ADVERTISEMENT

ന്യൂഡൽഹി ∙ റായ്പുരിലേക്കുള്ള വിമാനത്തിൽനിന്നിറക്കി കോൺഗ്രസ് വക്താവ് പവൻ ഖേരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വഴിവച്ചത് വിമാനത്താവളത്തിനുള്ളിലെ അത്യപൂർവ പ്രതിഷേധത്തിന്.

ഇന്നലെ 11.45 ന്റെ വിമാനം പുറപ്പെടുന്നതിനു തൊട്ടുമുൻപ് ഖേര പുറത്തിറങ്ങണമെന്ന ആവശ്യവുമായി ഇൻഡിഗോ എയർലൈൻ ഉദ്യോഗസ്ഥനാണ് ആദ്യമെത്തിയത്. ലഗേജ് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്. അതെന്താണെന്നു ചോദിച്ചപ്പോൾ ഡൽഹി പൊലീസ് വിശദീകരിക്കുമെന്നായി. അതോടെ പ്രതിഷേധിച്ചു പുറത്തിറങ്ങിയ കോൺഗ്രസ് നേതാക്കളും ഉദ്യോഗസ്ഥനും തമ്മിൽ വിമാനത്തിനു കീഴിൽനിന്നു വാക്കുതർക്കമായി. എഫ്ഐആർ ഉള്ളതു കാരണം യാത്ര പറ്റില്ലെന്ന വിമാനക്കമ്പനിയുടെ ന്യായീകരണം നിയമവിരുദ്ധമാണെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അപ്പോൾ ഡൽഹി പൊലീസ് വന്നു വിശദീകരിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതോടെ നേതാക്കൾ മുദ്രാവാക്യം വിളിച്ചു ടാർമാക്കിലിരുന്നു. തുടർന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെത്തി നേതാക്കളുമായി ചർച്ച നടത്തി. വാറന്റുണ്ടോ എന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചപ്പോൾ അസം പൊലീസിന്റെ കത്തുണ്ടെന്നായിരുന്നു മറുപടി. 

അറസ്റ്റ് ഇപ്പോൾ പറ്റില്ലെന്നും പ്ലീനറി സമ്മേളനം കഴിഞ്ഞ ശേഷം ഹാജരാക്കാമെന്നും നേതാക്കൾ പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. 

പ്രശ്നം നീണ്ടതോടെ മറ്റു യാത്രക്കാരും പ്രതിഷേധം തുടങ്ങി. ജാമ്യം കിട്ടാനുള്ള നടപടി തുടങ്ങിയതോടെ ഖേര അറസ്റ്റിനു വഴങ്ങി.

പരാതി കിട്ടി പിറ്റേന്ന് അസം പൊലീസ് ഡൽഹിക്ക്

പവൻ ഖേര പത്രസമ്മേളനത്തിൽ പരിഹാസ രൂപേണ നടത്തിയ പരാമർശത്തെത്തുടർന്ന് ലക്നൗ, വാരാണസി എന്നിവിടങ്ങളിൽ ഈ മാസം 20നു കേസുകളെടുത്തിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. അസമിലെ ഹഫ്‌ലോങ് പൊലീസ് സ്റ്റേഷനിൽ സാമുവൽ ചാങ്‌സാൻ എന്നയാൾ ബുധനാഴ്ച വൈകിട്ടാണു പരാതി നൽകിയത്. ഇന്നലെ രാവിലെ എഫ്ഐആറിട്ടതോടൊപ്പം അസം പൊലീസ് ഡൽഹിയിലേക്കു പുറപ്പെടുകയും ചെയ്തു. മതസ്പർധ വളർത്തൽ, ദേശവിരുദ്ധപരാമർശം, സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകളാണു കേസിലുള്ളത്.

നേരത്തേ പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലയെക്കെതിരെയും അസം പൊലീസ് കേസെടുത്തിരുന്നു.

 സാകേതിനെ രാജസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്ത് നേരെ ഗുജറാത്തിലേക്കു കൊണ്ടുപോയി. പിന്നീടു ഗുവാഹത്തിയിൽ ഹാജരാക്കിയ ശേഷമാണു ജാമ്യം ലഭിച്ചത്.

ഇന്നലെ പവൻ ഖേരയെ ദ്വാരക കോടതിയിൽ ഹാജരാക്കിയ ശേഷം ഗുവാഹത്തിയിലേക്കു കൊണ്ടുപോകാനായിരുന്നു അസം പൊലീസിന്റെ നീക്കം. ഖേരയ്ക്കെതിരെയുള്ള എഫ്ഐആറുകൾ ഒരുമിച്ചു പരിഗണിക്കുന്നതിന് അസം, യുപി സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു.

English Summary : No warrant to arrest Pawan Khera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com