ന്യൂഡൽഹി ∙ സമാധാന നൊബേൽ പുരസ്കാരത്തിനുള്ള ഏറ്റവും കരുത്തനായ മത്സരാർഥിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നു നോർവെയിലെ നൊബേൽ സമിതി ഉപ മേധാവി അസ്‌ലി തൊജെ പറഞ്ഞതായി ഒരു ദേശീയ ഇംഗ്ലിഷ് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അസ്‌ലി തൊജെ പിന്നീടു വാർത്താ ഏജൻസികളെ അറിയിച്ചു.
യുക്രെയ്ൻ പ്രതിസന്ധിയിൽ മോദി ഇടപെടുകയും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ റഷ്യയ്ക്കു മുന്നറിയിപ്പു നൽകുകയും ചെയ്തതിനെ വാർത്താ ചാനലിൽ അസ്‌ലി തൊജെ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ, ലോകത്തെ ഏറ്റവും മുതിർന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായാണു മോദി കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹത്തിനു സമാധാന നൊബേൽ ലഭിച്ചാൽ അത് അർഹതപ്പെട്ട അംഗീകാരമാകുമെന്നും അസ്‌ലി പറഞ്ഞതായി വാർത്താചാനൽ റിപ്പോർട്ട് ചെയ്യുകയും വിശകലനം നടത്തുകയും ചെയ്തു. ന്യൂസ് ചാനൽ പ്രചരിപ്പിക്കുന്നതുപോലെ ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും വ്യാജവാർത്ത ചർച്ച ചെയ്യേണ്ടതില്ലെന്നും അസ്‌ലി വ്യക്തമാക്കി.
English summary: Nobel prize for Modi; Fake news