ADVERTISEMENT

ന്യൂഡൽ‌ഹി ∙ ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്കു വാതിൽ തുറക്കുന്നതുമാണു കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന നയമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടു തന്നെ കഴിഞ്ഞ 9 വർഷങ്ങൾക്കിടയിൽ മാറിയെന്ന് സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ അവർ പറഞ്ഞു. സമസ്ത മേഖലയിലും അഭൂതപൂർവമായ പുരോഗതിക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. 

ഒരു വശത്ത് അയോധ്യയിൽ ക്ഷേത്രം നിർമിക്കപ്പെടുമ്പോൾത്തന്നെ മറുവശത്ത് ആധുനിക പാർലമെന്റ് മന്ദിരവും തയാറാവുന്നു. പുരാതന ആരാധനാലയങ്ങൾ പുതുമോടിയിൽ വരുമ്പോൾത്തന്നെ എല്ലാ ജില്ലയിലും സർക്കാർ മെഡിക്കൽ കോളജുകൾ നിർമിക്കുന്നു. തീർഥാടന കേന്ദ്രങ്ങളും ചരിത്ര പൈതൃകവും വികസിപ്പിക്കുന്നതിനിടയിൽത്തന്നെ ഇന്ത്യ ലോകത്തിലെ പ്രധാന ബഹിരാകാശ ശക്തിയായി മാറുന്നു. ആദിശങ്കരനും ഭഗവാൻ ബസവേശ്വരനും തിരുവള്ളുവർ, ഗുരുനാനാക്ക് തുടങ്ങിയ ജ്ഞാനിമാർ കാണിച്ചുതന്ന പാതയിലൂടെ സഞ്ചരിക്കുമ്പോൾ മറുഭാഗത്ത് ഹൈടെക് വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രകൃതി സൗഹൃദ കൃഷിയും പരമ്പരാഗത വിളകളും പ്രോത്സാഹിപ്പിക്കുമ്പോൾതന്നെ നാനോ യൂറിയ പോലുള്ള ആധുനിക സാങ്കേതികവിദ്യയും നാം വികസിപ്പിച്ചെടുത്തു. കാർഷിക മേഖലയ്ക്കുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഡ്രോൺ സാങ്കേതികവിദ്യയിലൂടെയും സൗരോർജത്തിലൂടെയും കർഷകരെ ശാക്തീകരിക്കുന്നു. ഉറച്ചതും ഭയമില്ലാത്തതും അതിവേഗം തീരുമാനമെടുക്കുന്നതും സ്ത്രീ ശാക്തീകരണത്തിനു മുൻഗണന നൽകുന്നതുമായ സർക്കാരാണു തന്റേത്. 

അടിസ്ഥാന സൗകര്യപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അനാവശ്യ ചെലവുകളൊഴിവാക്കാനും പിഎം ഗതിശക്തി പദ്ധതി മൂലം സാധിച്ചു. പുരോഗതിയും പ്രകൃതി സംരക്ഷണവും പരസ്പര ബന്ധിതമാണെന്ന് ഉൾക്കൊണ്ട തന്റെ സർക്കാർ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കും മുഖ്യ പരിഗണന നൽകുന്നു. ആഗോളബന്ധത്തിന്റെ ഏറ്റവും മികച്ച കാലമാണിത്. വിവിധ രാജ്യങ്ങളുമായുള്ള സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തി.

അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും മനുഷ്യത്വപരമായ സഹായം ആദ്യം നൽകിയത് ഇന്ത്യയാണ്. ഇന്തോ–പസിഫിക് മേഖലയിൽ സമാധാനമുറപ്പാക്കാനും യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലും ഇന്ത്യ നേതൃപരമായ പങ്കുവഹിച്ചു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാടിനെ ലോകം അംഗീകരിച്ചു. എല്ലാ ആഗോള വേദികളിലും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ശബ്ദം പ്രതിധ്വനിക്കുന്നു. സൈബർ സുരക്ഷ സംബന്ധിച്ച നിലപാടും ശ്രദ്ധേയമാണെന്നു രാഷ്ട്രപതി പറഞ്ഞു. 

വ്യോമയാന വിപണിയിൽ മൂന്നാംശക്തിയായി

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയായി വളർന്നുവെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2014 വരെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു, ഇപ്പോൾ അത് 147 ആയി. ഉഡാൻ പദ്ധതി വ്യോമയാന മേഖലയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. പ്രതിരോധ കയറ്റുമതി ആറിരട്ടി വർധിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ പ്രധാന മൊബൈൽ ഫോൺ കയറ്റുമതി രാജ്യമായി മാറി. കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 70% കുറഞ്ഞപ്പോൾ കയറ്റുമതി 60% കൂടി. 2004– 14 ൽ രാജ്യത്ത് 145 മെഡിക്കൽ കോളജുകളാരംഭിച്ചപ്പോൾ ഈ സർക്കാരിന്റെ കാലത്ത് 260 മെഡിക്കൽ കോളജുകളാരംഭിച്ചു. 

പഴയ സെൻട്രൽ ഹാളിലെ അവസാന നയപ്രഖ്യാപനം

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രഥമ നയപ്രഖ്യാപന പ്രസംഗം നിലവിലെ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലെ അവസാനത്തെ നയപ്രഖ്യാപനവുമാകും. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഈ വർഷം മാറുന്നതു കൊണ്ടാണിത്. രാഷ്ട്രപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ ചേർന്നാണു സെൻട്രൽ ഹാളിലേക്കു സ്വീകരിച്ചാനയിച്ചത്.

പ്രസംഗ ശേഷം മടങ്ങാനൊരുങ്ങിയ രാഷ്ട്രപതി കോൺഗ്രസ് മുൻ അധ്യക്ഷയും യുപിഎ കൺവീനറുമായ സോണിയ ഗാന്ധിയോടു മാത്രം അൽപ നേരം കുശലം പറഞ്ഞു. ആരോഗ്യ സ്ഥിതിയാണ് ആരാഞ്ഞത്. ഭാരത് ജോഡോ യാത്രയ്ക്കു പോയ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയടക്കമുളള കോൺഗ്രസ് എംപിമാർക്കു വിമാനം വൈകിയതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാനായില്ല. 

ബിജെപി പ്രകടനപത്രികയുടെ ആമുഖമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി ∙ 2024 ലെ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയുടെ ആമുഖമാണു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. സർക്കാരിന്റെ സ്ഥിരം അവകാശവാദങ്ങൾ എന്നതിലപ്പുറം പ്രസംഗത്തിൽ ഒന്നുമില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പറഞ്ഞു. 

സർക്കാർ തുറന്നുവെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്വകാര്യമേഖലയിലാണ്. അവിടെ പാവപ്പെട്ടവന് അടുക്കാനാവില്ല. അഴിമതിയില്ലാതാക്കിയെന്നു പറയുന്നവർ പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായ ബിസിനസുകാരൻ ലക്ഷക്കണക്കിന് നിക്ഷേപകരെ ആശങ്കയിലാക്കിയ തട്ടിപ്പിനെക്കുറിച്ചു പറയാത്തതെന്തെന്നും ഖർഗെ ചോദിച്ചു. 

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി നയപ്രഖ്യാപന പ്രസംഗം മാറിയെന്നു സിപിഎം നേതാവ് എളമരം കരീം കുറ്റപ്പെടുത്തി. വനിതകൾ, യുവാക്കൾ, ദലിതർ, ഗോത്രവർഗക്കാർ എന്നിവരുടെ ശാക്തീകരണം കടലാസിൽ മാത്രമാണെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. 

English Summary: Budget Session Begins With President Murmu's Address To Both Houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com