ADVERTISEMENT

ന്യൂഡൽഹി∙ ‘ഞാൻ മാപ്പു പറയില്ല. കാരണം, എന്റെ പേര് രാഹുൽ ഗാന്ധി എന്നാണ്; രാഹുൽ സവർക്കർ എന്നല്ല’. ഏതാനും വർഷം മുൻപു രാഹുൽ പറഞ്ഞതാണ് ഈ വാക്കുകൾ. സൂറത്ത് കോടതി വിധിക്കു പിന്നാലെ, രാഹുലിനു പിന്തുണയർപ്പിച്ചു സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഈ വരികൾ പങ്കുവച്ചു. സമൂഹമാധ്യമങ്ങളിലൂടെ ‘പോരാടിയ’ ചില കോ‍ൺഗ്രസ് നേതാക്കളെങ്കിലും യുദ്ധഭൂമിയിലെത്തുമ്പോൾ തിരിഞ്ഞോടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ പ്രതിപക്ഷ നിരയിൽ ഏറ്റവും കരുത്തുള്ള നേതാവ് എന്ന പ്രതിഛായയിലേക്കു രാഹുലിനെ ഉയർത്താൻ സൂറത്ത് വിധിയെ ആയുധമാക്കാനാണു കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. മോദിക്കെതിരായ നിലപാടിൽ വെള്ളംചേർക്കാതെ ഉറച്ചുനിന്ന പ്രതിപക്ഷത്തെ ഏക നേതാവ് രാഹുൽ മാത്രമാണെന്നു കോൺഗ്രസ് വാദിക്കുന്നു.

അതേസമയം, രാഹുലിനെ മോശക്കാരനായി ചിത്രീകരിക്കാൻ ബിജെപി അക്ഷീണം പ്രയത്നിക്കുമ്പോൾ അതിനെ ചെറുക്കുന്നതിൽ ആത്മാർഥതയില്ലാത്ത സമീപനമാണു ചില കോൺഗ്രസ് നേതാക്കളിൽനിന്നുണ്ടാകുന്നതെന്നാണ് ആരോപണം. മോദിയെ വീഴ്ത്താൻ രാഹുൽ മതിയാകില്ലെന്ന് അണിയറ സംസാരങ്ങളിലൂടെ ഇവർ പ്രചരിപ്പിക്കുന്നു.

ഇക്കാര്യം ഗാന്ധി കുടുംബത്തിനും വ്യക്തമായി അറിയാം. രാഷ്ട്രപതി ഭവനിലേക്കുള്ള പ്രകടനത്തിനു മുന്നോടിയായി ഇന്നലെ രാവിലെ പാർലമെന്റിൽ യോഗം ചേർന്ന കോൺഗ്രസ് എംപിമാരോടു സോണിയ ഗാന്ധി ചോദിച്ചു – പ്രകടനം പൊലീസ് തടഞ്ഞാൽ അറസ്റ്റ് വരിക്കാതെ നിങ്ങൾ തിരിഞ്ഞോടുമോ? മറുപടി ചിരിയിലൊതുക്കിയ ഏതാനും എംപിമാരോടു കർശന സ്വരത്തിൽ സോണിയ പറഞ്ഞു– ‘ഇന്ന് രാഹുൽ, നാളെ ആ സ്ഥാനത്ത് നിങ്ങളിൽ ആരുമാവാം’.

എന്നിട്ടും കോൺഗ്രസ് എംപിമാരിൽ ചിലർ ‘മുങ്ങി’. ഇടത് എംപിമാർ പോലും അറസ്റ്റ് വരിച്ചപ്പോഴായിരുന്നു ഇത്. വെള്ളിയാഴ്ചയായതിനാൽ നാട്ടിലേക്കു പോകാൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു എന്നാണ് ന്യായം പറഞ്ഞത്. പ്രകടനത്തിൽ പങ്കെടുത്തിട്ടും അറസ്റ്റ് വരിക്കാത്ത പാർട്ടി എംപിമാരോട് വിശദീകരണം ചോദിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, ആന്റോ ആന്റണി, വി.കെ.ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, ജെബി മേത്തർ എന്നിവരാണു കോൺഗ്രസ് നിരയിൽ നിന്ന് അറസ്റ്റ് വരിച്ചത്. എ.എം. ആരിഫ്, എ.എ.റഹീം, വി.ശിവദാസ് (സിപിഎം), പി.സന്തോഷ്കുമാർ (സിപിഐ) എന്നിവരും അറസ്റ്റ് വരിച്ചു.

രാജ്യവ്യാപക പ്രക്ഷോഭം ഇന്നുമുതൽ

ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഭാരത് ജോഡോ പദയാത്രയും പിന്നാലെ ഹാഥ് സേ ഹാഥ് ജോഡോ യജ്ഞവുമായി നീങ്ങിയ കോൺഗ്രസിനു മുന്നിലേക്ക് അപ്രതീക്ഷിത സമരവാതിൽ തുറക്കുകയാണു സൂറത്ത് കോടതി വിധി. നിലവിൽ നടക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ യജ്ഞത്തിൽനിന്നു തൽക്കാലം ശ്രദ്ധമാറ്റി, സൂറത്ത് വിധിക്കെതിരെ ഇന്നുമുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിനു തുടക്കമിടാൻ പാർട്ടി തീരുമാനിച്ചു. അടുത്തയാഴ്ച ഡൽഹിയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കും. രാഹുലിന് ഐക്യദാർഢ്യമർപ്പിച്ചു ഭരണഘടനാ സംരക്ഷണ റാലികളും രാജ്യത്തുടനീളം നടത്തും.

വിധിയെ രാഷ്ട്രീയമായി നേരിടുന്നതിനുള്ള സമരങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക സമിതിക്കു രൂപം നൽകും. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി എന്നിവർ സംസ്ഥാന പിസിസി പ്രസിഡന്റുമാർ, നിയമസഭാ കക്ഷി നേതാക്കൾ എന്നിവരുമായി ഓൺലൈൻ വഴി നടത്തിയ കൂടിക്കാഴ്ചയിലാണു സമരരംഗത്തിറങ്ങാനുള്ള തീരുമാനം. രാഹുലിനെതിരായ കേസിനെ നിയമപരമായി നേരിടുന്നതിനൊപ്പം രാഷ്ട്രീയമായും പാർട്ടി കരുത്തുകാട്ടണമെന്നു യോഗത്തിൽ അഭിപ്രായമുയർന്നു.

പാർട്ടിക്കു കരുത്തുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നാണു ഹൈക്കമാൻഡിന്റെ നിർദേശം. പാർട്ടിയുടെ ശക്തിപ്രകടനമായി അവയെ മാറ്റണം. സംസ്ഥാനതലങ്ങളിൽ ഹർത്താലുകൾ സംഘടിപ്പിക്കാമെന്ന ആശയവും ചർച്ചയായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ എംപിമാരും രാജിവയ്ക്കണമെന്ന വാദം യോഗത്തിലുയർന്നു. ചില എംപിമാർ അതിനു സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നു. രണ്ടു മാസം നീളുന്ന പ്രക്ഷോഭ പരിപാടികൾ നടത്തണമെന്നും അലംഭാവം കാട്ടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി. 

∙ ‘എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമർച്ച ചെയ്യുന്നതു ഫാഷിസ്റ്റ് രീതിയാണ്. ഇതു ജനാധിപത്യ സമൂഹത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല.’ – മുഖ്യമന്ത്രി പിണറായി വിജയൻ

∙ ‘ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിലെടുക്കുമ്പോൾ, പ്രസംഗത്തിന്റെ പേരിൽ പ്രതിപക്ഷനേതാക്കൾ അയോഗ്യരാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അധഃപതനമാണു കണ്ടത്.’ – മമത ബാനർജി (ബംഗാൾ മുഖ്യമന്ത്രി)

∙ ‘ഇതു കോൺഗ്രസിന്റെ മാത്രം പോരാട്ടമല്ല, ഏകാധിപതിയിൽനിന്നു രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ്.’ – അരവിന്ദ് കേജ്‍രിവാൾ (ഡൽഹി മുഖ്യമന്ത്രി)

∙ ‘രാഹുലിനെതിരായ നടപടി ജനാധിപത്യത്തിന്റെ മരണമണിയാണ്. ജനാധിപത്യം എന്ന വാക്കു പറയാൻപോലും ബിജെപിക്ക് അർഹതയില്ല.’ – എം.കെ.സ്റ്റാലിൻ (തമിഴ്നാട് മുഖ്യമന്ത്രി)

∙ ‘പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കാൻ അപകീർത്തി കേസുകൾ ബിജെപി ഉപയോഗിക്കുന്നത് അപലപനീയമാണ്. ഇത്തരം ഏകാധിപത്യ ആക്രമണങ്ങളെ ചെറുത്തു തോൽപിക്കണം.’ – സീതാറാം യച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി)

∙ ‘രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണം.’ – ശരദ് പവാർ (എൻസിപി അധ്യക്ഷൻ)

∙ ‘മോദിയുടെ അഹങ്കാരത്തിന്റെയും ഏകാധിപത്യത്തിന്റെയും പാരമ്യമാണിത്. രാജ്യത്തിന്റെ ജനാധിപത്യമൂല്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണിത്.’ – കെ.ചന്ദ്രശേഖരറാവു (തെലങ്കാന മുഖ്യമന്ത്രി)

English Summary: Congress leaders attitude to party protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com