ADVERTISEMENT

ന്യൂഡൽഹി ∙ ശീതകാല സമ്മേളനം നിശ്ചയിച്ചതിനും 6 ദിവസം മുൻപ് അവസാനിപ്പിച്ച് പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അധ്യക്ഷൻ ജഗ്ദീപ് ധൻകർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. രാജ്യസഭാ ചെയർമാൻ സ്ഥാനമേറ്റെടുത്ത് ധൻകർ നടത്തിയ പ്രസംഗത്തിൽ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടിയെന്ന് സോണിയ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെയാണ് ധൻകർ കഴിഞ്ഞ ദിവസം സഭയിൽ വിമർശിച്ചത്. 

ഇന്നലെ കോൺഗ്രസ് അംഗം പ്രമോദ് തിവാരി ഇതേക്കുറിച്ച് ക്രമപ്രശ്നമുന്നയിച്ചു. അതിനെ പിന്തുണച്ചു സംസാരിച്ച പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ മറ്റൊരു സഭയിലെ അംഗത്തെ രാജ്യസഭയിൽ വിമർശിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞു. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ഭരണഘടനാ സ്ഥാനങ്ങളുടെ ഔന്നത്യം രാഷ്ട്രീയ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ചെയർ പറഞ്ഞു. തുടർന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. 

സ്പീക്കറുടെ ആമുഖ ഭാഷണത്തിനു ശേഷം ലോക്സഭ പിരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളും പിരിയുന്ന വേളയിൽ സന്നിഹിതനായിരുന്നു. ലോക്സഭയുടെ ഈ സമ്മേളനത്തിൽ ഇതാദ്യമായാണ് മോദി സഭയിലെത്തിയത്. സമ്മേളന ദിവസങ്ങൾ വെട്ടിക്കുറച്ചത് പാർലമെന്റിന്റെ ബിസിനസ് ഉപദേശക സമിതിയുടെ തീരുമാന പ്രകാരമായിരുന്നുവെന്നും എല്ലാ പാർട്ടികൾക്കും അതിൽ പ്രാതിനിധ്യമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. 

വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതാണ് പുതിയ വൈദ്യുതി നിയമ ഭേദഗതി ബില്ലെന്ന് ആരോപിച്ച് പാർലമെന്റിലെ ഇടത് അംഗങ്ങൾ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിഷേധിച്ചു. എളമരം കരീം, എ.എം.ആരിഫ്, പി. സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ബജറ്റ് സമ്മേളനവും പുതിയ മന്ദിരത്തിൽ നടക്കാനിടയില്ല

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനവും പുതിയ മന്ദിരത്തിൽ നടക്കാനിടയില്ലെന്ന് സൂചന. ലോക്സഭ പിരിഞ്ഞ ശേഷം മാധ്യമപ്രവർത്തകരെ കണ്ട സ്പീക്കർ ഓം ബിർലയാണ് ‘ജോലികൾ മുഴുവൻ തീർന്ന ശേഷമേ പുതിയ മന്ദിരത്തിൽ സമ്മേളനമുണ്ടാകൂ’ എന്നു വ്യക്തമാക്കിയത്. ‘അടുത്ത സെഷൻ അവിടെ നടക്കുമെന്ന് പറയാനാവില്ല. ഇനിയും ജോലികൾ പൂർത്തീകരിക്കാനുണ്ട്. അതു കഴിഞ്ഞ് സുരക്ഷാ പരിശോധനകൾ പൂർത്തീകരിച്ച ശേഷം മാത്രമേ സമ്മേളനം നടക്കുകയുള്ളൂ’– അദ്ദേഹം പറഞ്ഞു. നേരത്തേ ശീതകാല സമ്മേളനം നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കോവിഡ് കാലഘട്ടത്തിലുണ്ടായ കാലതാമസമാണ് ജോലികൾ വൈകാനിടയാക്കിയത്.

English Summary: ‘Inappropriate’: Vice President J Dhankhar on Sonia Gandhi's remarks about Judiciary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com