ന്യൂഡൽഹി ∙ ട്രാൻസ്ജെൻഡർമാർ, സ്വവർഗാനുരാഗികൾ, ലൈംഗികത്തൊഴിലാളികൾ എന്നിവർ രക്തദാനം നടത്തുന്നതു വിലക്കുന്ന മാർഗരേഖയിൽ മാറ്റം കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി. ഇക്കാര്യത്തിൽ ദാതാവിന്റേതെന്ന പോലെ, സ്വീകർത്താവിന്റെയും പൂർണ ബോധ്യം ആവശ്യമുണ്ടെന്നാണു മന്ത്രാലയത്തിന്റെ നിലപാട്. രക്തബാങ്കിൽനിന്നു ലഭിക്കുന്ന രക്തത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും സ്വീകർത്താവിനു ബോധ്യപ്പെടേണ്ടതുണ്ടെന്നും സുപ്രീം കോടതിയിലുള്ള കേസിൽ സർക്കാർ അറിയിച്ചു.
നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, നാഷനൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവ തയാറാക്കിയ മാർഗരേഖയിലാണ് ട്രാൻസ്ജെൻഡർമാർ, ലൈംഗികത്തൊഴിലാളികൾ, സ്വവർഗാനുരാഗികൾ എന്നിവരെ രക്തദാനത്തിൽനിന്ന് ഒഴിവാക്കിയത്. എയ്ഡ്സിനു സാധ്യതയുള്ള വിഭാഗം എന്ന ഗണത്തിൽപെടുത്തിയായിരുന്നു ഇത്. നടപടി ശാസ്ത്രീയപഠനങ്ങളുടെയും വിദഗ്ധാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണെന്നു മന്ത്രാലയം വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി മണിപ്പുർ സ്വദേശി ടി.എസ്.സിങ് നൽകിയ ഹർജിയിൽ സുപ്രീം കോടതി നേരത്തേ ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് തേടിയിരുന്നു. കോവിഡ് മഹാമാരിക്കിടെ രക്തദാനം നടത്താനോ രക്തം ലഭിക്കാനോ വഴിയില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: Blood donation by transgender