അദാനിയെ വിട്ടാൽ രാഹുൽ മാപ്പ് പറയണമെന്ന ആവശ്യം പിൻവലിക്കാമെന്ന് സൂചന കിട്ടി; ആരോപണവുമായി കോൺഗ്രസ്

HIGHLIGHTS
  • പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത
gautam-adani
SHARE

ന്യൂഡൽഹി ∙ ലണ്ടനിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ കേന്ദ്രമന്ത്രിമാർ ഉന്നയിച്ച ആരോപണങ്ങൾക്കു ലോക്സഭയിൽ മറുപടി പറയാൻ രാഹുൽ ഗാന്ധിയെ അനുവദിക്കുന്നതു വരെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നു കോൺഗ്രസും രാഹുൽ മാപ്പു പറഞ്ഞേ പറ്റൂ എന്ന ആവശ്യത്തിലുറച്ച് ബിജെപിയും. ഇരു കൂട്ടരും നിലപാടു കടുപ്പിച്ചതോടെ, പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം വരും ദിവസങ്ങളിലും കലുഷിതമാകും. 

ഇരുസഭകളുടെയും സ്തംഭനം തുടർന്നാൽ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ ശുപാർശ ചെയ്തേക്കുമെന്നു സൂചനയുണ്ട്. ഏപ്രിൽ 6 വരെയാണു സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നു കോൺഗ്രസ് വ്യക്തമാക്കി. അദാനി വിഷയം പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിക്കാതിരുന്നാൽ രാഹുൽ മാപ്പു പറയണമെന്ന ആവശ്യത്തിൽ നിന്നു പിൻമാറാൻ തയാറാണെന്ന സൂചന ബിജെപി നൽകിയെന്നും ഒത്തുതീർപ്പിനു തയാറല്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 

അദാനി വിഷയവും രാഹുലിന്റെ പരാമർശവും തമ്മിൽ ബന്ധമില്ലെന്നു ജയറാം രമേശ് വ്യക്തമാക്കി. അദാനിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പാർലമെന്റിൽ ചർച്ചയാകാതിരിക്കാൻ വേണ്ടിയാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷമാണു സഭ സ്തംഭിപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരടക്കം ആരോപണമുന്നയിച്ച സാഹചര്യത്തിൽ അവയ്ക്കു മറുപടി പറയാനുള്ള അവകാശം രാഹുലിനുണ്ട്. പാർലമെന്റ് സുഗമമായി നടത്താനുള്ള പ്രാഥമിക ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും അദാനി വിഷയം പരിശോധിക്കുന്ന സുപ്രീം കോടതി സമിതി കേന്ദ്രത്തിനു ക്ലീൻ ചിറ്റ് നൽകാൻ വേണ്ടിയുള്ളതാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

രാഹുൽ ഇന്ന് ഗുജറാത്ത് കോടതിയിൽ

ന്യൂഡൽഹി ∙ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്തിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയിൽ ഇന്നു ഹാജരാകും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം.

English Summary: BJP hints at demanding apology from Rahul Gandhi if stop allegations against Gautam Adani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA