സുരക്ഷ പാളി, അനിയന്ത്രിത ജനക്കൂട്ടം സുരക്ഷാപ്രശ്നമായി; രാഹുലിന്റെ യാത്ര മുടങ്ങി

HIGHLIGHTS
  • അനിയന്ത്രിത ജനക്കൂട്ടം സുരക്ഷാപ്രശ്നമായി
  • ഇന്ന് അവന്തിപുരയിൽനിന്ന് പുനരാരംഭിക്കും
rahul-gandhi-bharat-jodo-2701
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്‌ക്കിടെ. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമൻ അബ്‌ദുല്ലയും ഒപ്പം. ചിത്രം:Twitter/@bharatjodo
SHARE

ശ്രീനഗർ ∙ ജമ്മുവിൽ നിന്ന് ദക്ഷിണ കശ്മീരിലേക്കു കടക്കവേ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഗുരുതര സുരക്ഷാവീഴ്ച. ഇതെത്തുടർന്ന് ഇന്നലെ യാത്ര നിർത്തിവച്ചു. 133 ദിവസം പിന്നിട്ട യാത്ര ആദ്യമായാണ് സുരക്ഷാവീഴ്ച മൂലം നിർത്തിവയ്ക്കുന്നത്. ഇന്ന് അവന്തിപുരയിൽനിന്ന് യാത്ര പുനരാരംഭിക്കും. 

ഇന്നലെ രാവിലെ ബനിഹാലിൽ നിന്നാരംഭിച്ച യാത്ര 4 കിലോമീറ്റർ പിന്നിട്ട് ജവാഹർ തുരങ്കം കടന്നപ്പോൾ, സുരക്ഷാവലയം ഭേദിച്ച് ജനക്കൂട്ടം രാഹുലിനടുത്തേക്ക് ഇരച്ചെത്തുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിനു ചുറ്റും വലയം തീർത്തെങ്കിലും ജനക്കൂട്ടം അതു ഭേദിച്ചു രാഹുലിനു ഹസ്തദാനം നൽകാനും ചിത്രമെടുക്കാനും ശ്രമിച്ചതോടെ, സ്ഥിതി വഷളായി. രാഹുലിനൊപ്പമുള്ള നേതാക്കളെയും ജനക്കൂട്ടം തള്ളിമാറ്റി. നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല ഒപ്പമുണ്ടായിരുന്നു. 

bharat-jodo-yatra
മഞ്ഞിലും ആവേശം... രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡ‍ോ യാത്ര കശ്മീരിലെ ഖാസിഗുണ്ടിൽ എത്തിയപ്പോഴത്തെ ആൾക്കൂട്ടം. ഇടത്തേയറ്റത്ത് വാഹനത്തിനു മുകളിൽ കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ചിത്രം: പിടിഐ

സുരക്ഷാപ്രശ്നമില്ലെന്നും താൻ നടക്കുമെന്നും രാഹുൽ നിർബന്ധം പിടിച്ചെങ്കിലും കോൺഗ്രസ് നേതാക്കൾ സമ്മതിച്ചില്ല. ദേഹപരിശോധന സാധ്യമല്ലാത്ത സാഹചര്യമാണെന്നും സുരക്ഷാഭീഷണിയുണ്ടെന്നും സിആർപിഎഫും വ്യക്തമാക്കി. യാത്രയ്ക്കു തൊട്ടുപിന്നിലായി സഞ്ചരിക്കേണ്ട ബുള്ളറ്റ് പ്രൂഫ് വാഹനം അപ്പോഴുണ്ടായിരുന്നില്ല. 10 മിനിറ്റ് കഴിഞ്ഞു വാഹനം എത്തിയെങ്കിലും അതിൽ കയറാതെ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് രാഹുൽ വീണ്ടും നടന്നു. ഒടുവിൽ നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം വാഹനത്തിൽ കയറി. 

പിഡിപി നേതാവും മുൻമുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ഇന്നു യാത്രയിൽ പങ്കെടുത്തേക്കും. രാഹുലിനു ചുറ്റും കയർകെട്ടി സുരക്ഷയൊരുക്കേണ്ട ജമ്മു കശ്മീർ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. സുരക്ഷ നൽകാത്തതിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്നു വൈകിട്ട് 4ന് മണ്ഡലം തലത്തിൽ പൊതുസമ്മേളനവും സർവമത പ്രാർഥനയും സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. 

∙ ‘പൊലീസിന്റെ സുരക്ഷാസംവിധാനം പൂർണമായി തകർന്നു. സുരക്ഷാവലയം തീർക്കേണ്ട പൊലീസിനെ അവിടെ കാണാൻ പോലുമില്ലായിരുന്നു.’ –  രാഹുൽ ഗാന്ധി.

∙ ‘പൂർണസുരക്ഷ സജ്ജമാക്കിയിരുന്നു. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയുമുണ്ടായിട്ടില്ല. ബനിഹാലിൽ ഇത്രയുമധികം ആളുകൾ യാത്രയിൽ ചേരുമെന്ന കാര്യം സംഘാടകർ പൊലീസിനെ മുൻകൂട്ടി അറിയിച്ചില്ല.’ – ജമ്മു കശ്മീർ പൊലീസ്. 

English Summary: Congress stops Bharat Jodo Yatra in Kashmir, says 'not enough security measures'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS