പലിശഭാരം കൂടും

Indian Rupee 500 Currency Note with Home on White Background - 3D Illustration
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി / ന്യൂഡൽഹി ∙ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടാൻ വഴിയൊരുക്കി റിസർവ് ബാങ്ക് (ആർബിഐ) റീപ്പോ നിരക്ക് 0.25% കൂടി കൂട്ടി. ഇതോടെ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കൂടും. ഭവന വായ്പകളുടെ ഇഎംഐ 2–4% കൂടും. തുടർച്ചയായ പലിശവർധന മൂലം ഇടത്തരക്കാർക്കും ചെറുകിടക്കാർക്കും പാർപ്പിട പദ്ധതികൾ അനാകർഷകമായി മാറുകയാണ്. അതേസമയം, ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയരുമെന്ന ആശ്വാസവുമുണ്ട്. എന്നാൽ, നിക്ഷേപങ്ങളുടെ പലിശ വായ്പ പലിശയുടെ അത്രയും കൂടാറില്ല.

വിലക്കയറ്റഭീഷണി കുറഞ്ഞുതുടങ്ങിയെങ്കിലും റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) തുടർച്ചയായി ആറാം തവണയും പലിശനിരക്ക് (റീപ്പോ) കൂട്ടാൻ‌ തീരുമാനിക്കുകയായിരുന്നു. എന്നാൽ, 6 പ്രാവശ്യത്തിനിടെയുള്ള ഏറ്റവും കുറവു വർധനയാണ് ഇത്തവണത്തേത്.

ഈ വർധനയോടെ വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 6.5% ആയി. 2018 ഓഗസ്റ്റിലാണ് മുൻപ് ഇതേ നിരക്കുണ്ടായിരുന്നത്. ഇക്കഴിഞ്ഞ മേയ് 4 മുതലുള്ള 281 ദിവസത്തിനിടെ 6 തവണയായി പലിശനിരക്ക് 2.5% കൂടി.

വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റതോത് (നാണ്യപ്പെരുപ്പം) വരുതിയിലാക്കാനാണ് പലിശനിരക്ക് കൂട്ടുന്നത്. 10 മാസത്തോളം നാണ്യപ്പെരുപ്പ നിരക്ക് അഭിലഷണീയ പരിധിയായ 6 ശതമാനത്തിലും കവിഞ്ഞുനിൽക്കുകയായിരുന്നെങ്കിലും നവംബറിലും ഡിസംബറിലും കുറഞ്ഞിരുന്നു. പച്ചക്കറി വിലയിലുണ്ടായ വൻ ഇടിവായിരുന്നു പ്രധാന കാരണം. എന്നാൽ വേനലിന്റെ വരവോടെ വില വീണ്ടും ഉയരാം. പച്ചക്കറി ഒഴികെ മിക്ക ഉൽപന്നങ്ങളുടെയും വിലക്കയറ്റം പരിധിവിട്ട നിലയിലാണ്. അതിനാൽ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ജാഗ്രത അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പലിശനിരക്ക് വീണ്ടും ഉയർത്തിയത്.

English Summary: RBI hikes Repo rate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.