ADVERTISEMENT

ന്യൂഡൽഹി ∙ ചൈന അതിർത്തിയിലെ അരക്ഷിതാവസ്ഥ ബജറ്റിലും പ്രതിഫലിക്കുന്നു. പ്രതിരോധച്ചെലവ് 5.25 ലക്ഷം കോടി രൂപയിൽനിന്ന് 12.95 % വർധിച്ച് 5.94 ലക്ഷം കോടി രൂപയായി. ഇതിൽ 2.70 ലക്ഷം കോടിയാണു സൈന്യത്തിന്റെ ദൈനംദിന നടത്തിപ്പുചെലവിനു വേണ്ടിവരിക. 

വെടിക്കോപ്പ്, ഇന്ധനം, വാഹനോപയോഗം, പരിശീലനം തുടങ്ങി അതിർത്തിയിലെ നിലവിലുള്ള തയാറെടുപ്പുകളും ഇതിൽ വരും. പുതിയ വിമാനങ്ങൾ, കപ്പലുകൾ, ടാങ്കുകൾ പീരങ്കികൾ, മിസൈലുകൾ തുടങ്ങിയ വൻആയുധങ്ങൾ വാങ്ങാനുള്ള ചെലവ് 1.62 ലക്ഷം കോടി രൂപയാണ്. ദൈനംദിന ചെലവു കുറച്ച് നവീകരണത്തിനു കൂടുതൽ ചെലവഴിക്കണമെന്ന ലക്ഷ്യം നേടാനാകുന്നില്ലെന്നും ഇതു സൂചിപ്പിക്കുന്നു.

ഇതിനു പുറമേ അതിർത്തി റോഡുകൾ, പാലങ്ങൾ, താമസസൗകര്യങ്ങൾ തുടങ്ങിയ സൈനികേതര നിർമാണപ്രവർത്തനങ്ങൾക്കു പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.

അഗ്നിവീർ സേവാനിധി: ആദായ നികുതിയില്ല

ന്യൂഡൽഹി∙ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കര,വ്യോമ,നാവിക സേനകളിൽ ചേരുന്ന അഗ്നിവീറുകൾക്കു 4 വർഷത്തെ സേവനകാലാവധിക്കു ശേഷം ലഭിക്കുന്ന സേവാനിധി തുകയ്ക്കുമേൽ ആദായനികുതി ഈടാക്കില്ലെന്നു ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. അഗ്നിവീർ സേനാംഗം പ്രതിമാസ ശമ്പളത്തിന്റെ 30 % സേവാനിധി ഫണ്ടിലേക്ക് അടയ്ക്കണം. തുല്യമായ തുക കേന്ദ്രസർക്കാരും അടയ്ക്കും. സേവനകാലാവധി പൂർത്തിയാകുമ്പോൾ പലിശ കൂടി ചേർത്തുള്ള സേവാനിധി തുക സേനാംഗത്തിനു ലഭിക്കും.

ചെറുസംരംഭകർക്കുള്ള വായ്പാപദ്ധതി: പലിശനിരക്ക് 1% കുറയും

ന്യൂഡൽഹി∙ ചെറുകിട സംരംഭങ്ങൾക്കു (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ ക്രെഡിറ്റ് ഗാരന്റി സ്കീമിന് ഇനി പുതുരൂപം. 9,000 കോടി രൂപ കൂടി ഇതിലേക്കു ബജറ്റ് വകയിരുത്തി. 2 ലക്ഷം കോടിയോളം രൂപ ജാമ്യമില്ലാ വായ്പയായി നൽകും.

 പലിശനിരക്ക് ഒരു ശതമാനം കുറയ്ക്കും. ബാങ്ക് വായ്പയിൽ 2020 ഫെബ്രുവരി 29 വരെയുള്ള ബാധ്യതയുള്ള തുകയുടെ 20% തുക എമർജൻസി ക്രെഡിറ്റ് ആയി ഈടില്ലാതെ പരമാവധി 9.25% പലിശനിരക്കിൽ നൽകുന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം.

വായ്പ ബാധ്യത നിലനിൽക്കുന്ന ബാങ്ക്, സാമ്പത്തിക സ്ഥാപനം മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്. തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയമുണ്ട്. തുടർന്നു 4 വർഷംകൊണ്ടു തിരിച്ചടയ്ക്കണം. വിവരങ്ങൾക്ക് : www.eclgs.com

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചു കേരളത്തിൽ ഈ പദ്ധതി വഴി 5.24 ലക്ഷം വ്യവസായങ്ങൾക്കായി നൽകിയത് 7,503 കോടി രൂപയാണ്.

കോവിഡ് കാലത്തു ചെറുകിട സംരംഭങ്ങൾക്ക് ഏതെങ്കിലും കരാറുകൾ നടപ്പാക്കാൻ കഴിയാതിരുന്നെങ്കിൽ സെക്യൂരിറ്റി തുകയും 95 % സർക്കാർ തിരികെ നൽകണം.

ഡിജിലോക്കറിൽ പ്രൊഫൈൽ ഷെയർ ചെയ്യാൻ സൗകര്യം വരുന്നു

ന്യൂഡൽഹി∙ ആധാർ അടിസ്ഥാന തിരിച്ചറിയൽ രേഖയാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സർക്കാർ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ സഹായിക്കുന്ന ‘ഡിജിലോക്കർ’ ആപ് ഉപയോഗിച്ച് ഏകീകൃത തിരിച്ചറിയൽ, അഡ്രസ് അപ്ഡേറ്റിങ് സംവിധാനം വരും. വിവിധ സർക്കാർ ഏജൻസികൾ സൂക്ഷിച്ചിരിക്കുന്ന ഐഡന്റിറ്റികളിലെ പൊരുത്തക്കേട് ഇതുവഴി മാറ്റാം. ഷെയറബിൾ പ്രൊഫൈൽ എന്ന സംവിധാനവും ഡിജിലോക്കറിൽ ഉടനെത്തും.

ആധാർ അടക്കം രണ്ടോ മൂന്നോ തിരിച്ചറിയൽ രേഖ ബന്ധിപ്പിച്ച് നിങ്ങളുടെ പ്രൊഫൈൽ വെരിഫൈ ചെയ്യാൻ അവസരമുണ്ടാകും. തിരിച്ചറിയൽ ആവശ്യങ്ങൾക്കായി ഈ രേഖകൾ കൈമാറുന്നതിനു പകരം ഈ പ്രൊഫൈൽ ഷെയർ ചെയ്താൽ മതിയാകും. ചുരുക്കത്തിൽ തിരിച്ചറിയൽ നമ്പറുകൾ വെളിവാക്കാതെ തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കാം. മാട്രിമോണിയൽ സൈറ്റുകളിൽ ഉൾപ്പെടെ ഈ പ്രൊഫൈലുകൾ ഷെയർ ചെയ്യാം.

നിലവിൽ വ്യക്തികൾക്ക് മാത്രമാണ് ഡിജിലോക്കർ. ഇനി സ്ഥാപനങ്ങൾക്കും അവരുടെ സർക്കാർ രേഖകൾ സൂക്ഷിക്കാനായി സമാനമായി സംവിധാനം ഉടൻ നിലവിൽ വരും. നികുതി റിട്ടേണുകൾ, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ ഇത്തരത്തിൽ സൂക്ഷിക്കാം.

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com