ADVERTISEMENT

റഷ്യ–യുക്രെയ്ൻ യുദ്ധമില്ല, ആഗോള സാമ്പത്തികമാന്ദ്യമില്ല, വിതരണ ശൃംഖല പ്രശ്നങ്ങളില്ല, ഡോളറിന്റെ കുതിപ്പില്ല, കോവിഡില്ല, തൊഴിൽരഹിതരുടെ പ്രശ്നങ്ങളില്ല, ഹരിതസമ്പദ്ഘടനയിലേക്കു മാറുന്നകാലത്ത് വരാൻ സാധ്യതയുള്ള ചെലവുകളെപ്പറ്റി ആശങ്കകളില്ല, അതിർത്തിയിലെ സൈനികസന്നാഹം മൂലമുയരാവുന്ന സാമ്പത്തിക ആശങ്കകളില്ല – ആകപ്പാടെ സുഖം തോന്നിക്കുന്ന ബജറ്റ് പ്രസംഗമാണ് ധനകാര്യമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ നടത്തിയത്.

രാജ്യവും ലോകവും നേരിടുന്ന സാമ്പത്തികപ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞശേഷം, ഇതൊക്കെയാണെങ്കിലും നാം മുന്നോട്ടു കുതിക്കുകയാണ് എന്ന് അവകാശപ്പെടാനാണ് സാധാരണഗതിയിൽ ധനമന്ത്രിമാർക്കു താൽപര്യം. വരുംമാസങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായാൽതന്നെ ഇവയിൽ പഴിചാരി രക്ഷപ്പെടാനുള്ള ഇൻഷുറൻസ് ആയിട്ടാണ് ധനമന്ത്രിമാർ രാജ്യത്തിനു മുന്നിൽ ഇപ്പോഴുള്ളതും ഇനി ഉയരാൻ സാധ്യതയുള്ളതുമായ പ്രശ്നങ്ങൾ എണ്ണിപ്പറയുന്നത്. എന്നാൽ, നിർമല സീതാരാമൻ ഇതിനൊന്നും മുതിർന്നില്ല. ‘ദൈവം സ്വർഗത്തിലുണ്ട്, ലോകത്തെല്ലാം നന്നായി നടക്കുന്നു’ എന്ന് ഇംഗ്ലിഷ് കവി റോബർട്ട് ബ്രൗണിങ് പാടിയപോലെയായിരുന്നു മന്ത്രിയുടെ ബജറ്റ് പ്രസംഗം. ആകപ്പാടെ ഒരു സുഖം.

2003–04 കാലത്ത് അടൽബിഹാരി വാജ്പേയിയുടെ ധനമന്ത്രി ജസ്വന്ത് സിങ് ‘ഇന്ത്യ ഷൈനിങ്’ അഥവാ ഇന്ത്യ തിളങ്ങുന്നു എന്നതിനോടൊപ്പം ഉയർത്തിക്കാട്ടിയ ‘ഫീൽ ഗുഡ്’ ഘടകത്തെ ആരോ മലയാളീകരിച്ചതാണ് ‘ആകപ്പാടെ ഒരു സുഖം’ എന്നതു മറക്കുന്നില്ല. ‘സാധാരണക്കാരന് എന്തു കിട്ടി?’ എന്ന് പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പു മുദ്രാവാക്യമുയർത്തിയതോടെ, 2004 ലെ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് തിരിച്ചടി നേരിട്ടു. 

എന്നാൽ 2004 ന്റെ ആവർത്തനം നിർമല പ്രതീക്ഷിക്കുന്നില്ല എന്നതു വ്യക്തം. 9 നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും അടുത്ത 14 മാസത്തിനുള്ളിൽ നടക്കാനിരിക്കെ, സാധാരണക്കാർക്ക് എന്തു നൽകി, എന്തു നൽകുന്നു എന്നത് എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പ്രസംഗം. അതാവട്ടെ പുതുതായി വൻ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെതന്നെ. 

പ്രധാനമന്ത്രി, മൺമറഞ്ഞ ദേശീയനേതാക്കൾ എന്നിവരുടെ പേരിൽ വികസനപദ്ധതികളും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചുകൊണ്ടാണ് പൊതുവേ ധനമന്ത്രിമാർ ബജറ്റ് അവതരിപ്പിക്കാറുള്ളത്. അല്ലെങ്കിൽ നേരത്തെ നിലവിലുണ്ടായിരുന്ന പദ്ധതികളെ കുലുക്കിക്കുത്തി പുതിയ പേരിൽ അവതരിപ്പിച്ചുകൊണ്ട്. മോദി ഭരണകൂടത്തിന്റെ ഒട്ടേറെ പദ്ധതികൾ ആ രീതിയിലുള്ളവയാണെന്ന് കോൺഗ്രസ് നേതാക്കൾക്കു പൊതുവേ പരാതിയുമുണ്ട്.

അതിനൊന്നും നിർമല മുതിർന്നില്ല. സർക്കാർ വരുമാനം ഉയർന്നതിന്റെ നേട്ടം ഉൾക്കൊണ്ടുകൊണ്ട് ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചർ 33% കണ്ട് വർധിപ്പിച്ച് വൻ നിർമാണ പദ്ധതികൾക്ക് ഊന്നൽ നൽകുകയാണ് അവർ. വികസനവും തൊഴിൽ സൃഷ്ടിക്കലുമാണ് അതിലൂടെ ലക്ഷ്യമാക്കുന്നത്. ക്ഷേമപദ്ധതികളിലാവട്ടെ നിലവിലുള്ള പദ്ധതികളിൽ ചിലത് പേരെടുത്തു പരാമർശിച്ചതോ അല്ലെങ്കിൽ അവയിൽ ചിലതിനുള്ള വിഹിതം വർധിപ്പിച്ചതോ അല്ലാതെ ആരുടെയെങ്കിലും പേരിൽ പുതുതായി യാതൊരു ക്ഷേമപദ്ധതിയും പ്രഖ്യാപിക്കാൻ നിർമല മുതിർന്നില്ല. 2024 ലെ തിരഞ്ഞെടുപ്പു വിജയമുൾപ്പെടെ ഈ സർക്കാരിന്റെ സാമ്പത്തിക–രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ നിലവിലുള്ളതും നടപ്പിലുള്ളതുമായ പദ്ധതികൾ മതിയാവും എന്ന് അവർക്ക് പരിപൂർണവിശ്വാസം ഉള്ളതുപോലെ. 

ഏതായാലും തന്റെ വ്യക്തിപരമായ പെരുമാറ്റത്തിലെന്നപോലെ ആരെയും കൂസാൻ താൽപര്യമില്ലാത്ത രീതിയിലാണ് നിർമല ബജറ്റ് അവതരിപ്പിച്ചത്. മധ്യവർഗത്തിന്റെ പിന്തുണയാണ് അവർ ബജറ്റിന്റെ ശക്തിയായി കാണുന്നത് – ആദായനികുതിയിലെ ഏതാനും ഇളവുകൾ, നികുതി സ്ലാബുകൾ ലഘൂകരിക്കൽ, കസ്റ്റംസ് എക്സൈസ് ഡ്യൂട്ടി സംവിധാനത്തെ കാര്യമായി തൊടാതിരുന്നത് എന്നിവയെല്ലാം മധ്യവർഗത്തിനു താൽപര്യമുള്ള വിഷയങ്ങളാണ്.

ഒപ്പംതന്നെ ബിജെപി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പുതിയ വോട്ടുബാങ്കുകൾക്കു വേണ്ടത് നൽകുന്നുണ്ടുതാനും. ബജറ്റ് പ്രസംഗം ആരംഭിച്ചതുതന്നെ യുവജനങ്ങൾ, കർഷകർ, പിന്നാക്കക്കാർ, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ പരാമർശിച്ചുകൊണ്ടാണ്. ഇവർക്കു വേണ്ടതും താൽപര്യമുള്ളതുമെല്ലാം ബജറ്റിലും പ്രസംഗത്തിലും ഉൾപ്പെടുത്താനും എടുത്തുപറയാനും മന്ത്രി ശ്രദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന, ജനസംഖ്യയുടെ 11 ശതമാനത്തിലധികമുള്ള, ഗോത്രവർഗക്കാരാണ് അവരിൽ പ്രധാനം. ഇവർക്ക് സ്വാതന്ത്യസമരത്തിലുണ്ടായിരുന്ന പങ്കും മറ്റും പ്രകീർത്തിക്കുന്ന പദ്ധതികളും സ്ഥാപനങ്ങളും കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ആരംഭിച്ചിട്ടുണ്ട്. 

ഏതായാലും ആദ്യമണിക്കൂറുകളിൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കു മൂർച്ച പോരായിരുന്നുവെന്നതു സമ്മതിച്ചേ തീരൂ. വൻപദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടായിരുന്നുവെങ്കിൽ പ്രത്യാക്രമണവും അതുപോലെ ശക്തമാകുമായിരുന്നു. പ്രത്യേക സെക്ടറുകൾക്കുള്ള ചെലവിൽ കുറ്റങ്ങളും കുറവുകളും പ്രതിപക്ഷനേതാക്കൾ കണ്ടെത്തുന്നുണ്ടെങ്കിലും ബജറ്റിന്റെ ആകപ്പാടെയുള്ള ഊന്നലിനെക്കുറിച്ച് അധികമൊന്നും അവർ പറയുന്നില്ല.

എന്നാൽ, ഇത് വരുംദിവസങ്ങളിൽ മാറിക്കൂടെന്നില്ല. പ്രശ്നങ്ങളെല്ലാം പരവതാനിക്കടിയിലേക്കു തൂത്തുമാറ്റിയതാണെന്ന് സാമ്പത്തികമേഖലയിലെ പ്രശ്നങ്ങളിലേക്ക് ചൂണ്ടിക്കൊണ്ട് അവർ ആരോപണമുയർത്തും. ഡോണൾഡ് ട്രംപിന്റെ സന്ദർശനദിവസങ്ങളിൽ അഹമ്മദാബാദിലെ ചേരികൾ സ്ക്രീനുകൾ വച്ച് മറച്ചതുപോലെ, അല്ലെങ്കിൽ വരുംആഴ്ചകളിൽ ജി20 സമ്മേളനങ്ങൾ നടക്കാനിരിക്കുന്ന നഗരങ്ങളെ സുമുഖമാക്കി പ്രദർശിപ്പിക്കുന്നതുപോലെയുള്ള മുഖംമിനുക്കി ബജറ്റാണിതെന്ന് ആരോപണവും പരിഹാസവും ഉയരാം.

English Summary : Union budget 2023 analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com