രാഷ്ട്രീയത്തിൽ ലയിച്ച യാദവ്; പ്രായോഗിക രാഷ്ട്രീയം മുഖമുദ്രയാക്കിയ തീപ്പൊരി നേതാവ്

sharad-yadav-and-nitish-kumar
ശരദ് യാദവും നിതീഷ് കുമാറും. (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ പച്ചയായ രാഷ്ട്രീയക്കാരൻ എന്നതാണു ശരദ് യാദവിനെ ദേശീയ രാഷ്ട്രീയത്തിൽ വ്യത്യസ്തനാക്കിയത്. മനസ്സിൽ തോന്നിയത് മറയില്ലാതെ പറഞ്ഞു – അതിന്റെ ലാഭനഷ്ടങ്ങൾ നോക്കിയില്ല.

1991ൽ തുടങ്ങിയ ജെയിൻ ഹവാല കേസിൽ ഏതാനും ദേശീയ നേതാക്കൾ ആരോപണം നേരിട്ടു. ആരോപിക്കപ്പെടുന്ന പണം വാങ്ങിയെന്നു പരസ്യമായി പറഞ്ഞ ഏക വ്യക്തി ശരദ് യാദവായിരുന്നു. ‘‘വാങ്ങിയതു സംഭാവനയാണ്. അതിനെന്താ...?’’അദ്ദേഹം തലകുനിക്കാതെ ചോദിച്ചു.

ദേവെഗൗഡ സർക്കാരിന്റെ കാലത്തു വനിതാ സംവരണ ബില്ലിനുള്ള നീക്കങ്ങൾ നടക്കുമ്പോൾ ശരദ് യാദവ് തന്റെ അഭിപ്രായം പറഞ്ഞു: ‘‘മുടി മുറിച്ച സ്ത്രീകൾക്കു മാത്രമാകും സംവരണത്തിന്റെ പ്രയോജനം’’. യുപിഎ സർക്കാരിന്റെ കാലത്തു വനിതാ സംവരണ ബിൽ പാസാകുന്നതിനു സാധ്യത തെളിഞ്ഞപ്പോൾ ലോക്സഭയിൽ അദ്ദേഹം ആത്മഹത്യാഭീഷണി മുഴക്കി: ‘‘ബിൽ പാസാകുമായിരിക്കും; ലോക്സഭയിൽ ഞാൻ വിഷം കഴിച്ചു മരിക്കുകയും ചെയ്യും’’. അതു സൃഷ്ടിച്ച തടസ്സം കൊണ്ടല്ലെങ്കിലും, രാജ്യസഭയിൽ പാസായ ബിൽ ലോക്സഭയിൽ എത്തിയില്ല.

ശരദ് യാദവിന്റെ വാക്കുകളിലെ നയ–മയ രാഹിത്യം ഐക്യമുന്നണി അനുഭവിച്ചത് 1997ല്‍ ആണ്. സീതാറാം കേസരി നയിച്ച കോൺഗ്രസ്, ഐക്യമുന്നണി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സമയം. കോൺഗ്രസുമായി അനുരഞ്ജന ചർച്ചകൾക്ക് ഐക്യമുന്നണി ക്യാംപിൽനിന്നു നിയോഗിക്കപ്പെട്ടവരിൽ ഒരാൾ ശരദ് യാദവായിരുന്നു. ജയപ്രകാശ് നാരായണിന്റെ കളരിയിൽ ശിക്ഷണം ലഭിച്ച ശരദ് യാദവ് ആ ശൈലിയാണു ചർച്ചയിലും പ്രയോഗിച്ചത്. അബദ്ധമായി എന്നു തിരിച്ചറിഞ്ഞപ്പോൾ മുന്നണിയിലെ തന്ത്രജ്ഞർ അദ്ദേഹത്തെ പിൻവലിച്ചു. അതിലൂടെ താൻ അപമാനിതനായി എന്ന തോന്നൽ അദ്ദേഹം പ്രകടിപ്പിച്ചതുമില്ല.

ജെപി പ്രസ്ഥാനത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെത്തിയ യാദവ് ജനത പിളർന്നപ്പോൾ ചരൺസിങ്ങിനൊപ്പം നിന്നു. അങ്ങനെയാണ് 1981ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെ സ്ഥാനാർഥിയാകുന്നത്. അമേഠിയിലെ പരാജയം ദേശീയ രാഷ്ട്രീയത്തിൽ ശരദ് യാദവിനെ ശ്രദ്ധേയനാക്കി.

വി.പി.സിങ് സർക്കാർ മണ്ഡൽ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുന്ന കാലത്ത്, സിങ്ങിന്റെ ഇടത്ത് റാംവിലാസ് പാസ്വാനാണെങ്കിൽ വലത്തുണ്ടായിരുന്നത് ശരദ് യാദവാണ്. പാസ്വാനെ ദലിത് വിഭാഗങ്ങളുടെയും യാദവിനെ ഇതര പിന്നാക്ക വിഭാഗങ്ങളുടെയും നേതാക്കളായി ഉയർത്തിക്കാട്ടി. വാജ്പേയി സർക്കാരിലും മന്ത്രിയായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപിയോട് ശരദ് യാദവ് അകലം പാലിച്ചു. നിതീഷ് കുമാർ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ വിമതനായി. പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെട്ട് രാജ്യസഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടു.

വിമതർ പലതും ചെയ്യാറുള്ളതുപോലെയാണ് ജെഡിയുവിൽനിന്നു പുറത്തായ ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ എന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കിയത്. വിമതർക്കു പലർക്കും സംഭവിക്കാറുള്ളതുപോലെ സ്വന്തം പാർട്ടി മുന്നോട്ടുപോകില്ലെന്നു വേഗത്തിൽ തിരിച്ചറിഞ്ഞു. അങ്ങനെയാണ് 2018ൽ തുടങ്ങിയ പാർട്ടിയെ കഴിഞ്ഞവർഷം ലാലുവിന്റെ പാളയത്തിൽ കൊണ്ടു കെട്ടിയത്. പ്രതിപക്ഷ ഐക്യത്തിന്റെ തുടക്കം എന്നാണ് ലയനത്തിന് അദ്ദേഹം നൽകിയ വിശേഷണം. ശരദ് യാദവിനെ പുറത്താക്കിയ നിതീഷും ബിജെപി ബന്ധം ഉപേക്ഷിച്ച് ആർജെഡിയുമായി സഹകരിക്കാൻ തീരുമാനിച്ചു എന്നത് സോഷ്യലിസ്റ്റ് നേതാക്കളുടേതായ രാഷ്ട്രീയ നീതിയായി. തന്റേതാണ് ശരിപക്ഷം എന്ന് അതിലൂടെ വ്യക്തമാകുന്നതു കണ്ടിട്ടാണ് ശരദ് യാദവ് വിടവാങ്ങുന്നത്.

English Summary : Remembering Sharad Yadav

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA