ന്യൂഡൽഹി ∙ ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിനു മുന്നിൽ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാൻ അനുകൂലികൾ നീക്കിയ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന്റെ നടപടി. ഈ മാസം 19നു നടന്ന സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു.
ഖലിസ്ഥാൻ അനുകൂലിയും പിടികിട്ടാപ്പുള്ളിയുമായ അമൃത്‌പാൽ സിങ്ങിനായി നടത്തുന്ന തിരച്ചിലിൽ പ്രതിഷേധിച്ചായിരുന്നു അതിക്രമം നടത്തിയത്. സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഡൽഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷനു മുന്നിലെ ബാരിക്കേഡും സുരക്ഷാ സംവിധാനങ്ങളും ഡൽഹി പൊലീസ് നീക്കിയിരുന്നു.
English Summary : Indian flag removed in London