തിരുവനന്തപുരം ∙ പരാജയപ്പെട്ട ആദ്യ ദൗത്യത്തിലെ പോരായ്മ പരിഹരിച്ച് ചെറു ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്എസ്എൽവി) രണ്ടാം ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ. ഫെബ്രുവരി രണ്ടാം വാരം ശ്രീഹരിക്കോട്ടയിൽ നിന്നാണ് എസ്എസ്എൽവി വീണ്ടും കുതിക്കുക.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) രണ്ടാം എസ്എസ്എൽവി ദൗത്യത്തിലും രണ്ട് ഉപഗ്രഹങ്ങളുണ്ടാകും. 2022 ഓഗസ്റ്റ് 7ന് ശ്രീഹരിക്കോട്ടയിലെ ആദ്യ ദൗത്യത്തിൽ വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിക്കുന്നതിൽ എസ്എസ്എൽവി പരാജയപ്പെട്ടിരുന്നു. റോക്കറ്റിന്റെ എല്ലാ ഘട്ടങ്ങളും കൃത്യമായി പ്രവർത്തിച്ചെങ്കിലും സെൻസറിലെ പ്രശ്നമാണ് ആദ്യ ദൗത്യം പരാജയപ്പെടാൻ ഇടയാക്കിയതെന്നു കണ്ടെത്തി.
ഏതൊക്കെ ഉപഗ്രഹങ്ങളാണ് പേടകത്തിൽ ഉണ്ടാവുകയെന്നതടക്കം വിക്ഷേപണത്തിന്റെ വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ആദ്യ ദൗത്യത്തിൽ ഇഒഎസ്– 02, ആസാദിസാറ്റ് എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
English Summary: SSLV second mission in february