ADVERTISEMENT

ന്യൂഡൽഹി ∙ ബഫർ സോണിൽ നിർമാണമുൾപ്പെടെ നിയമപരമായി അനുവദിക്കപ്പെട്ട നടപടികൾക്കു തടസ്സമുണ്ടാക്കില്ലെന്നു സുപ്രീം കോടതി വാക്കാൽ വ്യക്തത വരുത്തി. ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ 2022 ജൂൺ മൂന്നിലെ വിധി ആ പ്രദേശങ്ങളിലുള്ളവർക്കു വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

കേരള സർക്കാരിന്റേതുൾപ്പെടെ വാദങ്ങൾ കേട്ട ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി. ഖനനം ഉൾപ്പെടെയുള്ളവയാണു വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി ആവർത്തിച്ചു. അന്തിമ, കരടു വിജ്ഞാപനങ്ങളായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ബഫർസോണിൽ ഇളവു നൽകണമെന്ന കേരളത്തിന്റേതുൾപ്പെടെ ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിക്കാമെന്ന സൂചനയാണ് ഇന്നലെയും കോടതി നൽകിയത്.

വീഴ്ച സമ്മതിച്ച് കേരളം

ബഫർസോൺ വിധിയിൽ തക്ക സമയത്ത് ഇടപെടാൻ കഴിയാതെ പോയെന്നു കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. രാജസ്ഥാനിലെ ജാമുവാരാംഗാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ജൂൺ മൂന്നിലെ വിധി. കേസിൽ എല്ലാ സംസ്ഥാനങ്ങൾക്കും സംസ്ഥാന സർക്കാർ നോട്ടിസയച്ചതാണ്. രാജസ്ഥാന്റെ മാത്രം വിഷയമെന്നു കരുതിയാണ് അന്നു പ്രതികരിക്കാതിരുന്നതെന്നും കേരളം വ്യക്തമാക്കി. സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവരാണു കേരളത്തിനായി ഹാജരായത്.

English Summary: No total ban on construction in buffer zone: SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com