ADVERTISEMENT

ചെന്നൈ ∙ ബ്രിട്ടിഷ് കമ്പനി വൺ വെബിനു വേണ്ടിയുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) ലോഞ്ച് വെഹിക്കിൾ മാർക്ക് 3 – എം3 (എൽവിഎം 3 –എം3) വിക്ഷേപണം ഇന്നു രാവിലെ 9നു ശ്രീഹരിക്കോട്ടയിൽ നടക്കും. ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റിനായി വൺ വെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളുമായി സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് എൽവിഎം 3 കുതിച്ചുയരുക. വൺ വെബ് ഇന്ത്യ -2 ദൗത്യത്തിനുള്ള കൗണ്ട് ഡൗൺ ഇന്നലെ രാവിലെ 8.30 ന് തുടങ്ങി.

ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) വൺ വെബ് ഗ്രൂപ്പ് കമ്പനിയും സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണമാണ് ഇന്നത്തേത്. 2022 ഒക്ടോബർ 23 നു 36 ഉപഗ്രഹങ്ങൾ എൻ‌എസ്ഐഎൽ ഭ്രമണപഥത്തിൽ എത്തിച്ചിരുന്നു. ഇന്നത്തെ വിക്ഷേപണത്തോടെ ആകെ 72 ഉപഗ്രഹങ്ങൾ ഇസ്രോ വഴി വൺ വെബ് കമ്പനി ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി എന്നറിയപ്പെട്ടിരുന്ന വിക്ഷേപണ വാഹനത്തിന്റെ പരിഷ്കരിച്ച രൂപമായ എൽവിഎം 3 ഉപയോഗിച്ച് 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണു 455 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുക. 

വൺ വെബ് കമ്പനിയുടെ ഇതുവരെയുള്ള 18–ാമത്തെയും ഈ വർഷത്തെ മൂന്നാമത്തെയും വിക്ഷേപണമാണ് ഇന്നു നടക്കുന്നത്. ഇതോടെ അവരുടെ 616 ഉപഗ്രഹങ്ങൾ താഴ്ന്ന ഭൗമ ഭ്രമണപഥത്തിലെത്തും. വൺ വെബിന്റെ ഒന്നാം തലമുറ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിനുള്ള മുഴുവൻ ഉപഗ്രഹങ്ങളുടെയും വിക്ഷേപണം ഇതോടെ പൂർത്തിയാകുമെന്നു കമ്പനി അറിയിച്ചു. 

ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുന്ന വമ്പൻ പദ്ധതിയാണു വൺ വെബ് ലക്ഷ്യമിടുന്നത്. ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണു വൺ വെബുമായുള്ളത്. വിക്ഷേപണത്തറയിൽ നിന്നു പറന്നുയർന്നു 20 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണു ലക്ഷ്യമിടുന്നത്. ഇന്ത്യൻ വ്യവസായി സുനിൽ മിത്തലിന്റെ ഭാരതി എന്റർപ്രൈസസാണു വൺ വെബിന്റെ പ്രധാന നിക്ഷേപകരും ഓഹരി ഉടമയും. 

English Summary: ISRO mission of LVM3 rocket carrying OneWeb satellites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com