ADVERTISEMENT

കോഴിക്കോട് ∙ കേന്ദ്ര ബജറ്റിൽ പണമിടപാട് പരിധി ഉയർത്തിയതോടെ സഹകരണ സംഘങ്ങൾക്കും ഇടപാടുകാർക്കും നേട്ടം. സംഘങ്ങളുടെ വാർഷിക പണമിടപാട് പരിധി 3 കോടി രൂപയാക്കി ഉയർത്തി. സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ പണമിടപാട് പരിധി 20,000 രൂപയിൽ നിന്ന്  2 ലക്ഷം രൂപ വരെ ആക്കി. ഇവ രണ്ടും സഹകരണ സംഘങ്ങളും സർവീസ് സഹകരണ ബാങ്കുകളും ഏറെ നാളായി ആവശ്യപ്പെടുന്നതാണ്. 

ഒരു സാമ്പത്തിക വർഷം സഹകരണ സംഘങ്ങൾ ഒരു കോടി രൂപയിൽ കൂടുതൽ പണമായി പിൻവലിക്കുന്നതിനു നിയന്ത്രണമുണ്ടായിരുന്നു. ഇതിൽ കൂടുതൽ പണമായി പിൻവലിച്ചാൽ ആദായ നികുതി 194 (എൻ) പ്രകാരം പിൻവലിക്കുന്ന അധിക തുകയ്ക്ക് 2% ടിഡിഎസ് ബാധകമായിരുന്നു. ഈ പരിധിയാണ് 3 കോടി രൂപയാക്കിയത്. സർക്കാർ ക്ഷേമ പെൻഷൻ വിതരണം സഹകരണ ബാങ്കുകൾ വഴി ആരംഭിച്ചതോടെ മിക്ക സംഘങ്ങളുടെയും ഇടപാട് പരിധി ഒരു കോടി രൂപയിൽ കൂടി. ഇതിന് അധിക നികുതിഭാരം കൂടി വന്നതോടെ സംഘങ്ങൾ വൻ പ്രതിസന്ധിയിലായിരുന്നു.  

പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽ ഇടപാടുകാരിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ പണമായി സ്വീകരിക്കാൻ പാടില്ലായിരുന്നു. വായ്പ എടുക്കുമ്പോൾ 20,000 രൂപയിൽ കൂടുതൽ പണമായി നൽകാനും പാടില്ല. ഇത് 2 ലക്ഷം രൂപയാക്കി ഉയർത്തിയതും നേട്ടമാകും. 

പൊതു സോഫ്റ്റ്‌വെയറിൽ കേരളത്തിന് ആശങ്ക

സഹകരണ സംഘങ്ങൾക്ക് പൊതു സോഫ്റ്റ്‌വെയർ നടപ്പാക്കുമെന്ന പ്രഖ്യാപനവുമുണ്ട്. രാജ്യമൊട്ടാകെയുള്ള 63,000 സംഘങ്ങൾ കംപ്യൂട്ടർവൽക്കരിക്കാൻ 2516 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഡിജിറ്റൈസേഷൻ നടപടികൾ സംഘങ്ങളെ കാലോചിതമായ പരിഷ്കാരങ്ങൾക്കു സഹായിക്കും. പക്ഷേ കേരളത്തിലെ സഹകരണ സംഘങ്ങളിൽ സംസ്ഥാന സർക്കാരിനുണ്ടായിരുന്ന നിയന്ത്രണത്തേക്കാൾ കൂടുതൽ കേന്ദ്ര സർക്കാരിനുണ്ടാകുമെന്ന് ആശങ്കയുണ്ട്. 

കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഇടപാടുകളും സോഫ്റ്റ്‌വെയറുകളും എങ്ങനെ ഒത്തുപോകും എന്നതു സംബന്ധിച്ചും ആശങ്കയുണ്ട്. കേരളത്തിലെ സംഘങ്ങൾ ബാങ്കുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, സംഘങ്ങൾ നോൺ ബാങ്കിങ് പ്രവർത്തനങ്ങളിലേക്കു മാറണമെന്നാണ് കേന്ദ്ര നിലപാട്.

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com