ന്യൂഡൽഹി ∙ പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിൽ തന്റെ മുടി മോശമായി വെട്ടിയെന്നു പരാതിപ്പെട്ട മോഡൽ ആഷ്ന റോയിക്ക് 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ (എൻസിഡിആർസി) ഉത്തരവു സുപ്രീം കോടതി റദ്ദാക്കി.
പരാതി വീണ്ടും പരിഗണിച്ചു തുക പുനർനിശ്ചയിക്കാൻ നിർദേശിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കുന്നതു പരാതിക്കാരിയുടെ അവകാശവാദത്തിന്റെ മാത്രം അടിസ്ഥാനത്തിലാകരുതെന്നും തെളിവുകൾ കൂടി കണക്കിലെടുക്കണമെന്നും ജഡ്ജിമാരായ അനിരുദ്ധ ബോസ്, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പ്രമുഖ ബ്രാൻഡുകളുടെ മോഡലായ യുവതിയാണു പരാതിക്കാരിയെന്നും തൊഴിൽപരമായും അല്ലാതെയും അവർക്കു മുടി പ്രധാനമാണെന്നും എൻസിഡിആർസി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, 2 കോടി രൂപ വളരെക്കൂടുതലാണെന്നു കോടതി വ്യക്തമാക്കി.
2018 ലാണ് ആഷ്ന മുടി വെട്ടിയത്. 4 ഇഞ്ച് വെട്ടാനായിരുന്നു നിർദേശിച്ചത്. എന്നാൽ, 4 ഇഞ്ച് മാത്രം നിർത്തി ബാക്കി വെട്ടി. ഇതു തൊഴിലിനെ ബാധിച്ചെന്നും വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും പരാതിക്കാരി ബോധിപ്പിച്ചു.
പ്രശ്നപരിഹാരമെന്ന നിലയിൽ ഹോട്ടലുകാർ നൽകിയ ചികിത്സാസേവനം തലയിൽ അലർജിയുണ്ടാക്കിയെന്നും ഇതോടെ ഒന്നാംകിട മോഡൽ ആവുകയെന്ന സ്വപ്നം പൊലിഞ്ഞെന്നും പരാതിയിൽ പറഞ്ഞിരുന്നു.
English Summary: SC quashes Rs 2 crore compensation for haircut gone wrong