ADVERTISEMENT

ന്യൂഡൽഹി ∙ കാർഷികരംഗത്തു വിപ്ലവം സൃഷ്ടിച്ച നാനോ ദ്രവ യൂറിയയ്ക്കു പിന്നാലെ നാനോ ദ്രവ ഡിഎപിക്കും (ഡൈ അമോണിയം ഫോസ്ഫേറ്റ്) കേന്ദ്ര സർക്കാരിന്റെ അംഗീകാരം. നാനോ ഡിഎപി വളം വിപണിയിൽ എത്തിക്കാൻ നിർമാതാക്കളായ ഐഎഫ്എഫ്സിഒയ്ക്ക് (ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ ഓപ്പറേറ്റീവ് ലിമിറ്റഡ്) അംഗീകാരം നൽകി. നാനോ ഡിഎപി ഇന്ത്യയുടെ കാർഷിക മേഖലയിലും സമ്പദ്‌വ്യവസ്ഥയിലും വൻ മാറ്റങ്ങൾക്കു വഴി തെളിക്കുമെന്നു കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കർഷകരുടെ ജീവിതം ആയാസരഹിതമാക്കാനുള്ള സുപ്രധാന ചുവടുവയ്പാണിതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

2021 ജൂണിലാണ് ഐഎഫ്എഫ്സിഒ നാനോ യൂറിയ പുറത്തിറക്കിയത്. നാനോ പൊട്ടാഷ്, നാനോ സിംക്, നാനോ കോപ്പർ വളങ്ങളും വൈകാതെ പുറത്തിറക്കുമെന്ന് ഐഎഫ്എഫ്സിഒ വ്യക്തമാക്കി. 

എന്താണ് നാനോ ദ്രവ ഡിഎപി  

നൈട്രജന്റെയും ഫോസ്ഫറസിന്റെയും അതിസൂക്ഷ്മ ഘടകങ്ങൾ അടങ്ങിയ ദ്രവ രൂപത്തിലുള്ള രാസവളലായനിയാണ് നാനോ ഡിഎപി. എല്ലാത്തരം വിളകൾക്കും അനുയോജ്യമായ ഇതു സാധാരണ ഡിഎപിയെക്കാൾ ഗുണകരമാണെന്നാണു കണ്ടെത്തൽ. പരമ്പരാഗത ഫോസ്ഫേറ്റ് വളങ്ങളുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന നാനോ ഡിഎപി കർഷകരുടെ ചെലവിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും സഹായിക്കും.

പരമ്പരാഗത ഡിഎപി വളങ്ങൾക്ക് 25% ഫലശേഷിയുള്ളപ്പോൾ നാനോ ദ്രവ ഡിഎപിക്ക് 90% വരെ ഫലശേഷിയുണ്ട്. ഒരേക്കർ കൃഷിഭൂമിക്ക് ആവശ്യമായ 500 മില്ലി നാനോ ‍ഡിഎപിക്ക് 600 രൂപ. ശരാശരി 1350 രൂപ വിലവരുന്ന 50 കിലോഗ്രാം പരമ്പരാഗത ഡിഎപി വളം അര ഏക്കർ കൃഷിഭൂമിയിൽ മാത്രം പ്രയോഗിക്കാൻ കഴിയുമ്പോഴാണിത്. തദ്ദേശീയമായി നിർമിക്കുന്നതിനാൽ ഇറക്കുമതി രാസവളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാമെന്നതും നേട്ടമാണ്.

English Summary: Government approves nano liquid DAP fertiliser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com