ADVERTISEMENT

ന്യൂഡൽഹി ∙ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധികൾക്ക് അയോഗ്യത ലഭിക്കുന്നതിൽനിന്നു ജനപ്രാതിനിധ്യ നിയമത്തിലെ 8 (4) വകുപ്പു മുൻപു സംരക്ഷണം നൽകിയിരുന്നു. വിധി വന്ന് 3 മാസത്തിനകം അപ്പീൽ നൽകുന്നില്ലെങ്കിൽ മാത്രമേ നിയമനിർമാണസഭയിലെ അംഗത്വത്തിൽനിന്ന് അയോഗ്യത ഉണ്ടാവൂ എന്നതായിരുന്നു സംരക്ഷണം.

എന്നാൽ 8 (4) വകുപ്പു ഭരണഘടനാ വിരുദ്ധമാണെന്ന് ലില്ലി തോമസ് കേസിൽ 2013 ജൂലൈ 10നു സുപ്രീം കോടതി വിധിച്ചു. വിധി വന്നാലുടനെതന്നെ ജനപ്രതിനിധിക്ക് അയോഗ്യതയുണ്ടാവും എന്നതാണ് അതിലൂടെ സ്ഥാപിക്കപ്പെട്ടത്. അയോഗ്യത പ്രാബല്യത്തിലാക്കുന്നതു മാറ്റിവയ്ക്കാവുന്ന വിധത്തിലുള്ള നിയമനിർമാണത്തിനു പാർലമെന്റിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഉടൻ പ്രാബല്യത്തിലാവുന്ന അയോഗ്യത ഇല്ലാതാവണമെങ്കിൽ ശിക്ഷ മാത്രമല്ല, കുറ്റക്കാരനെന്ന വിധിയും സ്റ്റേ ചെയ്യേണ്ടതുണ്ടെന്നു രവികാന്ത് എസ്.പാട്ടീൽ കേസിലെ (2007) വിധി ഉദ്ധരിച്ചു കോടതി അന്നു വിശദീകരിച്ചു.

രാഹുൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും വിധി സ്റ്റേ ചെയ്താൽ മാത്രമേ അയോഗ്യത ഇല്ലാതാകുകയുള്ളുവെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സി‌ങ്‌വി ഇന്നലെ വിശദീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്. ശിക്ഷ 30 ദിവസത്തേക്കു സ്റ്റേ ചെയ്ത് രാഹുലിന് അപ്പീലിനു സമയം നൽകുകയാണു കോടതി ചെയ്തിരിക്കുന്നത്. ശിക്ഷ സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചിരുന്നെങ്കിൽ ഉടനെ തുടർനടപടിക്കു രാഹുൽ വിധേയനാകേണ്ടി വരുമായിരുന്നു.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ േകസിൽ, വിചാരണക്കോടതി വിധി വന്നയുടൻ അദ്ദേഹം ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടു. അതുകൊണ്ടാണ് ഉടൻ തന്നെ ഉപതിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുത്തത്. ഇതിനെതിരെയുള്ള ഹർജിയിൽ കേരള ഹൈക്കോടതി, കീഴ്ക്കോടതിയുടെ വിധിതന്നെ സ്റ്റേ ചെയ്തു; ഫൈസലിന്റെ അയോഗ്യത ഒഴിവാക്കപ്പെട്ടു. നടപടികളിൽനിന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ പിന്മാറി.

 

ഒരേ പ്രസംഗം, പല കേസ്

‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുവരുന്നത് എങ്ങനെ’ എന്ന് 2019 ലെ പല തിരഞ്ഞെടുപ്പു വേദികളിലും രാഹുൽ ആവർത്തിച്ചതോടെ പല സംസ്ഥാനങ്ങളിലും പരാതിയെത്തി. 

ബിഹാറിലെ പട്നയിൽ മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി, പുർണിയയിൽ ബിജെപിയിലെ മനോജ് മോദി, യുപിയിലെ ബുലന്ദ്ശഹറിൽ ജഗ്ദീപ്കുമാർ മോദി, ജാർഖണ്ഡിലെ റാഞ്ചിയിൽ അഭിഭാഷകൻ പ്രദീപ് മോദി എന്നിവരും രാഹുലിനെതിരെ കേസ് നൽകി.

രാഹുൽ ഹാജരായത് 3 തവണ

അപകീർത്തി സംബന്ധിച്ച ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ ചേർത്തായിരുന്നു സൂറത്തിൽ രാഹുലിനെതിരായ കേസ്. മൊഴി രേഖപ്പെടുത്താനും മറ്റുമായി 3 തവണ രാഹുൽ സൂറത്ത് കോടതിയിൽ ഹാജരായി. തുടർനടപടികൾ സ്വീകരിക്കുന്നതു സ്റ്റേ ചെയ്തിരുന്ന ഗുജറാത്ത് ഹൈക്കോടതി ഇതു പിൻവലിച്ചതോടെ കേസ് അന്തിമ ഘട്ടത്തിലേക്കു കടന്നു. 

രാഹുൽ നേരിട്ടു ഹാജരാകണമെന്നത് പൂർണേശ് മോദിയുടെ ആവശ്യമായിരുന്നു. രാഹുലിന്റെ കോലാർ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും അദ്ദേഹം ഹാജരാക്കി. 

എന്നാൽ, പൂർണേശിനു നേരിട്ടു ബന്ധമില്ലാത്ത കാര്യമാണെന്നും കേസിൽ നരേന്ദ്ര മോദിയായിരുന്നു പരാതി നൽകേണ്ടിയിരുന്നതെന്നും പ്രസംഗം അദ്ദേഹത്തെ ഉന്നംവച്ചുള്ളതായിരുന്നുവെന്നും രാഹുലിന്റെ അഭിഭാഷകർ കോടതിയോടു പറഞ്ഞു.

English Summary: Rahul Gandhi's disqualification: Legal side

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com