ADVERTISEMENT

അഗർത്തല/തിരുവനന്തപുരം ∙ കേരളത്തിൽ സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാത്തതിനെച്ചൊല്ലി ത്രിപുരയിൽ പോരു മുറുകുന്നു. ദേശീയ നേതാക്കൾ ഉൾപ്പെടെ വാദപ്രതിവാദങ്ങൾ തുടരുമ്പോൾ കേരള സർക്കാരിന് കുലുക്കമില്ല.

കോൺഗ്രസും സിപിഎമ്മും യോജിച്ചു മത്സരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നതാണ് അവരുടെ പ്രധാന വാഗ്ദാനം. സംസ്ഥാനം ഭരിക്കുന്ന ബിജെപി ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയിട്ടില്ല. 

സംസ്ഥാന നേതാക്കൾ തമ്മിൽ തർക്കം കൊഴുക്കുന്നതിനിടെ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങാണ് കേരളത്തിലെ സിപിഎമ്മിനെ വെല്ലുവിളിച്ചത്. സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തി‍ൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയാറാണോയെന്ന് അദ്ദേഹം ചോദിച്ചു. അധികാരത്തിലുള്ളിടത്തു ചെയ്യാത്തതാണോ അധികാരമില്ലാത്തിടത്തു വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇതോടെ സിപിഎം പ്രതിസന്ധിയിലായെങ്കിലും സഹായവുമായി കോൺഗ്രസ് രംഗത്തെത്തി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴാണു പദ്ധതി നടപ്പാക്കിയതെങ്കിലും പാർട്ടി ഭരിച്ച സംസ്ഥാനങ്ങൾ പിന്നീട് അതു പിൻവലിച്ചു.

പദ്ധതി പിൻവലിക്കുമെന്ന പ്രഖ്യാപനം ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു സഹായകരമായെന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരുന്നു.

പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) നിയമം കേന്ദ്രം പിൻവലിക്കാതെ പദ്ധതിയിൽനിന്നു പിന്മാറാനാകില്ലെന്നാണു കേരള സർക്കാരിന്റെ പ്രചാരണം. 

ഇതു സിപിഎം അനുകൂല സർവീസ് സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, സർക്കാർ തെറ്റിദ്ധാരണ പരത്തുന്നുവെന്നാണു സിപിഐ സംഘടനകളുടെ പ്രചാരണം. മറ്റു സംസ്ഥാനങ്ങൾക്കു പദ്ധതി പിൻവലിക്കാൻ കേന്ദ്ര നിയമം തടസ്സമായില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയും നിയമതടസ്സമില്ലെന്നാണു റിപ്പോർ‍ട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ ഫയൽ 2021 ജൂലൈ 21നു ധന സെക്രട്ടറി രാജേഷ് കുമാർ സിങ് മന്ത്രി കെ.എൻ.ബാലഗോപാലിന് അയച്ചെങ്കിലും ഇതുവരെ പരിശോധിച്ചിട്ടില്ല. 

യുഡിഎഫ് അധികാരത്തിലെത്തിയാൽ പഴയ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആവർത്തിക്കുന്നുണ്ട്.

പിൻവലിച്ച സംസ്ഥാനങ്ങൾ

രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് (എല്ലാം ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്നത്)

English Summary: Tripura election campaign; Debate on participatory pension

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com