ന്യൂഡൽഹി ∙ എന്തും പറയുന്നവരെന്നു തങ്ങളുടെ പല നേതാക്കൾക്കുമെതിരെയുള്ള ആക്ഷേപം കോടതിയിലൂടെ രാഹുൽ ഗാന്ധിയുടെ തോളിലേക്കു കൈമാറിയെന്ന സന്തോഷം ബിജെപിക്കുണ്ട്. എന്നാൽ, കോടതിവിധിക്കെതിരെ ആം ആദ്മി പാർട്ടിയും സമാജ്‌വാദി പാർട്ടിയും മറ്റും രംഗത്തുവന്നതു ബിജെപിക്കു വല്ലായ്മയുണ്ടാക്കുന്നു. കാരണം, പ്രതിപക്ഷ അനൈക്യത്തിനു രാഹുലിനെ ഉപയോഗിക്കുകയെന്ന ബിജെപി തന്ത്രത്തിനാണു കോട്ടമുണ്ടാകുന്നത്.
ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ മിനുക്കിയെടുത്ത പ്രതിഛായയ്ക്ക് മങ്ങലേൽപിക്കാൻ കോടതിവിധി സഹായിച്ചെന്ന വിലയിരുത്തൽ ബിജെപി നേതാക്കൾ പങ്കുവയ്ക്കുന്നു. രാഹുൽ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന വ്യക്തിയല്ലെന്ന ആക്ഷേപത്തിന് അടിവരയിടുന്നതാണു വിധിയെന്നാണ് അവരുടെ മറ്റൊരു വ്യാഖ്യാനം.
ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഏറ്റവും കൂടുതൽ വിമർശിക്കുന്നത് രാഹുൽ ഗാന്ധിയാണ്. പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഉന്നയിച്ച വ്യക്തിപരമായ വിമർശനങ്ങൾ പലതും കോൺഗ്രസിനു വിനയായിട്ടുമുണ്ട്.
എന്നിട്ടും വിമർശനത്തിൽ അൽപവും അയവു വരുത്താൻ രാഹുൽ തയാറായിട്ടില്ല. അതു നല്ല രീതിയെന്നു വിലയിരുത്തുന്നവർ പ്രതിപക്ഷത്തുണ്ട്. പ്രതിപക്ഷത്തെ അമർച്ചചെയ്യാൻ ശ്രമിക്കുന്നുവെന്ന വാദത്തിന് ഇന്നലത്തെ കോടതിവിധി പോലുള്ള നടപടികൾ ബലമാകുമെന്നാണ് ഇവർ കരുതുന്നത്.
പോര് മോദിയും രാഹുലും തമ്മിലാണ്, മോദിയും മൊത്തം പ്രതിപക്ഷവും തമ്മിലല്ല എന്ന സാഹചര്യം ബിജെപി ബോധപൂർവം സൃഷ്ടിക്കുന്നുവെന്നതു ശ്രദ്ധേയമാണ്. പ്രതിഛായയുടെ കാര്യത്തിൽ രാഹുലിനെക്കാൾ ഏറെ മുകളിലാണ് മോദിയെന്നതിനാൽ രണ്ടു പേരും തമ്മിലുള്ള ഏത് ഏറ്റുമുട്ടലിലും മേൽക്കൈ മോദിക്കുതന്നെയെന്നതാണു ബിജെപി കാണുന്ന നേട്ടം.
പ്രതിപക്ഷത്തിന്റെ മുഖ്യനേതാവ് രാഹുലാണ് എന്ന വരുത്തിത്തീർക്കുമ്പോൾ, ദേശീയ നേതാക്കളെന്നു സ്വയം കരുതുന്നവർ കോൺഗ്രസിനോട് അകലം പാലിക്കുമെന്നും ബിജെപിയുടെ പ്രതീക്ഷിക്കുന്നു.
എന്നാൽ, കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമില്ലാതെ, പ്രതിപക്ഷത്തെ ബദൽ നീക്കങ്ങളിൽ പങ്കാളികളാകുന്നവരാണ് ആം ആദ്മിയും സമാജ്‌വാദി പാർട്ടിയും.
അതുകൊണ്ടുതന്നെ, കേജ്‌രിവാളും അഖിലേഷ് യാദവും രാഹുലിന്റെ പക്ഷംപിടിച്ചു സംസാരിച്ചതിനെ ബിജെപി ഗൗരവത്തിൽ കാണുന്നു. അമിതമായ രാഹുൽവിരുദ്ധതയുടെ തന്ത്രം തിരിച്ചടിയാകുമോയെന്ന ആശങ്കയാണു കാരണം.
സ്റ്റേ കിട്ടിയാൽ ബിജെപിക്ക് തിരിച്ചടി
സൂറത്ത് കോടതിയുടെ വിധി എന്തുകൊണ്ട് പിഴവുള്ളതാണ് എന്നതിനു കോൺഗ്രസ് പല വാദങ്ങളും ഉന്നയിക്കുന്നുണ്ട്. അവ ശരിവച്ച്, ശിക്ഷതന്നെ സ്റ്റേ ചെയ്യാൻ ഏതെങ്കിലും മേൽക്കോടതി തയാറായാൽ അതു ബിജെപിക്കു വലിയ തിരിച്ചടിയാവും.
പ്രധാനമന്ത്രിയൊഴികെ, രാഹുലിന്റെ വിവാദ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട 2 പേരും അഴിമതിക്കേസുകളുടെ പേരിൽ രാജ്യംവിട്ടവരാണ്.
ആ ചരിത്രം വീണ്ടും ചർച്ചയാക്കാൻ രാഹുലിനെതിരെയുള്ള കേസ് സഹായകമായെന്നു ബിജെപി സങ്കടപ്പെടുന്ന സാഹചര്യമാവും വിധി സ്റ്റേ ചെയ്താൽ ഉണ്ടാവുക.
English Summary: BJP on Rahul Gandhi's conviction