് ആണ് ബിജെപി തിരുത്തിയത്. മറുവശത്ത് ഗുജറാത്തിലെ ഏറ്റവും വലിയ തോൽവിയിലേക്കു കോൺഗ്രസ് വീണു.

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി എന്നിവയുടെ പേരിലുള്ള എതിർപ്പ് സംസ്ഥാനത്ത് പ്രകടമായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി ബിജെപി അവയെല്ലാം മറികടന്നു. തൂക്കുപാലം തകർന്ന് 137 പേർ മരിച്ച മോർബിയിലും ബിജെപി വിജയിച്ചു. റോഡ് ഷോകളും സമ്മേളനങ്ങളുമായി സംസ്ഥാനത്തുടനീളം മോദി പ്രചാരണം നയിച്ചു. അണിയറ രാഷ്ട്രീയ നീക്കങ്ങൾക്കു ചുക്കാൻ പിടിച്ച് അമിത് ഷായും രംഗത്തിറങ്ങിയതോടെ പാർട്ടിയുടെ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വരെ കാഴ്ചക്കാരായി. 2017 ൽ പട്ടേൽ പ്രക്ഷോഭത്തിന്റെ ബലത്തിൽ കോൺഗ്രസ് നേടിയ 77 സീറ്റിലെ വിജയം ഇക്കുറി ആവർത്തിക്കരുതെന്ന് ഉറപ്പിച്ചാണു ബിജെപി പോരിനിറങ്ങിയത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടെത്തിയതു ബിജെപിക്കു നേട്ടമായി. ബിജെപി പട്ടേലുകളെ പിടിച്ചതോടെ, ഇതര പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) ഒപ്പം നിർത്തി നഷ്ടം നികത്താൻ കോൺഗ്രസ് ശ്രമിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിനൊപ്പമുള്ള ഏതാനും ഒബിസി നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ചു.

സംസ്ഥാനത്ത് കോൺഗ്രസിനെ മറികടന്ന് മുഖ്യ പ്രതിപക്ഷമാകാൻ ലക്ഷ്യമിട്ടിറങ്ങിയ ആം ആദ്മി പാർട്ടി പക്ഷേ, 5 സീറ്റിലൊതുങ്ങി. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുധൻ ഗഢ്‌വി, സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ എന്നിവരടക്കം തോറ്റു. സ്വാധീന മേഖല എന്ന് കേജ്‍രിവാളും സംഘവും അവകാശപ്പെട്ട സൂറത്തിലും പാർട്ടി വീണു. സംസ്ഥാനത്ത് 12.91% വോട്ട് നേടിയതിൽ ആശ്വാസം കണ്ടെത്തുകയാണ് ആം ആദ്മി. ബിജെപിയുടെ വോട്ട് ബാങ്ക് ആയ മധ്യവർഗ വോട്ടർമാരെ തന്നെയാണ് ആം ആദ്മിയും ലക്ഷ്യമിട്ടത്. ‘കോൺഗ്രസിന്റെ വോട്ട് ഭിന്നിപ്പിക്കാൻ ആം ആദ്മി സഹായിക്കും; പക്ഷേ, അവർ ഒരുപരിധിക്കപ്പുറം വളരുന്നില്ലെന്ന് ഉറപ്പാക്കണം’ എന്ന് പാർട്ടി ഭാരവാഹികൾക്ക് അമിത് ഷാ സന്ദേശം നൽകിയിരുന്നു.

ബിജെപിക്ക് കരുത്തേറ്റി എഎപി

സമുദായപിന്തുണ, സംഘടനാശക്തി, മോദിയുടെ താരമൂല്യം എന്നിവയ്ക്കു പുറമേ ആം ആദ്മി പാർട്ടിയുടെ (എഎപി) സാന്നിധ്യവും ബിജെപിക്കു ഗുണം ചെയ്തു. കഴിഞ്ഞ തവണ കോൺഗ്രസ് നേട്ടമുണ്ടാക്കിയ സൗരാഷ്ട്ര – കച്ച് – ആദിവാസി–തീര മേഖലകളിൽ ബിജെപി വിരുദ്ധ വോട്ടുകൾ ആം ആദ്മി ഭിന്നിപ്പിച്ചു. ഇതിന്റെ നേട്ടം സീറ്റെണ്ണത്തിൽ ബിജെപിക്കു ലഭിച്ചു. 150 സീറ്റും പിന്നിട്ട് കുതിക്കാൻ ഇതും സഹായിച്ചു. 1995 മുതൽ 2017 വരെയുള്ള 6 തിരഞ്ഞെടുപ്പുകളിലും വിജയിച്ച ബിജെപിയും രണ്ടാമതെത്തിയ കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 8 –10 % ആയിരുന്നു. ഇതിനിടയിലേക്ക് ആം ആദ്മി കൂടി കയറിയതോടെ ഈ വ്യത്യാസം 25.18 % ആയി.

ജയിച്ച പ്രമുഖർ

∙ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ (ബിജെപി, ഗെത്‌ലോഡിയ).

∙ ജിഗ്നേഷ് മേവാനി (കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്, വഡ്ഗാം)

∙ ഹാർദിക് പട്ടേൽ (ബിജെപി, പട്ടേൽ സമുദായ നേതാവ്, വിരംഗം).

∙ അൽപേഷ് ഠാക്കുർ (ബിജെപി, ഒബിസി നേതാവ്, ഗാന്ധിനഗർ സൗത്ത്).

∙ അനന്ത് കുമാർ ഹസ്മുഖ് പട്ടേൽ (കോൺഗ്രസ്, ഗോത്ര നേതാവ്, വാൻസ്ദ).

തോറ്റ പ്രമുഖർ

∙ ഇസുധൻ ഗഢ്‍വി (ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി, ഖംബാലിയ മണ്ഡലം)

∙ ഗോപാൽ ഇറ്റാലിയ (ആം ആദ്മി പാർട്ടി സംസ്ഥാന മേധാവി, കതർഗം).

∙ സുഖ്റാം റാഠ്‌വ (പ്രതിപക്ഷ നേതാവ്, കോൺഗ്രസ്, ജെട്പുർ)

∙ പരേഷ് ധനാനി (മുൻ പ്രതിപക്ഷ നേതാവ്, കോൺഗ്രസ്, അംറേലി).

English Summary: Gujarat Election 2022: Narendra Modi magic continues to lure voters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com