പട്ന ∙ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്റി ദേവിയെ ‘ജോലിക്കു പകരം ഭൂമി’ അഴിമതിക്കേസിൽ സിബിഐ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെ റാബ്റിയുടെ വസതിയിലെത്തിയ സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യൽ 5 മണിക്കൂർ നീണ്ടു. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങൾക്കു കൈക്കൂലിയായി കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ ഭൂമി എഴുതി വാങ്ങിയെന്നാണു കേസ്. ലാലുവിനെയും വൈകാതെ ചോദ്യം ചെയ്യും.
സിബിഐ ഓഫിസ് തന്റെ വസതിയിൽ തുടങ്ങുന്നതായിരിക്കും സൗകര്യമെന്ന് ലാലു–റാബ്റി ദമ്പതികളുടെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു വരെ ഇതു തുടരുമെന്നും പറഞ്ഞു. നടപടി പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചോദ്യം ചെയ്യൽ തീയതിയും സ്ഥലവും റാബ്റി ദേവി തീരുമാനിച്ച് അറിയിച്ചതാണെന്നു സിബിഐ വിശദീകരിച്ചു.
English Summary: CBI Questioning Rabri Devi At Her Patna Home In Land-For-Jobs Case