ന്യൂഡൽഹി ∙ വ്യാജമെന്നു കേന്ദ്രസർക്കാർ ചാപ്പ കുത്തുന്ന വാർത്തകൾക്ക് ഇന്റർനെറ്റിൽ ഇനി ആയുസ്സ് 72 മണിക്കൂർ മാത്രം. 2011ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിലാണു നിർണായക ഭേദഗതിക്കു കേന്ദ്രം ഒരുങ്ങുന്നത്. ഇതിന്റെ കരടുരൂപം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. അഭിപ്രായം രേഖപ്പെടുത്താൻ: bit.ly/meitycons
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗമോ കേന്ദ്രം വസ്തുതാപരിശോധനയ്ക്കു ചുമതലപ്പെടുത്തുന്ന ഏജൻസിയോ വ്യാജമെന്നു കണ്ടെത്തിയാൽ വാർത്ത ഇന്റർനെറ്റിൽനിന്നു നീക്കേണ്ടി വരും. ഇതിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് അടക്കം രംഗത്തുവന്നിട്ടുണ്ട്. വിഷയത്തിൽ 24ന് വാർത്താവിതരണ മന്ത്രാലയം ബന്ധപ്പെട്ടവരുമായി കൂടിയാലോചനാ യോഗം ചേരും.
∙ എന്തുകൊണ്ട് 72 മണിക്കൂർ?
അശ്ലീലം, ആൾമാറാട്ടം അടക്കം 7 തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ ഇന്റർനെറ്റ് കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും ഈ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കുട്ടികൾക്കെതിരായ ഉള്ളടക്കം, സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ചു തെറ്റിദ്ധാരണ സൃഷ്ടിക്കൽ, മതങ്ങൾ / ജാതികൾ തമ്മിൽ വൈരം സൃഷ്ടിക്കൽ, വ്യാജ ഉള്ളടക്കം, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എന്നിവയും ഈ പരിധിയിലാണു വരിക. 72 മണിക്കൂറെന്നത് 24 മണിക്കൂറായി ക്രമേണ കുറയ്ക്കുമെന്നും കേന്ദ്രം മുൻപു വ്യക്തമാക്കിയിരുന്നു.
∙ ആശങ്ക എന്ത്?
കേന്ദ്രം വ്യാജമെന്നു ചാപ്പ കുത്തിയാൽ ആ വാർത്ത എല്ലാ വെബ്സൈറ്റുകളും 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യേണ്ടി വരും. ഇത് സർക്കാർ സെൻസർഷിപ്പിലേക്കു വഴിമാറുമെന്നാണ് ആശങ്ക. വിവിധ സ്രോതസ്സുകളിൽനിന്നു ലഭിച്ച ഒരു വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്ര കുത്താം. കേന്ദ്രത്തിനെതിരായ വാർത്തകൾ നീക്കം ചെയ്യാൻ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാം. നിർദിഷ്ട ഭേദഗതി ഭരണഘടനാപരമല്ലെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആരോപിച്ചു. ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവരാൻ പാർലമെന്റിന്റെ അംഗീകാരം വേണമെന്നും അവർ ചൂണ്ടിക്കാട്ടി.
English Summary: Life of a news flagged as 'fake' by government