മാപ്പ് അന്നേ പറഞ്ഞെന്ന് ഖേര; പരാമർശം കരുതിക്കൂട്ടിയുള്ളതെന്ന് അസം സർക്കാർ
Mail This Article
ന്യൂഡൽഹി ∙ പവൻ ഖേരയുടെ വിവാദ പരാമർശത്തെ അദ്ദേഹം ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും മാപ്പ് പറഞ്ഞതാണെന്നും മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി സുപ്രീം കോടതിയിൽ വാദിച്ചു. എന്നാൽ, പ്രധാനമന്ത്രിയെ അപമാനിക്കാൻ നടത്തിയ പരാമർശം നെറികേടാണെന്ന് അസം സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. വിവാദ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേര മാപ്പു പറയുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉറപ്പുനൽകിയതായി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഉത്തരവിൽ പറഞ്ഞു.
ഖേരയുടെ പരാമർശത്തെ അനുകൂലിക്കാതെയാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ സിങ്‍വി വാദിച്ചത്. എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടില്ല. വിവിധ എഫ്ഐആറുകൾ ഒരുമിപ്പിക്കണമെന്നായിരുന്നു ആവശ്യം.
പവൻ ഖേര അറസ്റ്റിലായി അര മണിക്കൂറിനുള്ളിലാണു വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് സിങ്‍വി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്നു മൂന്നിന് ഹിയറിങ് നടത്താമെന്നു കോടതി സമ്മതിച്ചു. ഖേര നടത്തിയ പത്രസമ്മേളനത്തിന്റെ വിഡിയോ കണ്ടശേഷമായിരുന്നു ഇടക്കാല ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി തീരുമാനം.
English Summary : Already apologised says Pawan Khera