ADVERTISEMENT

ന്യൂഡൽഹി ∙ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി ഡൽഹി പൊലീസ് വിശദാംശങ്ങൾ തേടി. കശ്മീരിൽ സ്ത്രീകൾ ഇപ്പോഴും ലൈംഗികമായി അക്രമിക്കപ്പെടുന്നുവെന്നു രാഹുൽ ശ്രീനഗറിൽ പറ‍ഞ്ഞിരുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിക്കാരുടെ പേരുവിവരങ്ങളും കൈമാറണമെന്നാവശ്യപ്പെട്ടു യാത്ര കഴിഞ്ഞു 45–ാം ദിവസമാണു പൊലീസ് രാഹുലിനെ സമീപിച്ചത്.

രാവിലെ 10 നു തുഗ്ലക് റോഡിൽ രാഹുലിന്റെ 12–ാം നമ്പർ വസതിക്കു മുന്നിലെത്തിയ പൊലീസ് സംഘത്തിനു 2 മണിക്കൂറിനുശേഷമാണ് ഉള്ളിലേക്കു കടക്കാൻ അനുമതി കിട്ടിയത്. ഒരു മണിയോടെ പൊലീസ് സംഘം മടങ്ങി. പാർലമെന്റിനകത്തും പുറത്തും അദാനിക്കെതിരെ താൻ നടത്തുന്ന പരാമർശങ്ങളുടെ പേരിലാണോ ഈ നടപടിയെന്നായിരുന്നു പൊലീസിനോടു രാഹുലിന്റെ ചോദ്യം.

delhi-police
സൂക്ഷ്മ നോട്ടം: ഡൽഹി തുഗ്ലക് റോഡിലെ രാഹുൽ ഗാന്ധിയുടെ വസതിയിൽ പൊലീസ് സന്നാഹവുമായി എത്തിയ സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ ഗേറ്റിലെ കിളിവാതിലിലൂടെ ഉള്ളിലേക്കു നോക്കുന്നു. ചിത്രം: ജെ.സുരേഷ് ∙മനോരമ

വിവരങ്ങൾ ലഭ്യമാക്കാൻ അദ്ദേഹം കൂടുതൽ സമയം തേടിയെന്നും ആവശ്യമായി വന്നാൽ പിന്നീടു ചോദ്യം ചെയ്യുമെന്നും രാഹുലിനെ കണ്ടശേഷം പൊലീസ് സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു. 

യാത്ര ഡൽഹിയിലൂടെയും കടന്നുപോയെന്നും രാഹുലിനോടു പരാതിപ്പെട്ടവർ ഡൽഹിയിലുണ്ടെങ്കിൽ അവർക്കു നിയമസഹായം നൽകാനും സുരക്ഷ നൽകാനുമാണു വിവരം ആവശ്യപ്പെട്ടതെന്നു സ്പെഷൽ കമ്മിഷണർ പറഞ്ഞു.  വിവരങ്ങൾ തേടി പൊലീസ് നേരത്തേ കത്തയച്ചിരുന്നു.

പൊലീസ് മടങ്ങിയ ശേഷം രാഹുൽ പ്രാഥമിക മറുപടിയായി 4 പേജ് കത്ത് അയച്ചു. വിശദമായ മറുപടി നൽകാൻ 10 ദിവസം അനുവദിക്കണമെന്നും  ആവശ്യപ്പെട്ടു.

India's Congress party leader Rahul Gandhi speaks at a public meeting amid heavy snowfall as he concludes the 'Bharat Jodo Yatra' march in Srinagar on January 30, 2023. (Photo by TAUSEEF MUSTAFA / AFP)
രാഹുൽ ഗാന്ധി ( (Photo by TAUSEEF MUSTAFA / AFP))

 

ശ്രീനഗറിൽ രാഹുൽ പറഞ്ഞത്

സ്ത്രീകൾ ഇപ്പോഴും ലൈംഗികമായി ആക്രമിക്കപ്പെടുന്നുണ്ടെന്നാണു ഞാൻ കേട്ടത്. പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയോടു ഞാൻ ചോദിച്ചു, പൊലീസിനെ വിളിക്കണോയെന്ന്. പൊലീസിനെ വിളിക്കണ്ട, എന്നെ നാണംകെടുത്തും എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.

 

 

കർണാടകയിലേക്ക് രാഹുൽ

പൊലീസ് സംഘം വീട്ടിൽനിന്നു പോയതിന്റെ പിന്നാലെ സ്വയം കാറോടിച്ചു പുറത്തേക്കു പോയ രാഹുലിനെ മാധ്യമങ്ങൾ വളഞ്ഞെങ്കിലും പുഞ്ചിരി മാത്രമായിരുന്നു മറുപടി. കർണാടകയിലെത്തുന്ന രാഹുൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിന് ഇന്നുതുടക്കംകുറിക്കും.

അദാനി വിഷയത്തിൽ സർക്കാരിന്റെ മറുപടി പ്രതിപക്ഷം തേടുന്നതിനിടെ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള നടപടിയാണ് ഡൽഹി പൊലീസിന്റേതെന്നു കോൺഗ്രസ് ആരോപിച്ചു. എന്നാൽ പൊലീസ് അവരുടെ ജോലി മാത്രമാണു ചെയ്യുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

 

 

 

English Summary: Police raid in Rahul Gandhi's residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com