ADVERTISEMENT

ന്യൂഡൽഹി ∙ തെലങ്കാനയിലെ ചന്ദ്രശേഖർ റാവു സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിച്ചെന്ന കേസ് തെലങ്കാന ഹൈക്കോടതി സിബിഐക്കു വിട്ടു. സംസ്ഥാനം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിടുകയും ചെയ്തു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ബിജെപി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമടക്കമുള്ളവരെ പ്രതിചേർത്ത ‘ഓപ്പറേഷൻ താമര’ കേസാണിത്. തുഷാർ വെള്ളാപ്പള്ളി, രാമചന്ദ്രഭാരതി, സ്വാമി സിംഹയാജലു, വ്യവസായി നന്ദകുമാർ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് വിധി. 

ദേശീയ രാഷ്ട്രീയത്തിലിറങ്ങാൻ ശ്രമിക്കുന്ന ചന്ദ്രശേഖർ റാവുവിന് തിരിച്ചടിയാണ് ഹൈക്കോടതി വിധി. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. 100 കോടി രൂപ വീതം വാഗ്ദാനം നൽകി 4 ഭാരത് രാഷ്ട്രസമിതി അംഗങ്ങളെ കൂറുമാറ്റാൻ ബിജെപിക്കു വേണ്ടി ശ്രമിച്ചെന്നാണ് കേസ്. 

അന്വേഷണത്തിന് സംസ്ഥാന സർക്കാർ നിയമിച്ച പ്രത്യേക സംഘം തുഷാർ വെള്ളാപ്പള്ളിയെയും ബി.എൽ.സന്തോഷിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും സിബിഐ അന്വേഷണമാവശ്യപ്പെട്ട് തുഷാർ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു. സ്വതന്ത്ര ഏജൻസിയോ കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയോ അന്വേഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. ഇതിനിടെ, തന്നെ ചാക്കിടാൻ ബിജെപി ശ്രമിച്ചെന്നു പരാതി നൽകിയ എംഎൽഎ രോഹിത് റെഡ്ഡി, ഇഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുകയാണെന്ന് ആരോപിച്ചു.

English Summary: Setback For KCR In Court, Poaching Of MLAs To Be Handled By CBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com