ആസാറാം ബാപ്പുവിന് രണ്ടാം ജീവപര്യന്തം; നിലവിൽ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് രാജസ്ഥാൻ ജയിലിൽ
Mail This Article
അഹമ്മദാബാദ് ∙ ആശ്രമത്തിൽ വച്ച് ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിൽ വിവാദ സന്യാസി ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 2013 ലെ കേസിലാണ് ഗാന്ധിനഗർ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷയും 50,000 രൂപ പിഴയും വിധിച്ചത്. അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ വച്ച് 2001 നും 2006 നും ഇടയിൽ തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് സൂറത്ത് സ്വദേശിയായ വനിത നൽകിയ കേസ്.
ഈ കേസിൽ ബാപ്പു കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ബലപ്രയോഗം എന്നീ കുറ്റങ്ങൾ ചെയ്തതായി കോടതി കണ്ടെത്തി. ഇതിനു കൂട്ടുനിന്നവർ എന്ന നിലയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ബാപ്പുവിന്റെ ഭാര്യ ലക്ഷ്മിബെൻ, മകൾ, മറ്റ് 4 പേർ എന്നിവരെ തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചു.
രാജസ്ഥാനിലെ ആശ്രമത്തിൽ 2013ൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡി പ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജോധ്പുർ ജയിലിൽ കഴിയുകയാണ് ആസാറാം ബാപ്പു (81). 2018 ഏപ്രിലിലാണ് ജോധ്പുർ കോടതി ജീവിതാന്ത്യംവരെ തടവുശിക്ഷ വിധിച്ചത്. ബാപ്പുവിന്റെ മകൻ നാരായൺ സായിയും (51) ബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് സൂറത്തിലെ ജയിലിലാണ്. സൂറത്തിൽ നിന്നുള്ള മറ്റൊരു യുവതി നൽകിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.
English Summary: Asaram Gets Life Sentence For Raping Former Woman Disciple