ബഹളത്തിനിടയിലും ധനബിൽ പാസാക്കി ലോക്സഭ; 64 ഔദ്യോഗിക ഭേദഗതികൾ

HIGHLIGHTS
  • സഭ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു
Parliament House complex (Photo: PTI Photo/Manvender Vashist)
പാർലമെന്റ് മന്ദിരം (Photo: PTI Photo/Manvender Vashist)
SHARE

ന്യൂഡൽഹി∙ രാഹുൽ ഗാന്ധി, അദാനി വിഷയങ്ങളെച്ചൊല്ലിയുള്ള ബഹളത്തിനിടെ ലോക്സഭ ഈ വർഷത്തെ ധനബിൽ പാസാക്കി. നികുതി നിർദേശങ്ങളടങ്ങിയ ബിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ ബിൽ ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ ഒറ്റയടിക്കു പാസാക്കുകയായിരുന്നു (ഗില്ലറ്റിൻ). 

64 ഔദ്യോഗിക സർക്കാർ ഭേദഗതികൾ ധനബില്ലിലുണ്ടായിരുന്നു. കശുവണ്ടി മേഖലയുടെ സംരക്ഷണത്തിനും ടൈറ്റാനിയം കമ്പനിയുടെ സംരക്ഷണത്തിനും വേണ്ടി ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. 

ജിഎസ്ടി അപ്‌ലറ്റ് ട്രൈബ്യൂണൽ രൂപീകരിക്കുമെന്നും ദേശീയ പെൻഷൻ പദ്ധതി പരിഷ്കരിക്കാൻ ഫിനാൻസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ക്രെഡിറ്റ് കാർഡ് മുഖേന വിദേശയാത്രയ്ക്കു പണമടച്ചു നികുതി ഒഴിവാക്കുന്നതു തടയാൻ റിസർവ് ബാങ്ക് പഠനം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. 

സ്പീക്കർ ഓം ബിർല സഭയിലെത്തിയ ഉടൻ രാഹുലിനു സംസാരിക്കാൻ അവസരം വേണമെന്ന് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഒരു മിനിറ്റിനകം സഭ 12 വരെ നിർത്തിവയ്ക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. 12നു ചേർ‍ന്നപ്പോൾ ഫിനാൻസ് ബിൽ പാസാക്കാനെടുത്തു. പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. ടി.എൻ പ്രതാപൻ ഡയസിൽ കയറി മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. എം.കെ. രാഘവൻ, കെ.മുരളീധരൻ, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, എ.എം.ആരിഫ്, തോമസ് ചാഴികാടൻ, രമ്യ ഹരിദാസ്, വി.കെ.ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി എന്നിവർ നടുത്തളത്തിലുണ്ടായിരുന്നു. 

രാഹുൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഇത്രയും ദിവസം ബഹളമുണ്ടാക്കിയിരുന്ന ബിജെപി ബെഞ്ചുകൾ ഇന്നലെ നിശ്ശബ്ദമായിരുന്നു. ധനബിൽ പാസാക്കിയതോടെ സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി ചെയർ പ്രഖ്യാപിച്ചു. രാജ്യസഭയും 2 തവണ ബഹളത്തെത്തുടർന്നു നിർത്തിവച്ച ശേഷം പിരിഞ്ഞു. 

English Summary: Loksabha passes finance bill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA