ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക വളർച്ചയ്ക്ക് ‘സപ്തർഷികൾ’ എന്ന വിശേഷണത്തോടെ 7 മുൻഗണനകളാണു ധനമന്ത്രി കേന്ദ്രബജറ്റിൽ നിർദേശിച്ചിരിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ഏറ്റവും താഴേത്തട്ടിൽ വരെ നേട്ടങ്ങളെത്തിക്കൽ, അടിസ്ഥാന സൗകര്യത്തിലും നിക്ഷേപത്തിലും വളർച്ച, ശേഷികൾ പ്രയോജനപ്പെടുത്തൽ, ഹരിത വളർച്ച, യുവശക്തി, ധനകാര്യ മേഖല എന്നിവയാണ് അവ. 

അടിസ്ഥാന സൗകര്യവികസത്തിനുള്ള സർക്കാർ മുതൽമുടക്ക് കഴിഞ്ഞ വർഷത്തേതിനേക്കാൾ 33.4% വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കി. ഈ മേഖലയിൽ സംസ്ഥാനങ്ങളുടെ പങ്കാളിത്തമുറപ്പാക്കാനെന്നോണം, 50 വർഷ കാലാവധിയുള്ള പലിശ രഹിത വായ്പ ഈ വർഷവും നൽകും. റെയിൽവെ വികസനത്തിന് 2.4 ലക്ഷം കോടി രൂപയാണ് ചെലവഴിക്കുക. നഗരങ്ങളെ വികസിപ്പിക്കാൻ പ്രത്യേക നിധിയുണ്ടാവും. 

ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ 50 വിമാനത്താവളങ്ങൾ ഉൾപ്പെടെ വിവിധ നിർദേശങ്ങൾ ബജറ്റിലുണ്ട്. നിർമിത ബുദ്ധി ഉൾപ്പെടെയുള്ള പുതുതലമുറ വിഷയങ്ങളുടെ പഠനത്തിനും പ്രയോഗത്തിനും 5 ജി അധിഷ്ഠിത സേവന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഊന്നലുണ്ട്. കോവിഡ് കാരണം പ്രതിസന്ധിയിൽ തുടരുന്ന എംഎസ്എംഇ മേഖലയ്ക്കു കൂടുതൽ സഹായങ്ങളുണ്ടാവും. 

കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനും പരിസ്ഥിതി സംരക്ഷണത്തിനുമായി കണ്ടൽക്കാടുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം, രാസവളങ്ങളുടെ പ്രയോഗം കുറയ്ക്കൽ ഉൾപ്പെടെയുള്ള നിർദേങ്ങളാണുള്ളത്. യുവജനങ്ങളെ തൊഴിലിനു പ്രാപ്തരാക്കാൻ നൈപുണ്യ വികസനത്തിന് കൂടുതൽ അവസരങ്ങളുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

കരുത്തിന്റെ സപ്തർഷികൾ 

യാഗശക്തികൊണ്ടും തപഃശക്തി കൊണ്ടും കരുത്തു നേടിയ 7 ഋഷിമാരെയാണു സപ്തർഷികളായി വിശേഷിപ്പിക്കുന്നത്. ബ്രഹ്മാവിന്റെ മാനസപുത്രന്മാരായ ഇവർ ലോകനന്മയ്ക്കായി പ്രവർത്തിക്കുന്നെന്നാണു സങ്കൽപം.  ഉപനിഷത്തിലും പുരാണത്തിലും മന്വന്തരങ്ങളനുസരിച്ച് ഇവരുടെ പേരുകൾക്ക് വ്യത്യാസമുണ്ടെങ്കിലും പൊതുവെ മരീചി, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ എന്നിവരെയാണ് സപ്തർഷികളായി വിശേഷിപ്പിക്കുന്നത്.

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com