ഇന്ത്യയെ സ്നേഹിച്ച ഗ്രന്ഥകാരൻ, ‘ഇന്ത്യയുടെ മരുമകൻ’ പാട്രിക് ഫ്രെഞ്ച് വിടപറഞ്ഞു
Mail This Article
ന്യൂഡൽഹി ∙ പ്രശസ്ത ബ്രിട്ടിഷ് ഗ്രന്ഥകാരനും ‘ഇന്ത്യയുടെ മരുമകനു’മായ പാട്രിക് ഫ്രെഞ്ച് (57) വിടപറഞ്ഞു. കാൻസർ ബാധിതനായി 4 വർഷമായി ലണ്ടനിൽ ചികിത്സയിലായിരുന്നു. ചരിത്രകാരനും പത്രപ്രവർത്തകനുമായ പാട്രിക് നൊബേൽ ജേതാവ് വി.എസ്.നയ്പോളിനെപ്പറ്റി രചിച്ച ‘ദ് വേൾഡ് ഈസ് വാട്ട് ഇറ്റ് ഈസ്’, ‘ഇന്ത്യ എ പോർട്രെയ്റ്റ്’ എന്നീ പുസ്തകങ്ങൾ ഏറെ പ്രശസ്തമാണ്. ലോകമെമ്പാടും നിന്നുള്ള പ്രഗത്ഭരെ കൊണ്ടുവന്ന് അഹമ്മദാബാദിലെ സ്കൂൾ ഓഫ് ആർട്സിനെ ഉന്നത നിലവാരത്തിലെത്തിച്ച പാട്രിക്, അശോക യൂണിവേഴ്സിറ്റി ഡീൻ ആയും സേവനമനുഷ്ഠിച്ചു.
പെൻഗ്വിൻ മുൻ പത്രാധിപർ മേരു ഗോഖലെ ആണ് ഭാര്യ. 4 മക്കളുണ്ട്. ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സഹ സ്ഥാപകരിൽ ഒരാളായ നമിത ഗോഖലെ ആണ് ഭാര്യാമാതാവ്.
യൂണിവേഴ്സിറ്റി ഓഫ് എഡിൻബറയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ ഉപരിപഠനം പൂർത്തിയാക്കിയ പാട്രിക് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ ആണ് പിഎച്ച്ഡി നേടിയത്. മറ്റൊരു പ്രമുഖ ചരിത്രകാരനായ വില്യം ഡാൾറിംപിളിന്റെ പാത പിന്തുടർന്ന് ഇന്ത്യയെ എഴുത്തിന്റെ തട്ടകമാക്കി. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയത്തെപ്പറ്റിയും ഉദാരവൽക്കരണത്തെപ്പറ്റിയും ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചു.
‘യങ്ഹസ്ബൻഡ്: ദ് ലാസ്റ്റ് ഗ്രേറ്റ് ഇംപീരിയൽ അഡ്വഞ്ച്റർ’ ‘ലിബർട്ടി ഓർ ഡെത്ത്: ഇന്ത്യാസ് ജേണി ടു ഇൻഡിപെൻഡന്റ്സ് ആൻഡ് ഡിവിഷൻ’ ‘ടിബറ്റ്, ടിബറ്റ്: എ പഴ്സനൽ ഹിസ്റ്ററി ഓഫ് എ ലോസ്റ്റ് ലാൻഡ്’ എന്നിവയാണ് മറ്റ് പ്രധാന ഗ്രന്ഥങ്ങൾ. കോളനി വിരുദ്ധമനോഭാവവും ഇന്ത്യയോടുള്ള സ്നേഹവും ഈ പുസ്തകങ്ങളെ വേറിട്ടുനിർത്തുന്നു.
സോമർസറ്റ് മോം പുരസ്‌കാരം, സൺഡേ ടൈംസിന്റെ റൈറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികൾ നേടി. അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്’ ഇംഗ്ലണ്ടിലെ പ്രസാധകനു പരിചയപ്പെടുത്തിയത് പാട്രിക് ആയിരുന്നു. 1992 ൽ ഗ്രീൻ പാർട്ടി സ്ഥാനാർഥിയായി ബ്രിട്ടനിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.
പാട്രിക്കിന്റെ വേർപാടിൽ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേഷ്, ചരിത്രകാരൻമാരായ വില്യം ഡാൾറിംപിൾ, രാമചന്ദ്രഗുഹ തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.
English summary: British author and historian Patrick French dies at 57