ADVERTISEMENT

ന്യൂഡൽഹി ∙ ഭാരത് ജോഡോ പദയാത്ര വിജയമാണെന്നും ദേശീയതലത്തിൽ ബിജെപിയെ മുട്ടുകുത്തിക്കാൻ കെൽപുള്ള ഏക പാർട്ടി കോൺഗ്രസ് മാത്രമാണെന്നും രാഹുൽ ഗാന്ധി. പദയാത്ര 100 ദിവസം പിന്നിട്ടതിന്റെ ഭാഗമായി രാജസ്ഥാനിലെ ജയ്പുരിൽ മാധ്യമപ്രവർത്തകരുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്:

 

പദയാത്രയെക്കുറിച്ച്?

ആദ്യം നിങ്ങൾ പറഞ്ഞു ദക്ഷിണേന്ത്യയിൽ മാത്രമേ യാത്ര വിജയിക്കൂ എന്ന്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വിജയകരമായി പിന്നിട്ടു മഹാരാഷ്ട്രയിലും വലിയ സ്വീകാര്യത കിട്ടിയപ്പോൾ നിങ്ങൾ പറഞ്ഞു ഹിന്ദി ഹൃദയഭൂമിയിൽ യാത്ര പരാജയപ്പെടുമെന്ന്. യാത്ര മധ്യപ്രദേശിൽ വിജയിച്ചപ്പോൾ നിങ്ങൾ പറഞ്ഞു രാജസ്ഥാനിൽ നേതാക്കൾ തമ്മിൽ അടിയാണ്; അവിടെ എന്തായാലും പരാജയപ്പെടുമെന്ന്. രാജസ്ഥാനിൽ ലക്ഷക്കണക്കിനാളുകളാണു യാത്രയിൽ അണിനിരന്നത്. യാത്രയ്ക്ക് ഏറ്റവുമധികം സ്വീകാര്യത ലഭിച്ചതും ഇവിടെയാണ്.

 

താങ്കൾ രാജ്യം മുഴുവൻ നടക്കുന്നു. ഗുജറാത്തിൽ കോൺഗ്രസ് ദയനീയമായി തോറ്റു.

എന്റെ വാക്കുകൾ കുറിച്ചിടുക – ബിജെപിയെ കോൺഗ്രസ് തോൽപിച്ചിരിക്കും. കോൺഗ്രസ് മരിക്കുന്നുവെന്നത് ബിജെപിയുടെ പ്രചാരണമാണ്. എന്നെ അപമാനിക്കാനും ശ്രമം നടന്നു. മാധ്യമങ്ങളും അതേറ്റെടുക്കുന്നു. ഈ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ കോൺഗ്രസുണ്ട്. ഗുജറാത്തിൽ ബിജെപിയുടെ അപര പാർട്ടിയായി ആം ആദ്മി രംഗത്തുണ്ടായിരുന്നില്ലെങ്കിൽ കോൺഗ്രസ് ജയിക്കുമായിരുന്നു. ഹിമാചലിലെ വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിക്കാൻ ആരുമില്ലേ? പ്രാദേശിക കക്ഷികളെ ഞാൻ ബഹുമാനിക്കുന്നു; വിലമതിക്കുന്നു. എന്നാൽ, അവരൊക്കെ ഏതെങ്കിലും പ്രത്യേക സമുദായത്തെയോ വിഭാഗത്തെയോ ആണ് പ്രതിനിധീകരിക്കുന്നത്. ദേശീയതലത്തിൽ ബിജെപിക്കുള്ള ബദൽ കോൺഗ്രസ് മാത്രമാണ്. 

യാത്ര കോൺഗ്രസിനെ എങ്ങനെ മാറ്റും?

കോൺഗ്രസ് തെറ്റു ചെയ്യാത്ത പാർട്ടിയാണെന്നു ഞാൻ പറയുന്നില്ല. പക്ഷേ, നിലവിൽ രാജ്യത്തു നിലനിൽക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള രൂപാന്തരം കോൺഗ്രസ് പ്രാപിക്കുകയാണ്. അതിനു സമയമെടുക്കും. കോൺഗ്രസ് അതിന്റെ യഥാർഥ ശക്തിയിലേക്ക് നടന്നടുക്കുകയാണ്. ഈ യാത്രയിൽ ഞാൻ ഒറ്റയ്ക്കല്ല. വിദ്വേഷത്തിനെതിരെ ശബ്ദമുയർത്തുന്ന ആദ്യത്തെയാളല്ല ഞാൻ; അവസാനത്തെയാളുമാകില്ല. 

 

പല സംസ്ഥാനങ്ങളിലും നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നു.

ബിജെപിയെ നേരിടാൻ ധൈര്യമില്ലാത്തവരാണു കോൺഗ്രസ് വിടുന്നത്. അങ്ങനെയുള്ളവർ പോകട്ടെ. അത്തരക്കാർ എത്രത്തോളം പോകുന്നോ, അത്രയും സന്തോഷം. അവരെ ഞങ്ങൾക്കു വേണ്ട. 

 

100 ദിവസം നൽകിയ അനുഭവം

മുൻപൊക്കെ നേതാക്കൾ ജനങ്ങൾക്കിടയിലായിരുന്നു. എന്നാൽ, പിന്നീട് അതിലൊരു മാനസിക അകൽച്ചയുണ്ടായി. ഞാനും ഒരു പരിധി വരെ ജനങ്ങളിൽനിന്ന് അകന്നുവെന്നു തോന്നി. അതു മാറ്റാനാണ് അവർക്കിടയിലേക്കിറങ്ങിയത്. പദയാത്രയിൽ ക്ഷീണം തോന്നി, പരുക്കേറ്റു. പക്ഷേ, ജനങ്ങൾ എനിക്കു നൽകിയ സ്നേഹം പറഞ്ഞറിയിക്കാനാവില്ല. 

 

പ്രതിപക്ഷ ഐക്യത്തെക്കുറിച്ച്?

പ്രതിപക്ഷത്തെ എല്ലാ കക്ഷികളുമായി കോൺഗ്രസ് ഒന്നിച്ചു പ്രവർത്തിക്കണം. അതിനുള്ള സാഹചര്യം നിലവിലുണ്ട്. ഐക്യം എങ്ങനെ രൂപീകരിക്കുമെന്നതിനെക്കുറിച്ചു പറയേണ്ടത് കോൺഗ്രസ് പ്രസിഡന്റാണ്. അതുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ ഇപ്പോൾ ഞാൻ ഭാഗമല്ല. 

 

ടീം ഹിമാചൽ രാഹുലിനൊപ്പം രാജസ്ഥാനിൽ 

ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസം രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് ഹിമാചൽപ്രദേശിലെ പാർട്ടി നേതൃത്വം. പുതുതായി ഭരണത്തിലേറിയ സംസ്ഥാനത്തെ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു, ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, പിസിസി പ്രസിഡന്റ് പ്രതിഭാ സിങ്, എംഎൽഎമാർ എന്നിവർ ഇന്നലെ രാജസ്ഥാനിലെ ദൗസയിലാണു രാഹുലിനൊപ്പം നടന്നത്.

 

English Summary: 100 days of Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com