രഹസ്യ വിവരം ശേഖരിച്ചു; സിസോദിയയ്ക്ക് എതിരെ വീണ്ടും സിബിഐ കേസ്

Manish Sisodia | Photo: Facebook, @ManishSisodiaAAP
മനീഷ് സിസോദിയ (Photo: Facebook, @ManishSisodiaAAP)
SHARE

ന്യൂഡൽഹി ∙ ഡൽഹി സർക്കാർ രൂപീകരിച്ച ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു) രാഷ്്ട്രീയ എതിരാളികളുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ചെന്ന ആരോപണത്തിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. സിസോദിയയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സിസോദിയയ്ക്കു കൂടുതൽ തിരിച്ചടിയാണു സിബിഐയുടെ നീക്കം.  

സംസ്ഥാന വിജിലൻസ് സെക്രട്ടറിയായിരുന്ന 1992 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ ജെയിൻ, സിഐഎസ്എഫ് റിട്ട. ഡിഐജി രാകേഷ് കുമാർ സിൻഹ, ഇന്റലിജൻസ് ബ്യൂറോ മുൻ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടർ പ്രദീപ് കുമാർ പുഞ്ച്, സിഐഎസ്എഫ് റിട്ട. അസി.കമൻഡാന്റ് സതീഷ് ഖേത്രപാൽ, സർക്കാർ ഉപദേശകനായിരുന്ന ഗോപാൽ മോഹൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. 

എഫ്‌ബിയുവിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള കേസുകൾ ഒരുക്കിയെന്നാണു കേസ്. 2015 ൽ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളാണ് ഇത്തരമൊരു നിർദേശം സമർപ്പിച്ചത്. എന്നാൽ, ഇക്കാര്യം അജൻഡയിൽ ഉൾപ്പെടുത്തുകയോ അംഗങ്ങൾക്കു കൈമാറുകയോ ചെയ്തിരുന്നില്ല. ലഫ്. ഗവർണറുടെ അനുമതി തേടിയിട്ടില്ല.  യൂണിറ്റ് രൂപീകരണത്തിനു മേൽനോട്ടം വഹിച്ചതു മനീഷ് സിസോദിയയാണ്.   

ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ; ചോദ്യം ചെയ്യലിനെത്താമെന്ന് തേജസ്വി

ന്യൂഡൽഹി ∙ ‘ജോലിക്കു പകരം ഭൂമി’ അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്നു സിബിഐ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ കേസിൽ സിബിഐ ഓഫിസിൽ 25നു ചോദ്യം ചെയ്യലിനു ഹാജരാകാൻ സന്നദ്ധനാണെന്നു തേജസ്വി വ്യക്തമാക്കി. ഹാജരാകാൻ ആവശ്യപ്പെട്ടുള്ള സിബിഐ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു തേജസ്വി നൽകിയ ഹർജിയാണ് ജസ്റ്റിസ് ദിനേഷ് കുമാർ ശർമ പരിഗണിച്ചത്.  കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരും തേജസ്വിയുടെ മാതാപിതാക്കളുമായ ലാലു പ്രസാദ് യാദവ്, റാബറി ദേവി, സഹോദരിയും എംപിയുമായ മിസ ഭാരതി എന്നിവരുൾപ്പെടെ 16 പേർക്കു കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.

ഇഡിക്കു മുന്നിൽ  കവിത എത്തിയില്ല

ന്യൂഡൽഹി ∙ ഡൽഹി മദ്യലൈസൻസ് അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ.കവിതയോട് ഈ മാസം 20നു ചോദ്യംചെയ്യലിനു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർദേശിച്ചു. ഇന്നലെ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും അവർ എത്തിയില്ല. പകരം,   രേഖകൾ  കൊടുത്തുവിട്ടു.

English Summary: CBI's fresh corruption case against Manish Sisodia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.