ADVERTISEMENT

ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതു സംബന്ധിച്ച കേസിലെ സുപ്രീം കോടതി വിധി പ്രകാരം സംയുക്ത ഓപ്ഷൻ നൽകുന്നതിനു നടപടി സ്വീകരിക്കാൻ ഇപിഎഫ്ഒ മേഖലാ പിഎഫ് ഓഫിസുകൾക്ക് സർക്കുലർ അയച്ചെങ്കിലും പിഎഫ് വരിക്കാർക്ക് ഏറെ സംശയങ്ങൾ ബാക്കി. ഓപ്ഷൻ നൽകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, പുതിയ ഫോം കൊണ്ടുവരുമോ അതോ വെബ്സൈറ്റിൽ പുതിയ ലിങ്ക് വരുമോ എന്ന കാര്യത്തിൽ കൃത്യമായ നിർദേശമൊന്നും സർക്കുലറിലിൽ ഇല്ല. പിഎഫ് കമ്മിഷണർ നിർദേശിക്കുന്ന രീതിയിലാണ് അപേക്ഷ സമർ‌പ്പിക്കേണ്ടതെന്നു മാത്രമാണു പറയുന്നത്. അതേസമയം, അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ മേഖലാ പിഎഫ് കമ്മിഷണർമാർ സ്വീകരിക്കേണ്ട നടപടികൾ വിശദമായി പറയുന്നുമുണ്ട്. ഓരോ അപേക്ഷയും ഡിജിറ്റൽ സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത് അപേക്ഷകനു രസീത് നൽകുമെന്നും സർക്കുലറിലുണ്ട്. ഓപ്ഷൻ നൽകേണ്ട രീതി സംബന്ധിച്ചു വ്യക്തത വരുത്തിയുള്ള നിർദേശം ഉടൻ വരുമെന്നു പ്രതീക്ഷിക്കാം.

എന്താണ് ഹയർ പെൻഷൻ ഓപ്ഷൻ ?

ഇപിഎഫ്ഒ കാലാകാലങ്ങളിൽ നിശ്ചയിച്ചുപോരുന്ന പരമാവധി ശമ്പളപരിധിയുടെ 8.33% വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കുകയും ഈ ശമ്പളപരിധിക്കനുസൃതമായി പെൻഷൻ നൽകിപ്പോരുന്നതുമാണ് ഇപിഎഫ് പെൻഷന്റെ രീതി. ഇതിനു പകരം പരിധി കണക്കാക്കാതെ യഥാർഥ ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ടിലേക്കു വിഹിതമടച്ചുകൊണ്ട് ഉയർന്ന പെൻഷന് അർഹത നേടാനുള്ള അവസരമാണ് ജോയിന്റ് ഓപ്ഷൻ. പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന വിഹിതമടയ്ക്കാമെന്ന് തൊഴിലാളിയും തൊഴിലുടമയും ഒന്നിച്ച് അനുമതി നൽകേണ്ടതിനാലാണ് ജോയിന്റ് ഓപ്ഷൻ എന്നു പറയുന്നത്.

എല്ലാവർക്കും ഓപ്ഷൻ നൽകാമോ?

ഇല്ല. 2014 സെപ്റ്റംബർ ഒന്നിനു മുൻപ് സർവീസിലുണ്ടായിരുന്നവരിൽ, സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ വിരമിച്ചവർക്കും നിലവിൽ സർവീസിൽ തുടരുന്നവർക്കും ഓപ്ഷൻ നൽകാനുള്ള അവസരമാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. മാത്രമല്ല, ഇപിഎഫ്ഒ നിശ്ചയിച്ച പരമാവധി ശമ്പളത്തിനും മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായി തൊഴിലുടമ പിഎഫ് വിഹിതം അടച്ചുകൊണ്ടിരിക്കുന്നവരുമാകണം. ഇവർ പെൻഷൻ പദ്ധതിയിലെ 11(3) വ്യവസ്ഥ പ്രകാരം 2014 സെപ്റ്റംബറിനു മുൻപ് ഓപ്ഷൻ നൽകിയിട്ടുണ്ടാവരുത്. 2014 നു മുൻപു വിരമിച്ചവരിൽ, വിരമിക്കുന്നതിനു മുൻപ് ഓപ്ഷൻ നൽകിയവർക്ക് അതു നിരസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇപ്പോൾ അതു ചൂണ്ടിക്കാട്ടി പുതിയ ഓപ്ഷൻ‌ നൽകാനുള്ള ലിങ്ക് നേരത്തേതന്നെ ഇപിഎഫ്ഒ വെബ്സൈറ്റിൽ ലഭ്യമാണ്.

ഹയർ പെൻഷന് ഓപ്ഷൻ കൊടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം?

ഇപിഎഫ്ഒ നിശ്ചയിച്ച പരമാവധി ശമ്പള പരിധിക്കകത്തു നിന്നുകൊണ്ട് പെൻഷൻ ഫണ്ടിലേക്കു വിഹിതം നൽകുന്നവർ വിരമിക്കുമ്പോൾ എത്ര ഉയർന്ന ശമ്പളമുണ്ടെങ്കിലും പെൻഷൻ കണക്കാക്കുക ഈ ശമ്പളപരിധിക്കു മാത്രമായിരിക്കും. അതായത് പെൻഷൻ സ്കീം തുടങ്ങിയ 1995 നവംബർ മുതൽ സർവീസിലുള്ളയാൾ 2023 ൽ വിരമിക്കുകയാണെങ്കിൽ ശമ്പളം ഒരു ലക്ഷം രൂപയാണെങ്കിലും പെൻഷൻ 3200 രൂപയിൽ താഴെയായിരിക്കും. 1995 നു മുൻപേ സർവീസിലുള്ളവർക്കു മാത്രം മുൻകാല സേവന ആനുകൂല്യം (പാസ്റ്റ് സർവീസ് ബെനിഫിറ്റ്) എന്ന പേരിൽ ചെറിയൊരു തുക കൂടി ലഭിക്കുമെന്നുമാത്രം. ഇതിനു പകരം യഥാർഥത്തിൽ ലഭിക്കുന്ന ഉയർന്ന ശമ്പളത്തിന്റെ 8.33% തുക പെൻഷൻ ഫണ്ടിലേക്ക് അടച്ചുകൊള്ളാമെന്ന ഓപ്ഷൻ നൽകിയാൽ പെൻഷൻ ഗണ്യമായി ഉയരും.

1995 നവംബർ മുതൽ സർവീസിലുള്ളയാൾ 2023ൽ വിരമിക്കുമ്പോൾ‌ ഒരു ലക്ഷം രൂപ ശമ്പളമുണ്ടെങ്കിൽ, 60 മാസത്തെ ശമ്പള ശരാശരി ഏതാണ്ട് 85,000 രൂപ എന്ന രീതിയിൽ കണക്കാക്കിയാൽ പെൻഷൻ 36,000 രൂപയോളമായി ഉയരും. എന്നാൽ ഇതിനുവേണ്ടി പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന വിഹിതം പ്രതിമാസം അടയ്ക്കണമെന്ന കാര്യം മറക്കരുത്.

ഉയർന്ന പെൻഷൻ ലഭിക്കണമെങ്കിൽ ഉയർന്ന വിഹിതം അടയ്ക്കണം. ഈ വിഹിതം തൊഴിലാളിയുടെ പിഎഫ് വിഹിതത്തിൽനിന്നല്ല, തൊഴിലാളിയുടെ പേരിൽ തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിൽനിന്നാണ് ഈടാക്കുന്നത്. ഉയർന്ന ശമ്പളത്തിനു തന്നെ പിഎഫ് വിഹിതം അടച്ചുകൊള്ളാമെന്ന് തൊഴിലുടമകൂടി സമ്മതിക്കേണ്ടതുണ്ട് എന്നതിനാലാണ് ജോയിന്റ് ഓപ്ഷൻ നൽകേണ്ടിവരുന്നത്. പെൻഷൻ പദ്ധതിയിലെ 26(6) വ്യവസ്ഥ പ്രകാരമാണിത്.

ഹയർ ഓപ്ഷൻ നൽകുന്നവർ കൂടുതൽ തുക അടയ്ക്കേണ്ടി വരുമോ? ഉണ്ടെങ്കിൽ അത് എങ്ങനെയാണ് ഈടാക്കുക ?

തീർച്ചയായും അടയ്ക്കണം. ഉയർന്ന വിഹിതം അടച്ചാണ് ഉയർന്ന പെൻഷന് അർഹത നേടുന്നത്. മുൻകാല സർവീസ് കാലത്തെ ഇപിഎഫ്ഒ നിശ്ചയിച്ച പരിധിക്കു മുകളിലുള്ള ശമ്പളത്തിന്റെ 8.33% അതതു കാലത്ത് പിഎഫ് തുകയ്ക്കു ലഭിച്ച പലിശ സഹിതം തിരിച്ചടയ്ക്കണം. സർവീസിൽ തുടരുന്നവരാണെങ്കിൽ ഈ തുക തൊഴിലാളിയുടെ പ്രോവിഡന്റ് ഫണ്ടിൽനിന്നു പെൻഷൻ ഫണ്ടിലേക്കു മാറ്റും. അതിനുള്ള തുക ഫണ്ടിൽ ഇല്ലെങ്കിൽ തൊഴിലാളി അടയ്ക്കേണ്ടിവരും. വിരമിച്ചു കഴിഞ്ഞവർ പ്രോവിഡന്റ് ഫണ്ടിലെ തുക പിൻവലിച്ചുപോയിട്ടുണ്ടെങ്കിൽ അവരും അധിക തുക അടയ്ക്കേണ്ടിവരും. പഴയ രീതി അനുസരിച്ചാണെങ്കിൽ വിരമിച്ചവർ എത്ര തുക അടയ്ക്കാനുണ്ടെന്ന് ഇപിഎഫ്ഒ കണക്കുകൂട്ടി കത്തയയ്ക്കുകയും തൊഴിലാളി ഒറ്റത്തവണയായി അതു ഡിഡി എടുത്ത് നൽകുകയുമാണ് വേണ്ടത്.

ഉയർന്ന പെൻഷന് ഓപ്ഷൻ നൽകുമ്പോൾ അനുബന്ധ രേഖകൾ എന്തെങ്കിലും സമർപ്പിക്കേണ്ടതുണ്ടോ?

ഇതു സംബന്ധിച്ച് നിർദേശം ഇപിഎഫ്ഒ നൽകിയേക്കും. നിലവിലുള്ള വിജ്ഞാപനപ്രകാരം തൊഴിലാളി ഓപ്ഷൻ ഫോം പൂരിപ്പിച്ചു നൽകിയാൽ മതിയെന്നാണ് മനസ്സിലാക്കാവുന്നത്. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി തൊഴിലാളിയുടെ പേരിൽ പിഎഫ് വിഹിതം അടച്ചിട്ടുണ്ടെന്നും പെൻഷൻ പദ്ധതിയിലെ 26(6) വ്യവസ്ഥ പ്രകാരം അതിനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ടെന്നുമുള്ളതിന്റെ രേഖ തൊഴിലുടമയാണ് സാക്ഷ്യപ്പെടുത്തി നൽകേണ്ടത്.

2010 മുതൽ പിഎഫ് വിഹിതം അടച്ചു പോരുന്ന 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാൾ ഹയർ ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ പെൻഷൻ ലഭിക്കുന്നതിനു വേണ്ടി എത്ര രൂപ അടയ്ക്കേണ്ടി വരും?

ഒരു മാസത്തെ ശമ്പളം അറിഞ്ഞതുകൊണ്ട് ഇതുവരെയുള്ള സേവനകാലത്തേക്ക് എത്ര തുക അടയ്ക്കേണ്ടിവരുമെന്നു പറയാനാവില്ല. ഓരോ മാസത്തെയും ശമ്പളത്തിലെ വ്യത്യാസമനുസരിച്ച് അടയ്ക്കാനുള്ള തുകയും മാറും. നിലവിൽ 30,000 രൂപ ശമ്പളമുള്ളയാൾ (ബേസിക്കും ഡിഎയും ചേർത്ത്) ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് പ്രതിമാസം 2,499 രൂപ (ശമ്പളത്തിന്റെ 8.33%) രൂപ അടയ്ക്കണം. പഴയ രീതിയിലാണെങ്കിൽ 1250 രൂപ അടച്ചാൽ മതി. ഓരോ മാസവും വരുന്ന ഈ വ്യത്യാസം പലിശ സഹിതം കണക്കാക്കി പെൻഷൻ ഫണ്ടിലേക്കു നൽകണം.

ഹയർ ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ വിരമിക്കുമ്പോൾ ലഭിക്കേണ്ടിയിരുന്ന പിഎഫ് തുകയിൽ കുറവു വരുമോ?

ഗണ്യമായി കുറയും. ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകുക എന്നാൽ പൂർണശമ്പളത്തിന് ആനുപാതികമായി ഉയർന്ന വിഹിതം പ്രോവിഡന്റ് ഫണ്ടിൽനിന്ന് പെൻഷൻ ഫണ്ടിലേക്കു മാറ്റാൻ വരിക്കാരൻ അനുമതി നൽകുകയാണ്. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ ശമ്പളമുള്ളയാൾ 12% വിഹിതമായ 12,000 രൂപ പിഎഫിലേക്ക് അടയ്ക്കുമ്പോൾ തൊഴിലുടമ അടയ്ക്കുന്ന ഇതേ വിഹിതത്തിൽനിന്ന് 8.33 ശതമാനമായ 8,333 രൂപ ഉയർന്ന പെൻഷൻ ഫണ്ടിലേക്കു പോകും. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാത്തയാളുടെ പെൻഷൻ ഫണ്ടിലേക്ക് ഇപിഎഫ്ഒ പരമാവധി ശമ്പളമായി നിശ്ചയിച്ച തുകയുടെ 8.33% മാത്രമേ പോകുകയുള്ളൂ. നിലവിലെ 15,000 രൂപ പരിധി വച്ച് മാസം 1250 രൂപയാണ് പെൻഷൻ ഫണ്ടിലേക്ക് ഈടാക്കുക. അതായത് മുകളിൽ പറഞ്ഞ ഉദാഹരണത്തിലെ തൊഴിലാളിയുടെ പിൻവലിക്കാവുന്ന പിഎഫ് തുകയിൽ പ്രതിമാസം 7083 രൂപയുടെ കുറവും വരും. അതിനാൽ വിരമിക്കുമ്പോൾ പിൻവലിക്കാവുന്ന പിഎഫ് തുകയിൽ വലിയ കുറവു വരും.

സുപ്രീം കോടതി നിശ്ചയിച്ച സമയത്തിനകം എല്ലാവർക്കും ജോയിന്റ് ഓപ്ഷൻ നൽകാനായില്ലെങ്കിൽ എന്താണ് നടപടി?

ഇതു സംബന്ധിച്ച് ഇപിഎഫ്ഒ നിലവിൽ നിർദേശമൊന്നും നൽകിയിട്ടില്ല. പുതിയ വി‍ജ്ഞാപനത്തിൽ വ്യക്തത വരുമെന്നു പ്രതീക്ഷിക്കാം.

English Summary : Pension subscribers are in doubt about high pension option 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com