ADVERTISEMENT

ന്യൂ ഡൽഹി ∙ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്​സിഒ) യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ ക്ഷണിച്ചത് ഔപചാരികതയുടെ ഭാഗമാണെങ്കിലും ഇന്ത്യ–പാക്ക് ബന്ധങ്ങളെ ചർച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ അതു സഹായിച്ചേക്കും. 

ബഹുരാഷ്ട്രസംഘടനാ യോഗത്തിന്റെ ആതിഥേയരാഷ്ട്രമെന്ന നിലയിൽ ഇന്ത്യ പാക്കിസ്ഥാനെ ക്ഷണിച്ചേ തീരൂ. അതുകൊണ്ട് ആ ക്ഷണത്തിന് പ്രത്യേകതയൊന്നുമില്ല. എന്നാൽ, പാക്കിസ്ഥാൻ ക്ഷണം സ്വീകരിക്കുകയാണെങ്കിൽ, ചർച്ചകളുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ വിദേശകാര്യമന്ത്രിതലത്തിൽ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാൻ അഭ്യർഥിച്ചേക്കും. അങ്ങനെ വന്നാൽ ഇന്ത്യ സമ്മതം മൂളുമെന്നാണ് കരുതുന്നത്. മേയിൽ ഗോവയിലാണ് എസ്​സിഒ സമ്മേളനം. 

ചർച്ചകൾക്ക് അന്തരീക്ഷം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി സൂചനയുണ്ട്. യുദ്ധങ്ങളിൽനിന്ന് പാഠം പഠിച്ചുവെന്നും കശ്മീർ പോലുള്ള ‘പൊള്ളുന്ന വിഷയങ്ങളിൽ’ തുറന്ന ചർച്ചകൾ ആവശ്യമാണെന്നുമുള്ള പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവന ഇന്ത്യ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ പേരിൽ ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതും ഷരീഫിന്റെ പ്രസ്താവനയുടെ മേൽ പാക്ക് വിദേശകാര്യവകുപ്പ് വിശദീകരണം നൽകിയതും ചർച്ചയുടെ പാതയിൽ ഉയരുന്ന വിലങ്ങുതടികളാണ്. 

2011 ൽ ഹിന റബാനി ഖറിന്റെ സന്ദർശനത്തിനുശേഷം ഒരു പാക്ക് വിദേശകാര്യമന്ത്രിയും ഇന്ത്യയിലെത്തിയിട്ടില്ല. 2015 ഓഗസ്റ്റിൽ പാക്ക് വിദേശകാര്യമന്ത്രി സർതാജ് അസീസ് വരാനിരുന്നതാണെങ്കിലും കശ്മീർ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാവില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ സന്ദർശനം റദ്ദാക്കി. 2015 ൽ ഹാർട്ട് ഒഫ് ഏഷ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ സുഷമ സ്വരാജ് പോയതിനു ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയും പാക്കിസ്ഥാൻ സന്ദർശിച്ചിട്ടില്ല. 

2014 ൽ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് പ്രധാനമന്ത്രി നവാസ് ഷരീഫ് എത്തിയതും 2015 ൽ ഷരീഫിന്റെ കൊച്ചുമകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ മോദി അപ്രതീക്ഷിതമായി ലഹോറിൽ എത്തിയതുമാണ് അതിനിടയിൽ പ്രധാനമന്ത്രിതലത്തിൽ നടന്ന കൂടിക്കാഴ്ചകൾ. 

ബഹുരാഷ്ട്രയോഗങ്ങൾ നടക്കുമ്പോൾ അതിന്റെ ഭാഗമല്ലാതെ നടക്കുന്ന ഉഭയകക്ഷി ചർച്ചകൾ പലപ്പോഴും വഴിത്തിരിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധവും ആഗ്ര ഉച്ചകോടിയുടെ പരാജയവും കാരണം ബന്ധങ്ങൾ അങ്ങേയറ്റം വഷളായിരുന്ന അവസരത്തിലാണ്, 2004 ൽ ഇസ്‍ലാമാബാദിൽ നടന്ന സാർക് യോഗത്തിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി പങ്കെടുത്തതും അവിടെ നടന്ന ഉഭയകക്ഷി ചർച്ചകൾ വൻവിജയം കൈവരിച്ചതും. പാക്ക് നിയന്ത്രിത ഭൂമിയിൽ നിന്ന് കശ്മീരിലേക്ക് ഭീകരാക്രമണം നടത്താൻ അനുവദിക്കില്ലെന്ന് ആ ചർച്ചകളിലാണ് പാക്കിസ്ഥാൻ ഉറപ്പു നൽകിയത്. തുടർന്നുള്ള 3 കൊല്ലത്തോളം ബന്ധങ്ങൾ പൊതുവേ മെച്ചപ്പെട്ടിരുന്നു. 

ഏതായാലും കമാൻഡോ നയതന്ത്രമല്ല, പരമ്പരാഗതമായി തുടർന്നുപോന്ന പടിപടിയായുള്ള നയതന്ത്രമാണ് അടിസ്ഥാനപരമായി മെച്ചമെന്ന് ഇന്ത്യയ്ക്കും ബോധ്യപ്പെട്ടിരിക്കയാണ്. ഉദ്യോഗസ്ഥതലത്തിലോ വിദേശകാര്യമന്ത്രി തലത്തിലോ വേണ്ടത്ര അടിസ്ഥാനചർച്ചകൾ നടത്താതെ രാഷ്ട്രനേതാക്കൾ തമ്മിൽ അപ്രതീക്ഷിത കൂടിക്കാഴ്ച നടത്തുന്നതിനെയാണ് കമാൻഡോ നയതന്ത്രമെന്ന് നിരീക്ഷകർ വിളിക്കുന്നത്. 2001 ൽ വാജ്പേയിയും പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും തമ്മിൽ ആഗ്രയിൽ വെച്ച് നടത്തിയ ചർച്ചകളും 2015 ൽ മോദിയുടെ അപ്രതീക്ഷിതമായ ലഹോർ സന്ദർശനവും ഇതിന്റെ ഉദാഹരണങ്ങളാണ്.

English Summary : Analysis on India inviting Pakistan foreign minister Bilawal Bhutto Zardari to Shanghai Co-operation Organisation meeting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com