ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത്, വിരമിച്ച സൈനികർക്ക് ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിപ്രകാരമുള്ള കുടിശിക വിതരണം ചെയ്യാൻ സുപ്രീം കോടതി പുതിയ സമയക്രമം നിശ്ചയിച്ചു. 

കുടുംബ പെൻഷൻകാർക്കും ധീരതയ്ക്കുള്ള പുരസ്കാരം നേടിയവർക്കും ഏപ്രിൽ 30 ന് മുൻപ് ഒറ്റത്തവണയായി കുടിശിക നൽകണം. 70 വയസ്സിനു മുകളിലുള്ളവർക്ക് ഗഡുക്കളായോ മൊത്തമായോ ജൂൺ 30ന് മുൻപും ബാക്കിയുള്ളവർക്ക് ഓഗസ്റ്റ് 31ന് മുൻപ് തുല്യ ഗഡുക്കളായും നൽകണം.

കുടിശിക നൽകാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു പരിഗണിച്ചത്.

ഇതു സംബന്ധിച്ച രേഖകൾ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി മുദ്രവച്ച കവറിൽ നൽകാൻ ശ്രമിച്ചെങ്കിലും കോടതി നിരസിച്ചു. അതു നീതിന്യായ പ്രക്രിയയ്ക്ക് എതിരാണെന്നും ഈ രീതി അവസാനിപ്പിക്കേണ്ടതാണെന്നും പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ്, എതിർകക്ഷിക്കു വിവരങ്ങൾ നിഷേധിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി.

തുടർന്നാണു സാമ്പത്തിക പ്രയാസം അറ്റോർണി ജനറൽ കോടതിയിൽ വിവരിച്ചത്. 25 ലക്ഷത്തോളം പെൻഷൻകാരുണ്ടെന്നും കുടിശിക 28,000 കോടി രൂപയോളം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും തുക  ഒറ്റയടിക്കു നൽകാനാവില്ലെന്ന് ധനമന്ത്രാലയം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

പെൻഷൻ കുടിശിക മാർച്ച് 15നു മുൻപ് കൊടുത്തു തീർക്കണമെന്ന് ജനുവരി 9നാണു സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ജനുവരി 20 ന് കുടിശിക 4 ഗഡുക്കളായി കൊടുക്കുമെന്നു പ്രതിരോധ സെക്രട്ടറി വിജ്ഞാപനമിറക്കി. ഇതിന്റെ പേരിൽ സുപ്രീം കോടതി അദ്ദേഹത്തെ വിമർശിച്ചിരുന്നു.

English Summary : Supreme Court directs time schedule to distribute sainik pension arrears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com