ADVERTISEMENT

ഭരണം നിലനിർത്താൻ വിയർക്കുന്ന ബിജെപിക്കു ത്രിപുരയിലെ ഏറ്റവും വലിയ തലവേദന സുദീപ് റോയ് ബർമാൻ എന്ന കോൺഗ്രസിന്റെ സ്ട്രീറ്റ് ഫൈറ്ററാണ്. ബിപ്ലബ് ദേബിനെതിരേ പട നയിച്ച് അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ നിന്നു പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച സുദീപ് റോയ് ബർമാൻ കോൺഗ്രസിലേക്കു തിരിച്ചുവന്നതോടെ പാർട്ടി ഉയിർത്തെഴുന്നേൽക്കുകയാണ്. 2 % വോട്ടിലേക്കു കൂപ്പുകുത്തിയ കോൺഗ്രസ് പാർട്ടി സുദീപിന്റെ നേതൃത്വത്തിൽ 7 മാസം മുൻപു നടന്ന ഉപതിരഞ്ഞെടുപ്പിൽ 27% വോട്ട് വിഹിതം എന്ന നിലയിലേക്കുയർന്നു. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് സുദീപ് കോൺഗ്രസിന്റെ ഏക എംഎൽഎയായി നിയമസഭയിലെത്തി. 

ത്രിപുര രാഷ്ട്രീയത്തിൽ 3 ക്രൗഡ് പുള്ളർമാരാണ് ഇന്നുള്ളത്. മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, തിപ്ര മോത്ത തലവൻ പ്രദ്യോത് മാണിക്യ, സുദീപ് റോയ് ബർമാൻ. ആയിരങ്ങളാണ് ഈ നേതാക്കൾക്കു വേണ്ടി വെയിലും പൊടിയുമേറ്റു കാത്തിരിക്കുന്നത്. സിപിഎമ്മിനെതിരെയും പിന്നീട് ബിജെപിക്കെതിരെയും തെരുവിൽ പോരാടി ചങ്കുറപ്പുള്ള നേതാവ് എന്ന ഇമേജുമായാണ് സുദീപ് റോയ് ആരാധകരെ നേടിയെടുത്തത്.

തുടർച്ചയായി 4 വട്ടം അഗർത്തലയിൽ നിന്നു കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ബിജെപിയിൽ ചേർന്നത്. ബിപ്ലബ് ദേബ് സർക്കാരിൽ ആരോഗ്യ, പൊതുമരാമത്ത് മന്ത്രിയായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടിയാണ് പാർട്ടിയിൽ നിന്നു പുറത്തുപോകുന്നത്. അസമിൽ കോൺഗ്രസിനെ നെടുകെ പിളർത്തി ഹിമന്ത ബിശ്വശർമ ബിജെപിയിൽ പ്രവേശിച്ചതിനു സമാനമായിരുന്നു സുദീപ് റോയിയുടെ ബിജെപി പ്രവേശനവും. സുദീപ് സൃഷ്ടിച്ച കൊടുങ്കാറ്റിൽ വൈകാതെ ബിപ്ലബ് ദേബിന് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പിന് 9 മാസം മുൻപ് ഡോ.മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കി. 

‘ഇത്തവണ ബിജെപിയുടെ അടിവേരിളകുമെന്നു ഞാൻ ഉറപ്പുനൽകുന്നു. ത്രിപുര അതിന്റെ തുടക്കമായിരിക്കും–’ അഗർത്തലയിൽ ആയിരങ്ങൾ പങ്കെടുത്ത റാലിക്കു ശേഷം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സുദീപ് റോയ് ബർമാൻ പറഞ്ഞു. ‘എതിർ പാർട്ടികളിലെ നേതാക്കളുടെ ഫേസ്ബുക് പോസ്റ്റിനു താഴെ ലൈക്ക് ചെയ്യുന്നവരെപ്പോലും ആക്രമിക്കുന്ന ഗുണ്ടാരാജാണു ബിജെപിയുടേത്. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള യുദ്ധമാണിത്–’ അദ്ദേഹം പറഞ്ഞു. 

ബിജെപി വിട്ട് ഒരുവർഷത്തിനകം 4 തവണ ആക്രമണത്തിനിരയായിട്ടുണ്ട് സുദീപ് റോയ് ബർമാൻ. ഇദ്ദേഹം കോൺഗ്രസിലെത്തിയ ശേഷമാണു സിപിഎമ്മിനു പോലും പുറത്തിറങ്ങി പ്രവർത്തിക്കാനുള്ള ആത്മവിശ്വാസമുണ്ടായതെന്നു നേതാക്കൾ തന്നെ സമ്മതിക്കുന്നു. വേണ്ടത്ര പൊലീസ് സംരക്ഷണമില്ലാത്തതിനാൽ സ്വന്തം സുരക്ഷാസേനയുമായാണ് സുദീപ് റോയ് പുറത്തിറങ്ങുന്നത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ത്രിപുരയിൽ വൻകലാപത്തിന് ബിജെപി ഒരുക്കം കൂട്ടുകയാണെന്ന് അദ്ദേഹം പറയുന്നു. 

English Summary: Congress confident in Tripura Assembly Election 2023 after Sudip Roy Barman rejoins party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com