ADVERTISEMENT

ന്യൂഡൽഹി ∙ ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശനകവാടമായ ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞുതാഴുന്നത് ആശങ്ക ഉയർത്തി. അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ നടപടിയാരംഭിച്ചു. ഹിമാലയ പാതയിലെ ഈ ചെറുപട്ടണത്തിൽ 3800 കുടുംബങ്ങളാണുള്ളത്. വീടുകളിൽ വിള്ളൽ വീണതോടെ അറുപതിലധികം കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറി. വെള്ളിയാഴ്ച ഒരു ക്ഷേത്രം തകർന്നുവീണു.

ജോഷിമഠിൽനിന്ന് ചൈനീസ് അതിർത്തിയിലേക്കുള്ള മലാരി റോഡിലും വിള്ളൽ വീണു. സമീപത്തെ വിനോദ സഞ്ചാരകേന്ദ്രമായ ഒൗലിയിൽ റോപ്‌വേയുടെ തൂണിൽ വിള്ളൽവീണതോടെ സർവീസ് നിർത്തിവച്ചു. ഇന്നലെ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകൾക്കു നിർദേശിച്ചു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി. രക്ഷാദൗത്യത്തിന് ഹെലികോപ്റ്റർ സേവനവും സജ്ജമാക്കി. 

ഇതിനിടെ, ജോഷിമഠിലെ ഒഴിപ്പിക്കൽ നടപടികളിൽ അടിയന്തരമായി ഇടപെടണമെന്നും ഭൂമിയിടിയുന്നത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി സുപ്രീംകോടതിയിൽ ഹർജി നൽകി.

(1) ജോഷിമഠിൽ മണ്ണ് താഴ്ന്നതിനെത്തുടർന്ന് കെട്ടിടങ്ങൾ ചെരിഞ്ഞപ്പോൾ. ചിത്രം: പിടിഐ (2) ജോഷിമഠിൽ വീടിന്റെ ഉള്ളിൽ നിലത്ത് വിള്ളലുണ്ടായപ്പോൾ.
(1) ജോഷിമഠിൽ മണ്ണ് താഴ്ന്നതിനെത്തുടർന്ന് കെട്ടിടങ്ങൾ ചെരിഞ്ഞപ്പോൾ. ചിത്രം: പിടിഐ (2) ജോഷിമഠിൽ വീടിന്റെ ഉള്ളിൽ നിലത്ത് വിള്ളലുണ്ടായപ്പോൾ.

ഉറപ്പില്ലാത്ത മണ്ണ്

ചമോലി ജില്ലയിൽ സമുദ്രനിരപ്പിൽനിന്ന് 6150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെറു പട്ടണമായ ജോഷിമഠ് ഭൂകമ്പ സാധ്യത ഏറെയുള്ള അഞ്ചാം വിഭാഗത്തിലുള്ള പ്രദേശമാണ്. നൂറ്റാണ്ടു മുൻപ് ഹിമാലയൻ മലനിരകളിൽ ഭൂചലനത്തിൽ ഇടിഞ്ഞുവീണ മണ്ണും പാറയും കൊണ്ടുണ്ടായ പ്രദേശമാണിത്. അതിനാൽ മണ്ണിന് ഉറപ്പു കുറവാണെന്നു വിദഗ്ധർ പറയുന്നു. അതീവ പരിസ്ഥിതിലോല മേഖലയായ ജോഷിമഠിൽ അനധികൃത നിർമാണങ്ങളോ വനനശീകരണമോ പാടില്ലെന്നു 1976 ൽ കേന്ദ്രം നിയോഗിച്ച മിശ്ര കമ്മിറ്റി നിർദേശിച്ചിരുന്നെങ്കിലും അവ കടലാസിലൊതുങ്ങി.

joshimath-sinking-0701
ജോഷിമഠിലെ റോഡിൽ ഉണ്ടായ വിള്ളൽ. ചിത്രം: PTI

ഭൂഗർഭ പാളിയിലുള്ള പാറക്കെട്ടു പൊട്ടി വെള്ളം ഒലിച്ചിറങ്ങിയതാകാം മണ്ണിടിച്ചിലിനു കാരണമെന്നു ഭൗമശാസ്ത്രജ്ഞർ സംശയിക്കുന്നു. എന്നാൽ, എൻടിപിസിയുടെ തപോവൻ – വിഷ്ണുഗഡ് വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്ക നിർമാണമാണ് ഭൂമി ഇടിയാനും വീടുകളിൽ വിള്ളൽ വീഴാനും കാരണമെന്നാണു നാട്ടുകാരുടെ വാദം. യഥാർഥ കാരണം കണ്ടെത്താൻ വിദഗ്ധ സമിതികളെ നിയോഗിച്ചിട്ടുണ്ട്. 

ശങ്കരാചാര്യർ സ്ഥാപിച്ച മഠം

ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ആദ്യത്തേതാണ് പിൽക്കാലത്ത് ജോഷിമഠ് എന്നു പ്രസിദ്ധമായ ജ്യോതിർമഠം. ബദരീനാഥ് യാത്രയുടെ മാത്രമല്ല, ഹിമാലയത്തിലെ പല ട്രെക്കിങ് വഴികളുടെ തുടക്കവും ഇവിടെ നിന്നാണ്. രാജ്യാന്തര സ്കീയിങ് തലസ്ഥാനം കൂടിയായ വിനോദ സഞ്ചാര കേന്ദ്രം ഒൗലിയിലേക്കുള്ള പ്രവേശനവും ഇതുവഴിതന്നെ. മഞ്ഞുകാലത്ത് ബദരീനാഥ് ക്ഷേത്രം 6 മാസം അടഞ്ഞുകിടക്കുമ്പോൾ അവിടത്തെ പൂജകൾ ചെയ്യുന്നത് ജോഷിമഠിലെ നരസിംഹക്ഷേത്രത്തിലാണ്.

English Summary: Alarm bells in Joshimath; cracks across town, over 600 homes hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com