അവകാശലംഘനം: മോദിക്കെതിരെ കോൺഗ്രസ് നോട്ടിസ്

rahul-gandhi-and-narendra-modi
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
SHARE

ന്യൂഡൽഹി ∙ പാർലമെന്റിൽ രാഹുൽ ഗാന്ധിയെ ഉന്നമിട്ടു ഭരണപക്ഷം നിലപാടു കടുപ്പിച്ച സാഹചര്യത്തിൽ, അതേ നാണയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മോദിക്കെതിരെ അവകാശലംഘനത്തിനു കോൺഗ്രസ് എംപി: കെ.സി.വേണുഗോപാൽ നോട്ടിസ് നൽകി. മോദിയെയും അദാനിയെയും ചേർത്ത് ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുലിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയടക്കം അവകാശ ലംഘനത്തിനു നോട്ടിസ് നൽകിയതിനുള്ള തിരിച്ചടി കൂടിയാണു കോൺഗ്രസ് നീക്കം.

രാജ്യസഭയിൽ ഫെബ്രുവരി 9 നു നടത്തിയ പ്രസംഗത്തിൽ സോണിയ ഗാന്ധിയെയും രാഹുലിനെയും മോദി അപമാനിച്ചെന്നു ചൂണ്ടിക്കാട്ടിയാണു വേണുഗോപാൽ നോട്ടിസ് നൽകിയത്. ജവാഹർലാൽ നെഹ്റുവിന്റെ പേരു സ്വന്തം പേരിനൊപ്പം സോണിയയും രാഹുലും എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നു പരിഹാസരൂപേണ ചോദിച്ച മോദി, നെഹ്റു കുടുംബത്തെ അധിക്ഷേപിച്ചു. അച്ഛന്റെ പേര് മകൾ (ഇന്ദിര) സ്വീകരിക്കുന്ന രീതിയില്ലെന്ന് അറിയാമായിരുന്നിട്ടും മോദി അവരെ മനഃപൂർവം കളിയാക്കിയെന്നും വ്യക്തിഹത്യ ചെയ്തെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. 

ലണ്ടനിലെ പ്രസംഗത്തിൽ രാഹുൽ ഇന്ത്യയെ അപമാനിച്ചെന്ന ബിജെപിയുടെ ആരോപണത്തിനു മറുപടി നൽകാൻ വിദേശ രാജ്യങ്ങളിൽ മോദി മുൻപു നടത്തിയ പ്രസംഗങ്ങൾ പരിശോധിക്കുകയാണു പാർട്ടി. ഇന്ത്യയെ പരിഹസിക്കും വിധം മോദി പരാമർശങ്ങൾ നടത്തിയ ഏതാനും സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അവ സഭയിൽ ഉന്നയിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. രാജ്യത്തെ അപമാനിച്ചതിനു രാഹുൽ മാപ്പു പറയണമെന്ന ബിജെപിയുടെ ആവശ്യത്തിന്റെ മുനയൊടിക്കാൻ, മോദിയും മാപ്പു പറയണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും. 

ബഹളം തുടരുന്നു; 20 മിനിറ്റിൽ സഭകൾ പിരിഞ്ഞു

ന്യൂഡൽഹി ∙ ഭരണ – പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്ചവരെ പിരിഞ്ഞു. അദാനി വിഷയം ഉന്നയിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷവും രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും ബഹളംവച്ചതിനെ തുടർന്ന് ഇരു സഭകളും 20 മിനിറ്റിനുള്ളിൽ പിരിഞ്ഞു. ഇതോടെ, ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിലെ ആദ്യ ആഴ്ചയിൽ പാർലമെന്റ് ഏറക്കുറെ പൂർണമായി സ്തംഭിച്ചു. 

ലണ്ടനിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഉയർന്ന ആരോപണങ്ങൾക്കു മറുപടി പറയാൻ അവസരം നൽകണമെന്നു കഴിഞ്ഞ ദിവസം സ്പീക്കർ ഓം ബിർലയോടു രാഹുൽ‌ ആവശ്യപ്പെട്ടിരുന്നു. എംപിമാർ ബഹളമവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്കു മടങ്ങിയാൽ എല്ലാവർക്കും പ്രസംഗിക്കാൻ അവസരം നൽകാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും അദാനി വിഷയത്തിലുള്ള പ്രതിഷേധത്തിനു പ്രതിപക്ഷം വീര്യം കുറച്ചില്ല. ഇരു സഭകളും പിരിഞ്ഞതോടെ എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി. സോണിയ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ 17 കക്ഷികൾ പങ്കെടുത്തു. 

ഇതിനിടെ, ലോക്സഭാ നടപടികളുടെ ടിവി സംപ്രേഷണത്തിൽ ശബ്ദം ഒഴിവാക്കിയതു വിവാദമായി. സഭ സമ്മേളിച്ചയുടൻ ഭരണ – പ്രതിപക്ഷ കക്ഷികൾ ബഹളമുണ്ടാക്കിയപ്പോഴാണു ടിവി നിശ്ശബ്ദമായത്. തങ്ങളെ നിശ്ശബ്ദമാക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷം ആരോപിച്ചു.

English summary: Congress to target PM Modi in Parliament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS