പുതിയ പാർട്ടി, പുതിയ നയം: ദേശീയരാഷ്ട്രീയത്തിൽ തിളങ്ങാൻ കെസിആർ

HIGHLIGHTS
  • ബിആർഎസിന്റെ ആദ്യ പൊതുയോഗത്തിൽ നയങ്ങൾ പ്രഖ്യാപിച്ച് ചന്ദ്രശേഖരറാവു
pinarayi-vijayan-and-k-chandrasekhara-rao
ഭാരത് രാഷ്ട്രീയസമിതിയുടെ പ്രഖ്യാപന സമ്മേളനത്തിനു തെലങ്കാനയിലെ ഖമ്മത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു.
SHARE

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഖമ്മത്തു നടന്ന പൊതുയോഗത്തിൽ വൻ ജനാവലിയെ സാക്ഷിനിർത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു പുതിയ പാർട്ടിയായ ഭാരത് രാഷ്ട്രീയസമിതിയുടെ (ബിആർഎസ്) ഭാവിപരിപാടികൾ പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, കേരള മുഖ്യമന്ത്രിമാരുൾപ്പെടെ അണിനിരന്ന വേദി ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന്റെ കരുത്തു തെളിയിക്കാനും ശ്രമിച്ചു. ടിആർഎസ് എന്ന സ്വന്തം പാർട്ടിയെ പരിഷ്കരിച്ച് ബിആർഎസ് ആക്കിയതിനുശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു ഇത്.

സംസ്ഥാനത്തു നടപ്പിലാക്കിയ സൗജന്യ വൈദ്യുതി വിതരണം, കർഷകർക്കുള്ള പണസഹായം എന്നിവ ഉൾപ്പെടെ പാർട്ടിയുടെ പ്രധാന പദ്ധതികൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ തെലങ്കാനയിൽ നടപ്പാക്കിയ മിഷൻ ഭഗീരഥയുടെ മാതൃകയിൽ ശുദ്ധജല പദ്ധതി ആരംഭിക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം യോഗ്യരായ ദലിതർക്ക് വ്യവസായ സംരംഭകരാകാൻ 25 ലക്ഷം രൂപവീതം അനുവദിച്ച് ദലിത്ബന്ധു പദ്ധതി നടപ്പാക്കണമെന്നും നിയമസഭകളിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി നിർത്തലാക്കുമെന്നും എൽഐസി, വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് എന്നിവയുടെ സ്വകാര്യവൽക്കരണം പിൻവലിക്കുമെന്നും പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ,  സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അസാന്നിധ്യം കൊണ്ടു ശ്രദ്ധിക്കപ്പെട്ടു.

സംസ്ഥാനത്തിന്റെ അവകാശങ്ങൾ കേന്ദ്രം കവരുന്നു: പിണറായി

ഗവർണർ പദവിയെ രാഷ്ട്രീയമായി രുപയോഗപ്പെടുത്തി സംസ്ഥാനത്തിന്റെ അവകാശങ്ങളെയും അധികാരത്തെയും കേന്ദ്ര സർക്കാർ ആക്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ചാൻസലർ പദവി ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസം നിയന്ത്രണത്തിലാക്കാൻ ശ്രമം നടക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകാരം നൽകാതെ തടഞ്ഞു വച്ചിരിക്കുകയാണ്. ഇത്തരം നീക്കങ്ങളെ സംയുക്തമായി ചെറുക്കുക എന്ന വഴി മാത്രമേ മുന്നിലുള്ളൂവെന്നും പ്രതിപക്ഷ കക്ഷികൾ ഖമ്മത്തു സംഘടിപ്പിച്ച പൊതുയോഗത്തിൽ പിണറായി പറഞ്ഞു.

സാധാരണക്കാരന് ആശ്വാസം നൽകാൻ പണമില്ലെന്നു പറയുന്ന കേന്ദ്രസർക്കാർ  5 കൊല്ലം കൊണ്ട് കോർപറേറ്റുകളുടെ 11 ലക്ഷം കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്. സംസ്ഥാനങ്ങൾ ധനസമാഹരണം നടത്താൻ ശ്രമിക്കുമ്പോൾ അത് അട്ടിമറിക്കുന്നു. സാമ്പത്തിക സഹായവും നിഷേധിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കും. ജുഡീഷ്യറിയുടെ സ്വയംഭരണാധികാരം തകർക്കാനും കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യുന്ന ജഡ്ജിമാരുടെ സംഘമാക്കി ജുഡീഷ്യറിയെ മാറ്റാനും ബിജെപി സർക്കാർ ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. 

English Summary: K Chandrashekar Rao to shine in national politics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.