ADVERTISEMENT

ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിൽ 2 ദിവസത്തെ മാരത്തൺ ചർച്ചകൾക്കും സംസ്ഥാന നേതാക്കൾക്കിടയിലെ അധികാര വടംവലിക്കുമൊടുവിൽ സുഖ്‍വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തീരുമാനിച്ചു. പിസിസി പ്രസിഡന്റും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരെ മറികടന്നാണ് പാർട്ടി ഹൈക്കമാൻഡ് സുഖുവിനെ പിന്തുണച്ചത്. അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും. ഇരുവരും ഇന്ന് 11നു സത്യപ്രതിജ്ഞ ചെയ്യും.

പ്രതിഭയെ അനുനയിപ്പിക്കാൻ അവരുടെ മകൻ വിക്രമാദിത്യ സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും 2 ഉപമുഖ്യമന്ത്രിമാർ വേണ്ടെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തു. വിക്രമാദിത്യയ്ക്ക് മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകിയേക്കും. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിഭ പ്രതികരിച്ചു. ഇതേസമയം, തന്നെ തഴഞ്ഞതിന്റെ അമർഷം പ്രതിഭ പ്രകടിപ്പിച്ചാൽ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവയ്ക്കു പുറമേ ഹിമാചലിലും നേതൃതർക്കം ഭാവിയിൽ കോൺഗ്രസിനു തലവേദനയാകും. 

ഗുജറാത്തിൽ പ്രതിജ്ഞ നാളെ; മോദി എത്തും

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ തുടരും. ഗാന്ധിനഗറിൽ ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗം പട്ടേലിനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. പിന്നാലെ, ഗവർണർ ആചാര്യ ദേവ്‌വ്രതിനെ കണ്ട അദ്ദേഹം സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു. പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ നാളെ സത്യപ്രതിജ്ഞ ചെയ്യും.

English Summary: Sukhwinder Singh Sukhu to be Himachal Pradesh CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com