ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ പ്രദർശനവുമായി ബന്ധപ്പെട്ടു ഡൽഹി സർവകലാശാലയിലും സംഘർഷാവസ്ഥ. കഴിഞ്ഞ ദിവസങ്ങളിൽ ജെഎൻയു, ജാമിയ സർവകലാശാലകളിൽ പ്രദർശനം നടത്താനുള്ള ശ്രമം കലുഷിതമായിരുന്നു. ഇന്നലെ ഡൽഹി സർവകലാശാല ആർട്ട് ഫാക്കൽറ്റിയിൽ പ്രദർശനം നടത്താൻ ശ്രമിച്ച എൻഎസ്‌യുഐ പ്രവർത്തകരായ മലയാളികൾ ഉൾപ്പെടെ 24 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ടു 4നു പ്രഖ്യാപിച്ച പ്രദർശനത്തിനു ഡിയു അധികൃതർ അനുമതി നിഷേധിച്ചതോടെയാണു വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. നോർത്ത് ക്യാംപസിൽ വലിയ പ്രതിഷേധങ്ങളും കൂട്ടംചേരുന്നതും നിരോധിച്ചിട്ടുള്ളതാണെന്നും ഡിസംബറിൽ പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രദർശനത്തിന് അനുമതി നിഷേധിച്ചിരുന്നുവെന്നു ഡിയു റജിസ്ട്രാർ രജ്നി അബ്ബി പറഞ്ഞു. പൊലീസ് കയ്യേറ്റം ചെയ്തതായി വിദ്യാർഥികൾ ആരോപിച്ചു.

നേരത്തേ അംബേദ്കർ സർവകലാശാലയിലും എസ്എഫ്ഐയുടെ ഡോക്യുമെന്ററി പ്രദർശന ശ്രമം പൊലീസ് നടപടിയിലാണു കലാശിച്ചത്. അധികൃതർ വൈദ്യുതി–ഇന്റർനെറ്റ് സംവിധാനങ്ങൾ വിഛേദിച്ചതായും പൊലീസ് ക്യാംപസിനുള്ളിൽ അതിക്രമിച്ചു കടന്നതായും വിദ്യാർഥികൾ പറഞ്ഞു.
ചെന്നൈയിൽ മദ്രാസ് സർവകലാശാലയിലും പ്രദർശനം വിലക്കി. തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാലയ്ക്കു സമീപം പൊതുനിരത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്) ഇന്നു ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
English Summary: BBC series screening: Large gatherings banned as Delhi University