ADVERTISEMENT

ന്യൂഡൽഹി ∙ ബജറ്റിൽ ആരോഗ്യരംഗത്തിനു കാര്യമായ പരിഗണനയില്ല. ആരോഗ്യ അനുബന്ധ മേഖലകളെ തൊട്ടായിരുന്നു പ്രഖ്യാപനങ്ങൾ. പുതിയ എയിംസുകൾ സ്ഥാപിക്കാനുള്ള പിഎം സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ വിഹിതം 9410 കോടിയിൽ നിന്ന് 3365 കോടിയാക്കി. എയിംസ് എന്ന കേരളത്തിന്റെ സ്വപ്നം പ്രതിസന്ധിയിലാക്കുന്നതാണു നടപടി. 

കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച തുക ചെലവിട്ടില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. 86,200 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചത്. ഇത് 79,145 കോടിയായി ചുരുക്കി. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതത്തിൽ 5% കുറച്ചു. ജിഡിപിയുടെ 2.1% ആണ് ആരോഗ്യമേഖലയ്ക്കുള്ളത്. 2025 ൽ ഇത് 2.5% ആക്കണമെന്നാണ് ലക്ഷ്യം. 

അരിവാൾ രോഗ നിർമാർജനം

ഇന്ത്യയിൽ 2 കോടിയോളം ആളുകൾക്കുള്ള അരിവാൾ രോഗം 2047 ൽ പൂർണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപനമുണ്ട്. ഇതിനായി ബോധവൽക്കരണം, ഗിരിവർഗ മേഖലകളിൽ 40 വയസ്സു വരെയുള്ള 7 കോടിയാളുകളിൽ പരിശോധന എന്നിവ നടത്തും. എന്നാൽ, ഈ രംഗത്തു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച പ്രവർത്തനം കേരളം നേരത്തെ തന്നെ നടത്തുന്നുണ്ട്.

ഗവേഷണം/പഠനം 

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ലാബുകൾ സ്വകാര്യമേഖലയ്ക്കു കൂടി പ്രാപ്യമാക്കും. സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ ജീവനക്കാർക്കും സ്വകാര്യ ഗവേഷണ വികസന സംഘങ്ങൾക്കും ഇതു പ്രയോജനകരമാകും. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം സ്ഥാപിതമായ 157 പുതിയ മെഡിക്കൽ കോളജുകൾക്ക് അനുബന്ധമായി പുതിയ നഴ്‌സിങ് കോളജുകൾ കൂടി സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. 

കോവിഡ് കുറഞ്ഞു; തുകയും 

ന്യൂഡൽഹി ∙ കോവിഡ് ഭീതി അകന്നെന്ന വിലയിരുത്തലിൽ, അടിയന്തര സാഹചര്യം നേരിടാൻ നീക്കിവച്ചതു 1.78 കോടി രൂപ മാത്രം. കഴിഞ്ഞതവണ തുക ഒഴിവാക്കിയെങ്കിലും നടപ്പുവർഷം 1.78 കോടി രൂപ ചെലവായി.  2021–22 ൽ 646 കോടി രൂപയാണ് കോവിഡ് പ്രതിരോധത്തിന് നീക്കിവച്ചത്.

തൊഴിലുറപ്പു പോരാ

∙ തൊഴിലുറപ്പ് വിഹിതത്തിൽ 21.66% കുറവ്

∙ പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതി വിഹിതത്തിൽ 172% വർധന

ന്യൂഡൽഹി ∙ കേന്ദ്രബജറ്റിൽ ഗ്രാമീണമേഖലയ്ക്കു തല്ലും തലോടലും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം രണ്ടാം മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും കുറഞ്ഞ നിലയിലായപ്പോൾ, പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന്റെ (പിഎംഎവൈജി) വിഹിതത്തിൽ ഗണ്യമായ വർധന വരുത്തി. തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചു ബജറ്റ് പ്രസംഗത്തിൽ ഒരിടത്തു മാത്രമാണു പരാമർശമുണ്ടായതെന്നതും ശ്രദ്ധേയം. 

കഴിഞ്ഞ വർഷത്തെ ബജറ്റിൽ 73,000 കോടി രൂപയായിരുന്നു തൊഴിലുറപ്പു പദ്ധതിക്കു വകയിരുത്തിയിരുന്നത്. പിന്നീടു പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 89,400 കോടി രൂപയാക്കി. ഇക്കുറി 60,000 കോടി മാത്രമാണു വകയിരുത്തിയിരിക്കുന്നത്– 21.66% കുറവ്.  2022–23 സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പു പദ്ധതിയുടെ  നേട്ടം അനുഭവിച്ചിരുന്നത് 5.7 കോടി കുടുംബങ്ങളായിരുന്നു. പദ്ധതിയുടെ കീഴിൽ 15.51 കോടി തൊഴിലാളികളുണ്ടെന്നാണു കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ പ്രതിഫലം വൈകാനും തൊഴിൽ ദിവസങ്ങൾ കുറയാനും ഇതു കാരണമാകും. 

അതേസമയം, പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതിയുടെ വിഹിതത്തിൽ 172% വർധനയാണു വരുത്തിയിരിക്കുന്നത്. 2022–23 ൽ പുതുക്കിയ എസ്റ്റിമേറ്റിൽ 48,422 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇക്കുറി ബജറ്റ് വിഹിതം തന്നെ 54,487 കോടി രൂപയാക്കി. കേന്ദ്രസർക്കാരിന്റെ ഭവന പദ്ധതിയുടെ നേട്ടം ഏറെപ്പേർക്കു ലഭിക്കുമെന്നു വ്യക്തം. 

English Summary : Union budget 2023 analysis about health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com