ന്യൂഡൽഹി ∙ പ്രതിപക്ഷ ബഹളത്തിനിടെ ലോക്സഭ ഈ വർഷത്തെ ബജറ്റ് ചർച്ചകളില്ലാതെ പാസാക്കി.
2 തവണ നിർത്തിവച്ച ശേഷം വൈകിട്ട് ആറിനു ചേർന്നപ്പോഴും പ്രതിപക്ഷ ബഹളം തുടർന്നപ്പോൾ സ്പീക്കർ ഓം ബിർല ബജറ്റ് ‘ഗില്ലറ്റിൻ’ ചെയ്യുകയായിരുന്നു. എല്ലാ ധനാഭ്യർഥനകളും ധനവിനിയോഗ ബില്ലും ശബ്ദവോട്ടോടെ പാസ്സാക്കി. ധനബില്ലും ഇന്നലെ അവതരിപ്പിക്കാൻ പ്രത്യേക സപ്ലിമെന്ററി അജൻഡ പാസ്സാക്കിയിരുന്നെങ്കിലും എൻ.കെ.പ്രേമചന്ദ്രനടക്കമുള്ള പ്രതിപക്ഷാംഗങ്ങൾ ശക്തമായി എതിർത്തതോടെ മാറ്റിവച്ചു.
ഇന്ന് ധനബിൽ അവതരിപ്പിച്ചു പാസാക്കിയ ശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിയുമെന്ന് അഭ്യൂഹമുണ്ട്. ഏപ്രിൽ 6 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം നിശ്ചയിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും സഭയിലെത്തിയിരുന്നു. മോദിയെ മുൻപിലിരുത്തി പ്രതിപക്ഷാംഗങ്ങൾ ‘മോദി–അദാനി ഭായി ഭായി’, മോദി സർക്കാർ ഷെയിം ഷെയിം എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചു.
ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, മണിക്കം ടഗോർ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പ്രതിപക്ഷാംഗങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. നിസ്സംഗനായി എല്ലാം കേട്ടിരുന്ന മോദി സഭ പിരിഞ്ഞപ്പോൾ സ്പീക്കറുടെ ചേംബറിലേക്കു ചർച്ചകൾക്കായി പോയി. പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷം ജെപിസി അന്വേഷണവും രാഹുൽഗാന്ധിക്ക് സഭയിൽ സംസാരിക്കാൻ അവസരവും ആവശ്യപ്പെട്ട് മുദ്രാവാക്യം വിളി തുടങ്ങി. ബിജെപി അംഗങ്ങൾ രാഹുൽഗാന്ധി മാപ്പു പറയണമെന്ന ആവശ്യവുമുന്നയിച്ചു.
English Summary: Parliament session likely to end