ADVERTISEMENT

ചെന്നൈ/ബെംഗളൂരു/കൊച്ചി ∙ കോയമ്പത്തൂർ, മംഗളൂരു സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടു കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 40 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. 

കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ടു 32 കേന്ദ്രങ്ങളിലും മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് 8 കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. കേരളത്തിൽ എറണാകുളം ജില്ലയിലെ ആലുവ, എടത്തല, കരുമാലൂർ, തോപ്പുംപടി എന്നിവിടങ്ങളിൽ എൻഐഎ സംഘമെത്തി.

കോയമ്പത്തൂർ നഗരത്തിൽ 14 ഇടങ്ങളിൽ പരിശോധന നടത്തി. നിരോധിത സംഘടനയായ സിമിയുടെ മുൻ സംസ്ഥാന നേതാവ് സെയ്ദ് റഹ്മാന്റെ (ഉമർ‍) വീട്ടിൽ പരിശോധന നടത്തി മുഹമ്മദ് റിസ്വാൻ (40), സിക്കന്തർ ബാഷ (40) എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി ബെംഗളൂരുവിലേക്കു കൊണ്ടുപോയി. 

തിരുച്ചി, തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ നിരോധിത സംഘടനകളുടെ അനുഭാവികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും പരിശോധന നടത്തി. 

ആലുവയിൽനിന്ന് പണമിടപാടുകാരനായ അശോകനെയാണ് കസ്റ്റഡിയിലെടുത്തു. സെമിനാരിപ്പടിക്കു സമീപം മൂൺലൈറ്റ് അപ്പാർട്മെന്റിൽ വാടകയ്ക്കു താമസിക്കുന്ന സീനുമോന്റെ വീട്ടിലും പരിശോധന നടത്തി. പാനായിക്കുളം സ്വദേശിയായ സീനുമോൻ ബെംഗളൂരു സ്ഫോടന കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വിട്ടയച്ചിരുന്നു. 

ആലങ്ങാട് കരുമാലൂരിൽ നടത്തിയ പരിശോധനയിൽ പടിഞ്ഞാറെ വെളിയത്തുനാട് കിടങ്ങപ്പള്ളിൽ വീട്ടിൽ റിയാസിനെയാണു (48) കസ്റ്റഡിയിലെടുത്തത്. തോപ്പുംപടി വാലുമ്മൽ പാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന സിറാജിനെയും കസ്റ്റഡിയിലെടുത്തു.

 

അബ്ദുൽ റസാക്ക് പീടിയാക്കലിന് ജാമ്യം നിഷേധിച്ചു

 

ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അറസ്റ്റിലായ മലപ്പുറം സ്വദേശി അബ്ദുൽ റസാക്ക് പീടിയാക്കലിനു അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനു ജാമ്യം നൽകിയ സാഹചര്യത്തിൽ തനിക്കും ജാമ്യം അനുവദിക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നു ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനായ പീടിയാക്കലിനെ കഴിഞ്ഞ മാർച്ചിലാണ് ഇഡി അറസ്റ്റ് ചെയ്തത്.

 

English Summary: NIA Raid in Kerala, Karnataka and Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com